മനുഷ്യരുടെ ക്രൂരതയുടെ ഇര, രണ്ടരവർഷത്തെ നരകയാതന അവസാനിച്ചു, മുറിവുണങ്ങി കടൽനായ വീണ്ടും പഴയ ജീവിതത്തിലേക്ക്

By Web TeamFirst Published Jul 15, 2021, 11:28 AM IST
Highlights

പിന്നീട് അവളുടെ കഴുത്തിലെ വളയം നീക്കം ചെയ്തു. വലിയ രീതിയിലുള്ള നിര്‍മ്മാണ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കട്ടിയേറിയ പ്ലാസ്റ്റിക് വളയമാണ് ഈ കടല്‍നായയുടെ കഴുത്തിലുണ്ടായിരുന്നത്. 

പ്ലാസ്റ്റിക്കുകൾ നാം ചിന്തിക്കുന്നതിനേക്കാൾ വലിയ അപകടകാരിയാണ്. അവ ഭൂമിക്ക് വലിയ കഷ്ടതകളാണുണ്ടാക്കുന്നത്. അതുപോലെ തന്നെയാണ് വെള്ളത്തിലേക്ക് നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളും. ഒട്ടേറെ കടൽജീവികളാണ് ഈ മാലിന്യത്തിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത്. ഇപ്പോഴിതാ, മനുഷ്യർ വലിച്ചെറിഞ്ഞ ഒരു ചെറിയ പ്ലാസ്റ്റിക് വളയം കൊണ്ട് നരകയാതന അനുഭവിച്ച ഒരു കടൽനായയെ കുറിച്ചുള്ള വാർത്തകൾ വരുന്നു.

പ്ലാസ്റ്റിക് വളയം കഴുത്തില്‍ കുടുങ്ങി മുറിവ് പറ്റിയ ഈ കടല്‍നായയ്ക്ക് ഒടുവില്‍ രണ്ടരവര്‍ഷത്തിനുശേഷം മോചനം കിട്ടിയിരിക്കുകയാണ്. മുറിവുണങ്ങി അത് തിരികെ പഴയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഏപ്രില്‍ നാലിന് നോര്‍ഫോര്‍ക്കിലെ ഹോഴ്സേ ബീച്ചിലാണ് വികാര്‍ എന്ന് പേരിട്ടിരിക്കുന്ന കടല്‍നായയെ പിടികൂടിയത്. ആർ‌എസ്‌പി‌സി‌എയുടെ ഈസ്റ്റ് വിഞ്ച് വന്യജീവി കേന്ദ്രത്തിൽ മൂന്നുമാസമായി പരിചരണത്തിലായിരുന്നു അവള്‍. ആൻറിബയോട്ടിക്കുകള്‍ക്കും പരിചരണങ്ങള്‍ക്കും ശേഷം അവള്‍ തിരികെ മടങ്ങാനുള്ള കരുത്ത് വീണ്ടെടുത്തിരിക്കുകയാണ്.

അപകടനില തരണം ചെയ്ത് ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ ലിങ്കൺഷെയറിലെ സട്ടൺ ബ്രിഡ്ജിലെ നെനെ നദിയിലേക്ക് അവളെ വിട്ടയച്ചു. വളരെ നേരത്തെ തന്നെ കഴുത്തില്‍ പ്ലാസ്റ്റിക് വളയം പെട്ട രീതിയില്‍ ഇതിനെ കണ്ടെത്തിയിരുന്നു എങ്കിലും പിടികൂടാനായിരുന്നില്ല. ഈ കടല്‍നായ വളരുന്നതനുസരിച്ച് വളയം മുറുകുകയും കഴുത്തിനുചുറ്റും മുറിവുണ്ടാക്കുകയും ചെയ്തു. പിടികൂടുമ്പോൾ അവളുടെ കഴുത്തില്‍ ഏഴ് സെന്‍റിമീറ്റര്‍ നീളത്തിലുള്ള മുറിവാണുണ്ടായിരുന്നത്. 

പിന്നീട് അവളുടെ കഴുത്തിലെ വളയം നീക്കം ചെയ്തു. വലിയ രീതിയിലുള്ള നിര്‍മ്മാണ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കട്ടിയേറിയ പ്ലാസ്റ്റിക് വളയമാണ് ഈ കടല്‍നായയുടെ കഴുത്തിലുണ്ടായിരുന്നത്. തങ്ങളിതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ഗുരുതരമായ പരിക്കാണ് ഇതെന്ന് അവളെ രക്ഷപ്പെടുത്തിയവര്‍ പറയുകയുണ്ടായി. 

ആർ‌എസ്‌പി‌സി‌എ ഈസ്റ്റ് വിഞ്ചിലെ ഇടക്കാല സെന്റർ മാനേജർ ബെൻ കിർ‌ബി പറഞ്ഞത്: 'വികാറിന്റെ കഴുത്തിലെ മുറിവ് എക്കാലവും വ്യക്തമായി കാണാനാവുന്നതാണ്. നമ്മുടെ കടലിലെ പ്ലാസ്റ്റിക്ക്, ജീവികള്‍ക്ക് എത്രമാത്രം നാശമുണ്ടാക്കുമെന്നതിന്റെ സങ്കടകരമായ ഓർമ്മപ്പെടുത്തലാണ് ഇത്. ആദ്യത്തെ ദിവസം മുതല്‍ വികാര്‍ പോരാടാനുറച്ചു. അതാണ് അവളുടെ അതിജീവനത്തിന് കാരണമായത്. അവളെ കുറിച്ചോര്‍ത്ത് നമുക്ക് അഭിമാനമുണ്ട്. ഒപ്പം അവളെ സഹായിക്കാനായതില്‍ ചാരിതാര്‍ത്ഥ്യവും' എന്നാണ്. 

മനുഷ്യരുടെ വിവേകരഹിതമായ പ്രവൃത്തികൾ മറ്റ് ജീവജാലങ്ങൾക്ക് എത്രത്തോളം അപകടമുണ്ടാക്കുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വികാർ.

click me!