സമ്പന്ന സ്കൂളുകളിൽ വിദ്യാർത്ഥികൾക്കുനേരെ ലൈം​ഗികാതിക്രമങ്ങൾ, വെളിപ്പെടുത്തലിൽ ഞെട്ടി ഓസ്ട്രേലിയ

By Web TeamFirst Published Jul 15, 2021, 10:18 AM IST
Highlights

ഈ കാമ്പയിന്‍റെ ലക്ഷ്യം കുട്ടികള്‍ക്ക് വളരെ ചെറിയ ക്ലാസുകളില്‍ നിന്നുതന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കുക എന്നതാണ്. നിരവധി പ്രതികരണമാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടേയും ഭാഗത്തുനിന്നും ഈ വിഷയത്തിലുണ്ടായിരിക്കുന്നത്. 

സ്കൂളുകളില്‍ തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കേണ്ടത് അനിവാര്യതയാണ് എന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ലോകത്തെമ്പാടും നടക്കുന്നുണ്ട്. അനവധി പെണ്‍കുട്ടികളാണ് വളരെ ചെറിയ പ്രായത്തില്‍ തന്നെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായി മാറുന്നത്. കണ്‍സെന്‍റ് എന്നത് പലപ്പോഴും കേട്ടുകേള്‍വി മാത്രമാവുകയാണ്. ഓസ്ട്രേലിയയിലും സ്ഥിതി മറിച്ചല്ല എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്കൂളുകളിൽ ലൈം​ഗിക വിദ്യാഭ്യാസം നിർബന്ധിതമാക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു പെറ്റീഷനിൽ 6500 പേരാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈം​ഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. രാജ്യത്തെ സമ്പന്ന സ്കൂളുകളിലാണ് ഏറെയും ഇത്തരം അതിക്രമങ്ങൾ നടന്നിരിക്കുന്നത്. പലപ്പോഴും പെൺകുട്ടികളോട് അതിക്രമം കാണിച്ചിരിക്കുന്നത് സ്കൂളുകളിൽ തന്നെയുള്ള ആൺകുട്ടികളാണ്. 

'ആ സമയത്ത് എനിക്ക് പതിനാറോ പതിനേഴോ വയസ് മാത്രമായിരുന്നു പ്രായം. ഞങ്ങള്‍ കാറിലായിരുന്നു. ഞങ്ങള്‍ ചുംബിച്ച് തുടങ്ങി. അപ്പോളവന്‍ കാറിന്‍റെ ഡോര്‍ ലോക്ക് ചെയ്തു. എന്നോട് ഓറല്‍ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് തുടങ്ങി. അല്ലാതെ പുറത്തേക്ക് വിടില്ലെന്നും പറഞ്ഞു' -ഒരു പെൺകുട്ടി ബിബിസിയോട് വെളിപ്പെടുത്തിയ അനുഭവം ആണിത്. 

ഇതുപോലെയുള്ള 6,500 അനുഭവങ്ങളാണ് ഓസ്ട്രേലിയയിലെ സ്ത്രീകള്‍ പങ്കുവച്ചത് എന്ന് ബിബിസി എഴുതുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് കാണിച്ച് സമര്‍പ്പിക്കപ്പെട്ട പെറ്റീഷനിലാണ് ആറായിരത്തിയഞ്ഞൂറ് പേരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അതിലേറെപ്പേരും ഉന്നതരായവരുടെ മക്കള്‍ പഠിക്കുന്ന സ്വകാര്യ സ്കൂളുകളില്‍ നിന്നുമാണ്. ഭൂരിഭാഗവും അതിക്രമങ്ങള്‍ നേരിടേണ്ടി വന്നവര്‍ പെണ്‍കുട്ടികളാണ്. അതിക്രമം കാണിച്ചിരിക്കുന്നത് അവര്‍ക്ക് വളരെയധികം പരിചയുള്ള/അടുപ്പമുള്ള ആണ്‍കുട്ടികളാണ്. 

'ഈ കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് സത്യം പറഞ്ഞാല്‍ എന്താണ് ലൈംഗികാതിക്രമങ്ങളെന്നോ എന്താണ് സെക്ഷ്വല്‍ കണ്‍സെന്‍റ് എന്നോ എനിക്ക് അറിയില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഇപ്പോഴും എനിക്കത് പൂര്‍ണമായും വ്യക്തമായിട്ടില്ല' എന്നാണ് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ബിബിസി -യോട് പറഞ്ഞത്. 

മറ്റൊരു വിദ്യാര്‍ത്ഥിനി പറഞ്ഞത്, നിരവധി സ്ത്രീകള്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട് എന്നാണ്. 'കാമ്പയിന്‍ വന്നതോട് കൂടി പല പെണ്‍കുട്ടികളും അയ്യോ ഇത് ഞാനും അനുഭവിച്ചതാണല്ലോ, എനിക്കും ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടല്ലോ എന്ന തോന്നലുണ്ടാകുന്നുണ്ട്. ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ കാണുന്ന പലരും ആ അനുഭവം തനിക്കും ഉണ്ടായതാണല്ലോ എന്ന് തീര്‍ച്ചയായും ചിന്തിക്കുന്നുണ്ടാകണം' എന്ന് മറ്റൊരു വിദ്യാര്‍ത്ഥിനി പറയുന്നു. 

'ടീച്ച് അസ് കണ്‍സെന്‍റ്' എന്ന പെറ്റീഷന് തുടക്കം കുറിച്ച ഷാനല്‍ കോണ്‍ടോസ് പറയുന്നത്, 'ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള ഇടം എന്ന് അഭിമാനിക്കുന്ന ഓസ്ട്രേലിയ തന്നെ രാജ്യത്ത് ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗികാതിക്രമങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ലൈംഗിക വിദ്യാഭ്യാസം ഇല്ലായമയാണ് കാരണം. ലൈംഗികാതിക്രമം നടത്തിയവര്‍ക്കോ അത് നേരിടേണ്ടി വന്നവര്‍ക്കോ അറിയണമെന്നില്ല ഈ നടന്നത് ലൈംഗികാതിക്രമം ആണെന്ന്' എന്നാണ്. 

ഈ കാമ്പയിന്‍റെ ലക്ഷ്യം കുട്ടികള്‍ക്ക് വളരെ ചെറിയ ക്ലാസുകളില്‍ നിന്നുതന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കുക എന്നതാണ്. നിരവധി പ്രതികരണമാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടേയും ഭാഗത്തുനിന്നും ഈ വിഷയത്തിലുണ്ടായിരിക്കുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കണ്‍സെന്‍റിനെ കുറിച്ച് ആണ്‍കുട്ടികളെ ബോധവല്‍ക്കരിക്കും എന്ന് പ്രതിജ്ഞയെടുത്തു കഴിഞ്ഞു. ചില സംസ്ഥാനങ്ങള്‍ നിയമത്തില്‍ മാറ്റം വരുത്താനും ആലോചിക്കുന്നുണ്ട്. അതുവഴി ലൈംഗികവിദ്യാഭ്യാസം നിര്‍ബന്ധിതമാക്കാനാണ് ആലോചിക്കുന്നത്. 

(ചിത്രങ്ങൾ പ്രതീകാത്മകം)

click me!