ആധാർ കാർഡ് ഒരു പാവം കമ്പ്യൂട്ടർ എഞ്ചിനീയറെ വഴിയാധാരമാക്കിയത് ഇങ്ങനെ

By Web TeamFirst Published Jan 1, 2020, 12:47 PM IST
Highlights

കഴിഞ്ഞ ഒക്ടോബറിൽ, ഐഫോൺ 17000 രൂപയ്ക്ക് കൊടുക്കാം എന്നും പറഞ്ഞ് അമേയ ആരെയോ പറ്റിച്ചു എന്നാരോപിച്ചാണ് ഒരാൾ വന്നത്. പണം തിരികെ കിട്ടിയാലേ പോകൂ എന്നും പറഞ്ഞ് അയാൾ ആ വീട്ടിൽ കുറേനേരം കുത്തിയിരുന്നു. 

കഴിഞ്ഞ അഞ്ചുകൊല്ലമായി സർക്കാർ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്, "നിങ്ങൾ ആധാർ കാർഡ് എടുക്കണം, എന്നിട്ട് നിങ്ങളുടെ ആധാറിനെ പാൻ കാർഡുമായി ബന്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം. റേഷൻ കാർഡുമായും ബന്ധിപ്പിക്കണം. പിന്നെ ജീവിതം ഏറെ അയത്നലളിതമായിരിക്കും..." വന്നുവന്ന് ഇന്ന് കുഞ്ഞിനെ സ്‌കൂളിൽ ചേർക്കാൻപോലും ആധാർ ചോദിക്കുന്ന അവസ്ഥയാണ്. എന്നിട്ടും, തങ്ങളുടെ സ്വകാര്യതയ്ക്ക് വന്നേക്കാവുന്ന അപകടം ഭയന്ന് ചുരുക്കം ചിലരെങ്കിലും ഇവിടെ ആധാർ എടുത്തില്ല. ചിലർ കോടതിയിൽ പോയി. അവരുടെ ആശങ്കകൾക്ക് വ്യക്തമായ അടിസ്ഥാനമുണ്ട്. കാരണം, കാർഡുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ അനുദിനം ഏറി വരികയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകുന്നത് പലപ്പോഴും പാവപ്പെട്ടവരായിരിക്കും എന്നതുകൊണ്ട് ഇതുസംബന്ധിച്ച് കൃത്യമായ അന്വേഷണങ്ങളോ കർശനമായ നടപടികളോ ഒന്നും ഉണ്ടാകാറില്ല. അങ്ങനെ ഒരു സംഭവം ഇപ്പോൾ മാധ്യമശ്രദ്ധയാകർഷിക്കുകയാണ്. സംഭവം നടന്നത് മുംബൈയിലാണ്. 

ഗിർഗാവിൽ താമസിക്കുന്ന ഒരു കമ്പ്യൂട്ടർ എഞ്ചിനീയറാണ് മുപ്പത്തിനാലുകാരനായ അമേയ ധാപ്രേ.  2012 -ലാണ് സർക്കാർ പരസ്യങ്ങൾ കണ്ട് അയാൾ ആധാർ കാർഡിന് അപേക്ഷിക്കുന്നത്. ആദ്യവർഷം ആധാർ ലബ്ധി അയാളുടെ ജീവിതത്തിൽ കാര്യമായ ചലനങ്ങളൊന്നും തന്നെ സൃഷ്ടിച്ചില്ല. എന്നാൽ, 2015 -ൽ ഒരു ദിവസം മുണ്ട്വാ പൊലീസ് അമേയയെ തിരഞ്ഞ് വീട്ടിലെത്തി. ഫോണിലൂടെ ഒരു സ്ത്രീയെ ശല്യം ചെയ്തുകൊണ്ടിരിക്കുന്നു അമേയ എന്നതായിരുന്നു പൊലീസിന്റെ ആരോപണം. പൊലീസ് ചോദ്യം ചെയ്യാൻ വേണ്ടി അമേയയെ പുണെയിലേക്ക് വിളിപ്പിച്ചു. അപ്പോഴാണ് ഒരുകാര്യം വ്യക്തമായത്. പരാതിക്കാരിയായ യുവതിയെ വിളിച്ച നമ്പർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് മറ്റാരോ ആണ്. അയാൾ ആ സിം കാർഡ് എടുക്കാൻ വേണ്ടി കൊടുത്തിരിക്കുന്ന ആധാർ കോപ്പി അമേയയുടേതാണ്. അതാണ് പൊലീസിനെ അമേയയിലേക്ക് എത്തിച്ചത്. 

