
പാസഞ്ചർ ട്രെയിനിനുള്ളിൽ സ്വകാര്യ കൂളർ ഉപയോഗിച്ച് യാത്ര ചെയ്ത വ്യക്തിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ട്രെയിൻ കമ്പാർട്ടുമെന്‍റിലെ ഇലക്ട്രിക് സോക്കറ്റുകളിൽ ഒരു കൂളർ ഘടിപ്പിച്ചിരിക്കുന്നതിന് മുന്നിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കമ്പാർട്ട്മെന്‍റിനുള്ളിൽ അദ്ദേഹത്തിന് തൊട്ടരികിലായി ട്രെയിനിലെ മൂന്ന് ഫാനുകള്‍ പ്രവർത്തിക്കുന്നതും കാണാം. ട്രെയിനിന്‍റെ പവർ സോക്കറ്റുകളിൽ ലഭ്യമല്ലാത്ത ഉയർന്ന വോൾട്ടേജ്, പവർ കൂളറിന് ആവശ്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടതോടെ സംഭവം നെറ്റിസൻമാരെ അമ്പരപ്പിക്കുകയും നിരവധി പേർ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
സംഭവത്തിന് സാക്ഷികളായ സഹയാത്രികളിൽ ആരോ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വീഡിയോ ദൃശ്യങ്ങളിൽ തന്‍റെ ബെർത്തിൽ ഒരു സൈഡിലായി കൂളർ ക്രമീകരിച്ച് ശേഷിച്ച സ്ഥലത്ത് സമാധാനമായി കിടന്നുറങ്ങുന്ന യാത്രക്കാരന്‍റെ ദൃശ്യങ്ങൾ കാണാം. മൊബൈലുകൾ, ലാപ്‌ടോപ്പുകൾ, പവർ ബാങ്കുകൾ തുടങ്ങിയ കുറഞ്ഞ പവർ ഉപകരണങ്ങൾ മാത്രമേ ട്രെയിനിന്‍റെ സ്വിച്ച് പാനലിൽ നിന്ന് ചാർജ് ചെയ്യാൻ അനുവാദമുള്ളൂ, ഉയർന്ന പവർ ഉപകരണങ്ങൾ സ്വിച്ചിൽ ഘടിപ്പിച്ചാൽ പിഴയും ജയിൽ ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കപ്പെടും. കൂളർ ഒരു ഉയർന്ന പവർ ഉപകരണമാണ്, അതിനാൽ, അത് ട്രെയിനിൽ പ്രവർത്തിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടാവുന്നതാണെന്ന് ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചു.
@Taza_Tamacha എന്ന എക്സ് അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയോടൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ, 'ഈ ലോകത്ത് എങ്ങനെയുള്ള ആളുകളുണ്ട്, ടിടിഇ ഇത് കണ്ടിരുന്നെങ്കിൽ, അദ്ദേഹം നല്ലൊരു പിഴ ചുമത്തുമായിരുന്നു! എന്ന് എഴുതിയിരിക്കുന്നു. വീഡിയോ ഇതുവരെയായി 2.5 ലക്ഷത്തിലധികം ആളുകൾ കാണുകയും 2,000-ത്തിലധികം ലൈക്കുകളും ലഭിച്ചു. എന്നാൽ, ഈ വീഡിയോ ബോധപൂർവ്വം ചിത്രീകരിച്ചതാകാമെന്നാണ് നെറ്റിസൻസിൽ ചിലർ അഭിപ്രായപ്പെട്ടത്. 230 വോൾട്ടിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ റെയിൽവേയിൽ ലഭ്യമായ വൈദ്യുതി വിതരണം ഉപയോഗിച്ച് പ്രവർത്തിക്കില്ലെന്നും, ഇത് ഒരു റീലിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട വീഡിയോ ആകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അവർ ചൂണ്ടിക്കാട്ടി.