
രാത്രി കിടന്നുറങ്ങിയ ജീവനക്കാരന്റെ അമ്മയോട് ഫോണിലൂടെ ദേഷ്യപ്പെട്ട് കമ്പനി അധികൃതർ. സോഷ്യൽ മീഡിയയിൽ രോഷമുണർത്തുകയാണ് ഈ യുവാവിന്റെ പോസ്റ്റ്. മാസം 23,000 രൂപ മാത്രമാണ് യുവാവിന് ശമ്പളം. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള കൃത്യമായ ഷിഫ്റ്റിന് ശേഷം, കണ്ണിന് അസ്വസ്ഥതയും മരുന്ന് കഴിച്ചതും കാരണം യുവാവ് ഉറങ്ങിപ്പോയി. എന്നാൽ, പുലർച്ചെ 2 മണിക്ക് കമ്പനി അധികൃതർ യുവാവിനെ ഫോണിൽ വിളിക്കുകയായിരുന്നുവത്രെ.
ഒരു പ്രോജക്റ്റ് ഡെഡ്‌ലൈനിന്റെ ഭാഗമായാണ് രാത്രി വൈകി വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ എത്തിയത്. നിർത്താതെ ഫോൺ ബെല്ലടിച്ചപ്പോൾ ഉറക്കമുണർന്ന യുവാവിന്റെ അമ്മ കോൾ അറ്റൻഡ് ചെയ്തു. എന്നാൽ, ജീവനക്കാരൻ എവിടെയെന്ന് അന്വേഷിക്കുന്നതിന് പകരം സ്റ്റാർട്ടപ്പ് ടീം അമ്മയോട് ആക്രോശിക്കുകയാണുണ്ടായത്. ഇത് ഒരു ഫുൾ ടൈം ജോലിയാണെന്നും ഈ സമയത്ത് ജീവനക്കാരൻ ഉറങ്ങുന്നത് തികഞ്ഞ പ്രൊഫഷണലിസമില്ലായ്മയാണെന്നും മാനേജ്‌മെന്റ് അമ്മയോട് പറഞ്ഞു.
'ഇതെന്നെ വളരെയധികം അസ്വസ്ഥനാക്കി. ഡെഡ്‌ലൈനുകൾ ഉണ്ടാകാമെന്നും ചിലപ്പോൾ അധിക സമയം ജോലി ചെയ്യേണ്ടി വരുമെന്നും എനിക്കറിയാം. എന്നാൽ ദിവസം മുഴുവൻ ഓഫീസിൽ ജോലി ചെയ്തതിന് ശേഷം പുലർച്ചെ 2 മണി വരെ ഒരാൾ ഉണർന്നിരിക്കണമെന്ന് പ്രതീക്ഷിക്കുന്നതും, ഫോൺ എടുത്ത എന്റെ അമ്മയോട് ഇത്തരത്തിൽ സംസാരിച്ചതും ഒട്ടും അംഗീകരിക്കാൻ കഴിയില്ല' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. താൻ കമ്പനി വിടണോ അതോ ഇത് സാധാരണയായി സംഭവിക്കുന്ന കാര്യമാണോ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവ് റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇത് ഒട്ടും പ്രൊഫഷണൽ അല്ലാത്ത കാര്യമാണ് എന്നാണ് ഏറെപ്പേരും പറഞ്ഞിരിക്കുന്നത്. കമ്പനി വിട്ട് മറ്റൊരു നല്ല ജോലി നോക്കാൻ യുവാവിനെ ഉപദേശിച്ചതും അനേകങ്ങളാണ്.