അന്ന് അമേയ അതേപ്പറ്റി പരാതിപ്പെടാനൊന്നും നിന്നില്ല. കാര്യങ്ങൾ പൊലീസിനും വ്യക്തമായ സ്ഥിതിക്ക് ഇനി പ്രശ്നമുണ്ടാകാനുള്ള സാധ്യതയില്ലല്ലോ എന്ന് അയാൾ കരുതി. എന്നാൽ, അമേയ അറിയാതെ അയാൾക്കുള്ള അടുത്ത പണി അണിയറയിൽ ഒരുങ്ങുണ്ടായിരുന്നു. 2017 -ൽ അമേയ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി നഗരത്തിലെ ഒരു പ്രമുഖ ബാങ്കിനെ സമീപിച്ചു. അവിടെയും അമേയ കൊടുത്തത് ആധാർ കാർഡിന്റെ കോപ്പി ആയിരുന്നു. ഈ ആധാർ കാർഡ് മറ്റൊരു അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടതായതുകൊണ്ട് സ്വീകരിക്കാൻ സാധിക്കില്ല എന്ന് ബാങ്ക് മാനേജർ പറഞ്ഞപ്പോൾ അമേയ ഞെട്ടി. കാരണം അങ്ങനെ ഒരു അക്കൗണ്ട് അയാൾക്കില്ലായിരുന്നു. ഇപ്രാവശ്യം, തന്റെ ആധാർ കാർഡിന്റെ ദുരുപയോഗത്തെപ്പറ്റി അമേയ ബാങ്കിന് പരാതി നൽകി. വെറുമൊരു കൗതുകത്തിന്റെ പുറത്ത് അയാൾ ഗൂഗിളിൽ കയറി തന്റെ ആധാർ കാർഡിന്റെ വിവരങ്ങൾ വെച്ച് അന്വേഷിച്ചു. ഗൂഗിളിൽ കണ്ട കാര്യങ്ങള്‍ അയാളുടെ കണ്ണുതള്ളിച്ചു. അയാളുടെ ആധാർ കാർഡിന്റെ കോപ്പികൾ പല തട്ടിപ്പ് വെബ്‌സൈറ്റുകളിലും പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 

ആകെ പരിഭ്രാന്തനായ അമേയ പിന്നീട് പരാതിപ്പെടാൻ ചെന്നത് യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)യുടെ അടുത്താണ്. തന്റെ ആധാർ നമ്പർ മാറ്റിക്കിട്ടണം എന്നതായിരുന്നു അയാളുടെ ആവശ്യം. എന്നാൽ നിലവിലെ സംവിധാനത്തിൽ അതിനുള്ള വകുപ്പില്ല വേണമെങ്കിൽ ഉള്ള ആധാർ റദ്ദാക്കാം എന്നായി അവർ. എന്നാൽ, തന്റെ എല്ലാവിധ സ്ഥാവര ജംഗമ ഇടപാടുകളിലും ഈ ആധാർ നമ്പർ വെച്ചിട്ടുള്ളതുകൊണ്ട് അത് ക്യാൻസൽ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും അയാൾക്ക് സാധിക്കില്ലായിരുന്നു.

