
വൈറലായി ഇൻഡിഗോ പൈലറ്റായ യുവതി ഷെയർ ചെയ്ത വീഡിയോ. തനിഷ്ക മുദ്ഗൽ എന്ന പൈലറ്റാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. അമ്മയും അച്ഛനുമടക്കം അവളുടെ പ്രിയപ്പെട്ടവർ വിമാനത്തിൽ കയറാനെത്തിയപ്പോൾ പൈലറ്റിന്റെ വേഷത്തിൽ അഭിമാനത്തോടെ നിൽക്കുന്ന തനിഷ്കയേയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
വീഡിയോ ഓൺലൈനിൽ ഷെയർ ചെയ്തുകൊണ്ട് ഹൃദയസ്പർശിയായ ഒരു കാപ്ഷനും തനിഷ്ക കുറിച്ചിട്ടുണ്ട്. 'തനിക്ക് വേണ്ടി അവർ ചെയ്ത ഓരോ ത്യാഗവും, തനിക്കുവേണ്ടി മന്ത്രിച്ച ഓരോ പ്രാർത്ഥനയും, പ്രോത്സാഹനമേകിയ ഓരോ വാക്കും... ഇതെല്ലാമാണ് ഈ നിമിഷത്തിലെത്തി നിൽക്കുന്നത്. അവരുടെ കണ്ണുകളിൽ അഭിമാനമാണ്, എന്റെ കണ്ണുകൾ ഈറനണിയുകയാണ്' എന്നാണ് തനിഷ്ക കുറിച്ചിരിക്കുന്നത്.
വീഡിയോയിൽ പൈലറ്റിന്റെ വേഷത്തിൽ തനിഷ്ക വിമാനത്തിന്റെ അകത്ത് നിൽക്കുന്നത് കാണാം. അവളുടെ ബന്ധുക്കൾ ഓരോരുത്തരായി വിമാനത്തിനകത്തേക്ക് കടന്നു വരുന്നു. അവൾ ചിരിച്ചുകൊണ്ട് അവരെയെല്ലാം സ്വീകരിക്കുകയാണ്. തനിഷ്ക പറഞ്ഞതുപോലെ അവരുടെ മുഖത്ത് നിറഞ്ഞ അഭിമാനം തന്നെയാണ് കാണാനുള്ളത്. അവരോരോരുത്തരും സ്നേഹത്തോടെ പുഞ്ചിരിക്കുന്നതും കാണാം. തനിഷ്കയുടെ മുഖത്തും നിറഞ്ഞ അഭിമാനമുണ്ട്.
നമ്മുടെ ഉയർച്ചയ്ക്ക് വേണ്ടി നമ്മുടെ അച്ഛനും അമ്മയും അടക്കമുള്ള പ്രിയപ്പെട്ടവർ സഹിക്കുന്ന ത്യാഗത്തെ കുറിച്ചും നമ്മൾ ഉയരങ്ങളിൽ എത്തുമ്പോൾ അതേച്ചൊല്ലി അവരിലുണ്ടാകുന്ന അഭിമാനവും കാണിക്കുന്നതാണ് തനിഷ്ക ഷെയർ ചെയ്തിരിക്കുന്ന വീഡിയോ. ഒപ്പം ഫോട്ടോയും അവൾ ഷെയർ ചെയ്തിട്ടുണ്ട്. 'തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമാണ് ഇത്. അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും താൻ പറത്തുന്ന വിമാനത്തിൽ യാത്ര ചെയ്യുന്ന ദിവസം. പണ്ട് അവരെന്റെ കൈ പിടിച്ചെങ്കിൽ ഇന്ന് അവർ താൻ പറത്തുന്ന വിമാനത്തിൽ യാത്രക്കാരായിരിക്കുന്നു. അഭിമാനനിമിഷമാണ് ഇത്' എന്നും അവൾ കുറിച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് തനിഷ്ക ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'അവളുടെ അച്ഛന്റെയും അമ്മയുടേയും കണ്ണുകളിലെ അഭിമാനം നോക്കൂ' എന്നായിരുന്നു ഒരാളുടെ കമന്റ്.