
യൂട്യൂബിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ വൻ ലാഭം കൊയ്യുന്നതായി പുതിയ റിപ്പോർട്ട്. ഈ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചാനലായി ഇന്ത്യയിൽ നിന്നുള്ള 'ബന്ദർ അപ്നാ ദോസ്ത്' (Bandar Apna Dost) മാറി. പ്രതിവർഷം ഏകദേശം 38 കോടി രൂപ ($4.25 Million) ആണ് ഈ ചാനൽ സമ്പാദിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന 'എഐ സ്ലോപ്പ്'ചാനലുകളുടെ പട്ടികയിൽ ഈ ഇന്ത്യൻ ചാനലാണ് ഒന്നാമത്.
മനുഷ്യന്റെ ഇടപെടൽ വളരെ കുറഞ്ഞ രീതിയിൽ, എഐ ടൂളുകൾ ഉപയോഗിച്ച് മാത്രം നിർമ്മിക്കുന്ന കുറഞ്ഞ നിലവാരത്തിലുള്ള വീഡിയോകളെയാണ് 'എഐ സ്ലോപ്പ്' എന്ന് വിളിക്കുന്നത്. ഇവയ്ക്ക് കൃത്യമായ കഥയോ അർത്ഥമോ ഉണ്ടാകില്ലെങ്കിലും കാഴ്ചക്കാരെ ആകർഷിക്കാൻ വേണ്ടി മാത്രമാണ് നിർമ്മിക്കുന്നത്. കാപ്‌വിംഗ് എന്ന പ്ലാറ്റ്‌ഫോം ആഗോളതലത്തിലെ 15,000 പ്രമുഖ ചാനലുകൾ പരിശോധിച്ചതിൽ നിന്നും 278 ചാനലുകൾ പൂർണ്ണമായും ഇത്തരം 'സ്ലോപ്പ്' വീഡിയോകളാണ് നിർമ്മിക്കുന്നതെന്ന് കണ്ടെത്തി. ഇന്ത്യ ആസ്ഥാനമായ 'ബന്ദർ അപ്നാ ദോസ്ത്' എന്ന ചാനലാണ് ഈ പട്ടികയിൽ മുന്നിൽ. മനുഷ്യനെപ്പോലെ പെരുമാറുന്ന ഒരു കുരങ്ങനും, ഹൾക്കിന് സമാനമായ കഥാപാത്രവും ഉൾപ്പെടുന്ന വീഡിയോകളാണ് ഇതിലുള്ളത്.
200 കോടിയിലധികം കാഴ്ചക്കാരെ ഈ ചാനൽ ഇതിനോടകം നേടിയിട്ടുണ്ട്. പുതിയ യൂട്യൂബ് ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുന്ന അഞ്ചിൽ ഒന്ന് വീഡിയോകളും ഇത്തരം എഐ നിർമ്മിത വീഡിയോകളാണെന്ന് പഠനം പറയുന്നു. ഇത് ക്രിയേറ്റീവ് ആയ യഥാർത്ഥ ഉള്ളടക്കങ്ങൾക്ക് ഭീഷണിയാണെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ചാനലിന് നിലവിൽ 27.6 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും 207 കോടിയിലധികം വ്യൂസുമുണ്ട്. വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കുന്ന എഐ വീഡിയോകൾക്ക് എത്രത്തോളം വലിയ സ്വാധീനം ചെലുത്താനാകും എന്നതിന്റെ ഉദാഹരണമാണിത്.
ടെക്നോളജി-ഡിജിറ്റൽ റൈറ്റ്സ് ഗവേഷകയായ രോഹിണി ലക്ഷ്മണെ 'ദി ഗാർഡിയനോട്' പറഞ്ഞതനുസരിച്ച്, ഈ ചാനലിന്റെ വിജയത്തിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: വീഡിയോകളിലെ യുക്തിക്ക് നിരക്കാത്തതും വിചിത്രവുമായ കാര്യങ്ങൾ ആളുകളെ ആകർഷിക്കുന്നു, മസിലുപിടിച്ച കഥാപാത്രങ്ങളും മറ്റും ഉൾപ്പെടുന്ന ശൈലി ഒരു വിഭാഗം കാഴ്ചക്കാർക്ക് താല്പര്യമുള്ളതാണ്, പ്രത്യേകമായി ഒരു കഥയോ തുടർച്ചയോ ഇല്ലാത്തതിനാൽ, ഏത് പുതിയ കാഴ്ചക്കാരനും ഏത് സമയത്തും ഈ വീഡിയോകൾ കണ്ടുതുടങ്ങാൻ എളുപ്പമാണ്.
ഇത്തരം ഉള്ളടക്കങ്ങൾ ക്രിയേറ്റിവിറ്റിയെ ബാധിക്കുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്. വലിയ അധ്വാനം ആവശ്യമില്ലാത്ത ഇത്തരം വീഡിയോകൾ വലിയ വരുമാനം നേടുന്നത് ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.