ആധാർ നിയമത്തിന്റെ നാലാം അധ്യായത്തിലെ 29-ാം നിബന്ധന ആധാർ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും, പരസ്യമാക്കുന്നതും വിലക്കുന്നുണ്ട്. എട്ടാം അധ്യായത്തിൽ ഇതെപ്പറ്റി വ്യക്തമായ നിബന്ധനകൾ ഉണ്ട്. ഇങ്ങനെ ഒരു നിയമം മാധ്യമശ്രദ്ധയിൽ വരുന്നത് 2018 -ൽ ട്രായി ചെയർമാൻ RS ശർമ്മ തന്റെ ആധാർ നമ്പർ പരസ്യമായി ട്വീറ്റ് ചെയ്തുകൊണ്ട് ഹാക്കർമാർ വെല്ലുവിളിച്ച സംഭവത്തിന് ശേഷമാണ്. അന്ന് നിമിഷങ്ങൾക്കുള്ളിൽ ശർമ്മയുടെ എല്ലാ സ്വകാര്യവിവരങ്ങളും ചോർത്തിക്കൊണ്ട് ഹാക്കർമാരും  റീട്വീറ്റ് ചെയ്തിരുന്നു. ആ വിവരങ്ങൾ വെച്ച് പല ഷോപ്പിംഗ് സൈറ്റുകളിലും അന്ന് ഹാക്കർമാർ പർച്ചേസിംഗ് പ്രൊഫൈലുകൾ വരെ ഉണ്ടാക്കിക്കളഞ്ഞു. ഇത്രയൊക്കെ നടന്നിട്ടും ആധാറിന്റെ സുരക്ഷിതത്വമില്ലായ്കയെപ്പറ്റി അതിനിരയായ UIDAI മുൻ ചെയർമാൻ കൂടി ആയിരുന്ന RS ശർമ്മ പോലും തുറന്നു സമ്മതിച്ചിട്ടില്ല ഇതുവരെ. 

ഇപ്പോൾ അമേയയുടെ ദിവസങ്ങൾ പലതും പൊലീസ് സ്റ്റേഷനുകളിൽ കേറിയിറങ്ങാനാണ് ചെലവായിക്കൊണ്ടിരിക്കുന്നത്. മുംബൈ സൈബർക്രൈം സെല്ലിൽ അയാൾ പരാതിപ്പെട്ടിട്ടുണ്ട്. ദിവസവും നാലോ അഞ്ചോ വെരിഫിക്കേഷൻ/ഓതെന്റിഫിക്കേഷൻ മെയിലുകൾ അയാൾക്ക് വരും. തന്റെ പേരിൽ, തന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട്, ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഓരോ നിമിഷവും തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്ന തിരിച്ചറിവ് അയാളുടെ ഉറക്കം നഷ്ടമാക്കിയിരിക്കുകയാണ്. നിരന്തരം അയാൾക്ക് ഫോൺ വിളികളുടെയും, എസ്എംഎസുകളുടെയും ബഹളമാണ്. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, തമിഴ്‌നാട് എന്നിങ്ങനെ അറിയാത്ത നാടുകളിൽ അറിയാത്ത ഭാഷകളിൽ നിന്നുള്ള കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകൾ അയാളെ പകലും പാതിരാക്കും വിളിച്ച് ശല്യം ചെയ്തുകൊണ്ടിരിക്കുന്നു. അപരിചിതരായ പലരും വീട്ടിൽ വെരിഫിക്കേഷൻ എന്നും പറഞ്ഞ കയറി വരുന്നു. ചിലർ വരുന്നത് അവരുടെ പണം റീഫണ്ട് ചെയ്യണം എന്നും പറഞ്ഞുകൊണ്ടാണ്. കഴിഞ്ഞ ഒക്ടോബറിൽ, ഐഫോൺ 17000 രൂപയ്ക്ക് കൊടുക്കാം എന്നും പറഞ്ഞ് അമേയ ആരെയോ പറ്റിച്ചു എന്നാരോപിച്ചാണ് ഒരാൾ വന്നത്. പണം തിരികെ കിട്ടിയാലേ പോകൂ എന്നും പറഞ്ഞ് അയാൾ ആ വീട്ടിൽ കുറേ നേരം കുത്തിയിരുന്നു. ഇങ്ങനെ വരുന്ന പലരുടെയും സ്വരത്തിൽ തന്നെ വ്യക്തമായ ഭീഷണിയുണ്ട്. ഇതൊക്കെ കാണുമ്പോൾ ഭാര്യയും കൈക്കുഞ്ഞും ഭയക്കുകയാണ്. പൊലീസിൽ അന്വേഷിക്കുമ്പോൾ എന്നും, 'ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ' എന്ന  ഒരേ മറുപടിയാണ് കിട്ടുന്നത്. 

