മികച്ച ജോലിയുണ്ടായിട്ടും ഓസ്‌ട്രേലിയയിലെ കടുത്ത വർണ്ണവിവേചനവും ഏകാന്തതയും കാരണം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ഒരു ഇന്ത്യൻ നഴ്സ്. പിആർ ലഭിച്ചയുടൻ നാട്ടിലെത്തി പ്രായമായ അമ്മയെ സംരക്ഷിക്കാനും സൈബർ സെക്യൂരിറ്റി മേഖലയിലേക്ക് കരിയർ മാറ്റാനുമാണ് ഇരുപത്തിനാലുകാരിയായ ഇവരുടെ തീരുമാനം. ഈ തീരുമാനത്തോട് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

മികച്ച ജോലിയും ഭാവിയുമുണ്ടെങ്കിലും ഓസ്‌ട്രേലിയയിലെ വർണ്ണവിവേചനവും കടുത്ത ഏകാന്തതയും കാരണം നാട്ടിലേക്ക് മടങ്ങാൻ ആലോചിച്ച് ഇരുപത്തിനാലുകാരിയായ ഇന്ത്യൻ നഴ്സ്. സ്ഥിര താമസാനുമതി (PR) ലഭിച്ചയുടൻ മടങ്ങിപ്പോകാനാണ് ഈ യുവതിയുടെ തീരുമാനം. എവിടെ ജീവിക്കാനാണ് തനിക്ക് കൂടുതൽ താൽപ്പര്യമെന്ന് തിരിച്ചറിയുന്നതുവരെ കുറച്ചുകാലം ഇന്ത്യയിൽ സ്ഥിരതാമസം ഉറപ്പിക്കുമെന്നും യുവതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ തന്‍റെ മാനസിക ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞത്.

കടുത്ത വർണ്ണവിവേചനം, സുരക്ഷാ ആശങ്കയും

ആരോഗ്യമേഖലയിൽ ജോലി ചെയ്യുമ്പോഴും ഓസ്ട്രേലിയയിൽ കനത്ത വർണ്ണവിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യുവതി ആരോപിക്കുന്നു. മുൻപ് ഒരു സ്കൂൾ നഴ്സായി ജോലി ചെയ്തിരുന്ന സമയത്ത്, അവിടെയുള്ള ഇന്ത്യൻ കുട്ടികളും കടുത്ത വംശീയ അധിക്ഷേപങ്ങൾ നേരിടുന്നത് താൻ കണ്ടിട്ടുണ്ടെന്നും അവർ കുറിച്ചു. ഭാവിയിൽ തനിക്ക് കുട്ടികളുണ്ടായാൽ അവരും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുമോയെന്ന ഭയവും അവർ പങ്കുവെച്ചു. സുഹൃത്തുക്കളെല്ലാം ഇന്ത്യയിലായതിനാൽ വല്ലാത്ത ഏകാന്തതയാണ് ഓസ്ട്രേലിയയിൽ അനുഭവപ്പെടുന്നതെന്നും ഓസ്‌ട്രേലിയയേക്കാൾ ഇന്ത്യയിൽ ഭാവിവരനെ കണ്ടെത്തുന്നത് എളുപ്പമായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

തന്‍റെ കൗമാരപ്രായത്തിൽ പിതാവ് ആത്മഹത്യ ചെയ്തതിനാൽ, വിധവയായ അമ്മയുടെ ഏക ആശ്രയമാണ് താനെന്നും യുവതി എഴുതുന്നു. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയാൽ ഇന്ത്യയിലുള്ള പ്രായമാകുന്ന അമ്മയെ നോക്കാൻ ആരുമില്ലാത്ത അവസ്ഥ വരുമെന്നും, ഇന്ത്യയിലായാൽ എന്ത് അത്യാഹിതം സംഭവിച്ചാലും പെട്ടെന്ന് എത്തിച്ചേരാനാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, നാട്ടിലേക്ക് തിരികെ വരുന്നതിനെതിരെ കുടുംബാംഗങ്ങൾ രംഗത്തുണ്ടെന്നും, മടങ്ങിപ്പോകാനുള്ള തീരുമാനം 'മണ്ടത്തരമാണെന്നാണ്' അവർ പറയുന്നതെന്നും യുവതി എഴുതുന്നു. സൈബർ സെക്യൂരിറ്റിയിൽ ഓൺലൈൻ വഴി മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുള്ളതിനാൽ ഇന്ത്യയിലേക്ക് മടങ്ങിയാൽ കരിയർ മാറ്റത്തെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും യുവതി കുറിച്ചു.

സമ്മിശ്ര പ്രതികരണം

യുവതിയുടെ കുറിപ്പിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. ഓസ്‌ട്രേലിയയിലെ സാമൂഹിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെങ്കിൽ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് പലരും അഭിപ്രായപ്പെട്ടു. "നാട്ടിലേക്ക് മടങ്ങിപ്പോകാൻ ഇത്രയധികം കാരണങ്ങൾ നിങ്ങൾ പറയുന്നുണ്ട്, പിന്നെ എന്തിനാണ് അവിടെ തുടരുന്നത്? നാട്ടിലേക്ക് മടങ്ങുന്നത് ഒരിക്കലും മണ്ടത്തരമല്ല," എന്ന് ഒരു ഉപയോക്താവ് കുറിച്ചു. എന്നാൽ പിആർ (permanent residence) ലഭിച്ചുകഴിഞ്ഞാൽ രാജ്യങ്ങൾ മാറുമ്പോഴുള്ള നിയമപരമായ നടപടിക്രമങ്ങളും നികുതി പ്രശ്നങ്ങളും ഓർക്കണമെന്ന് ഓർമ്മിപ്പിച്ചവരും കുറവല്ല.