എന്താണ് ആധാർ ?

Unique Identification Authority of India (UIDAI) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. ഇത് യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിച്ചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയൽ വിവരങ്ങൾക്കു പുറമേ വിരലടയാളം, കണ്ണിന്റെ ഐറിസ് വിവരം എന്നീ ബയോമെട്രിക് വിവരങ്ങളും ഈ പദ്ധതിയിൽ ശേഖരിക്കുന്നു. നാഷനൽ ഇൻഫോർമാറ്റിക്സ് സെൻറർ, ഐഐടി കാൺപൂർ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇന്ത്യൻ ടെലിഫോണിക്ക് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ഇൻറലിജൻസ് ബ്യൂറോ എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ സാങ്കേതിക സമിതിയാണ് ഇത്തരമൊരു തിരിച്ചറിയൽ കാർഡ് ശുപാർശ ചെയ്തത്. 2010 സെപ്റ്റംബർ 29 -ന് പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.


 
ഇന്ത്യയിൽ എവിടെയും സാധുവായ ഒരൊറ്റ ഐഡി പ്രൂഫ് എന്ന നിലയിൽ അമേരിക്കയിലെ സോഷ്യൽ സെക്യൂരിറ്റി നമ്പർ മാതൃകയിലാണ് കേന്ദ്രം ആധാർ കൊണ്ടുവന്നത്. ഓരോ പൗരന്റെയും ആരോഗ്യ രേഖകൂടിയാണ് ആധാർ. ഓരോ ആശുപത്രി സന്ദർശനവും, ആരോഗ്യ സ്ഥിതിയും ലഭ്യമായ ചികിത്സ അടക്കമുള്ള വിവരങ്ങൾ കാർഡിലേക്ക് ശേഖരിക്കുവാനും പദ്ധതിയുണ്ടായിരുന്നു. രാഷ്ട്രീയ നേതൃത്വം എന്നും ജനങ്ങളുടെ ഉന്നമനത്തിനുള്ള ശക്തമായ ഒരുപാധി എന്ന നിലയ്ക്കാണ് ആധാറിനെ മുന്നോട്ടുവെച്ചിട്ടുള്ളത്.

എന്നാൽ, ആധാർ നമ്പർ കിട്ടാൻ വേണ്ടി UIDAI -യെ വിശ്വസിച്ചെൽപ്പിക്കുന്ന വിവരങ്ങൾ അവരിൽ നിന്ന് ചോർന്ന് ബ്ലാക്ക് മാർക്കറ്റിലെ തട്ടിപ്പുകാരുടെ കയ്യിലെ എത്തിപ്പെടുമ്പോൾ അവർ അതുവച്ച് കോടികൾ കൊയ്യുന്നു. അതിന്റെ ഏറ്റവും പുതിയ ഇരയായ അമേയ ധാപ്രേക്ക് ഇനി പറയാനുള്ളത് ഒരു കാര്യം മാത്രമാണ്,  "ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ, ഇതിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം ഈ സർക്കാർ കണ്ടില്ല എന്നുണ്ടെങ്കിൽ, ഒരുപക്ഷെ, ആധാറിന്റെ പേരിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ആത്മഹത്യ ഒരു പക്ഷെ എന്റേതാകും!"  

click me!