
കൊലപാതക കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കുറ്റവാളിക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ് യുഎസ് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഇയാളെ ജയിലിൽ നിന്നും കാണാതായത്. ഇയാളെ മാത്രമല്ല, ഇയാൾക്കൊപ്പം ജയിലിലെ ഒരു വനിതാ ഗാർഡിനെ കൂടി കാണാതായി. ഇതോടെ വലിയ ആശങ്കയിലാണ് ജയിലധികൃതർ.
അന്തേവാസിയായ കേസി വൈറ്റി(Casey White)നെയും കറക്ഷൻസ് ഓഫീസർ വിക്കി വൈറ്റി(Vicki White)നെയും വെള്ളിയാഴ്ച രാവിലെ അലബാമയിലെ ലോഡർഡെയ്ൽ കൗണ്ടി ഷെരീഫ് ഓഫീസി(Lauderdale County Sheriff's Office in Alabama)ലാണ് അവസാനമായി കണ്ടത്. പിന്നീട് ഇരുവരെയും ആരും കണ്ടിട്ടില്ല. കേസിയെ താൻ മാനസികാരോഗ്യ പരിശോധനകൾക്കായി കൊണ്ടുപോവുകയാണ് എന്നും പറഞ്ഞാണ് വിക്കി അയാളെയും കൊണ്ടിറങ്ങിയത്. എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ അങ്ങനെയൊരു പരിശോധന ഷെഡ്യൂൾ ചെയ്തിരുന്നില്ല എന്ന് കണ്ടെത്തി.
വിക്കി തടവുകാരനെ രക്ഷപ്പെടാൻ സഹായിക്കുകയാണോ അതോ വിക്കിയെ അയാൾ തട്ടിക്കൊണ്ടുപോയിരിക്കുകയാണോ എന്ന് കണ്ടെത്താനുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. കേസി അങ്ങേയറ്റം അപകടകാരിയായ കുറ്റവാളിയാണ് എന്നാണ് ജയിൽ പറയുന്നത്. പോരാത്തതിന് ഇപ്പോൾ വിക്കിയുടെ തോക്കും അയാൾക്ക് ലഭ്യമായിരിക്കും.
വെള്ളിയാഴ്ച ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേ, ലോഡർഡേൽ കൗണ്ടി ഷെരീഫ് റിക്ക് സിംഗിൾട്ടൺ പറഞ്ഞത്, വിക്കി കേസിയെ ഒരു മാനസികാരോഗ്യ പരിശോധനയ്ക്ക് കൊണ്ടുപോവുകയാണ് എന്ന് സഹപ്രവർത്തകരോട് പറഞ്ഞിട്ടാണ് അവിടെ നിന്നും ഇറങ്ങിയത്. അവൾക്ക് നല്ല സുഖമില്ല അതിനാൽ ഡോക്ടറെ കൂടി കാണേണ്ടതുണ്ട് എന്നും വിക്കി പറഞ്ഞിരുന്നു. എന്നാൽ, കുറച്ച് നേരത്തിനു ശേഷം അവളുടെ വാഹനം ഒരു ഷോപ്പിംഗ് സെന്റിലെ കാർ പാർക്കിൽ കാണുകയായിരുന്നു.
പിന്നീട്, തടവുകാരനെ തിരികെ എത്തിച്ചിട്ടില്ല എന്ന് കണ്ടെത്തി. അതോടെ വിക്കിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നുണ്ടായിരുന്നില്ല. കേസിയേയോ വിക്കിയേയോ കണ്ടെത്താൻ സഹായിക്കുന്ന തരത്തിൽ വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ റിവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫീസറായ വിക്കിക്കും പൊതുജനത്തിനും കേസി അപകടം ചെയ്യുമെന്ന് ജയിലുദ്യോഗസ്ഥർ പറയുന്നു.
വിക്കിയെ കുറിച്ച് ഉദ്യോഗസ്ഥർക്കും അധികൃതർക്കും നല്ല അഭിപ്രായമാണ്. 25 വർഷമായി ഡിപാർട്‍മെന്റിൽ അവർ സേവനമനുഷ്ഠിക്കുന്നു. കറക്ഷൻസിലെ അസി. ഡയറക്ടറാണ് അവർ. എന്നാൽ, തടവുകാരനെ തനിച്ച് പുറത്ത് കൊണ്ടുപോയത് നിയമലംഘനമാണ്. കാരണം, ഇത്രയും ക്രൂരകൃത്യം ചെയ്‍ത ഒരാളെ കൊണ്ടുപോകുമ്പോൾ സാധാരണയായി രണ്ട് ഡെപ്യൂട്ടിമാർ കൂടി കൂടെയുണ്ടാകേണ്ടതാണ്. എന്നാൽ, വിക്കി തനിച്ചാണ് കേസിയേയും കൊണ്ട് പോയത്.
എന്താണ് സംഭവിച്ചത് എന്നതിലും വിക്കിയെ കാണാനില്ല എന്നതിലും ജയിലിലെ ഓരോ ജീവനക്കാരും ഞെട്ടലിലാണ് എന്ന് ഷെരീഫ് സിംഗിൾടൺ പറയുന്നു. പലതവണ 'എംപ്ലോയീ ഓഫ് ദ ഇയർ' ആയി തെരഞ്ഞെടുക്കപ്പെട്ട ആളാണ് വിക്കി. അവർ ഒരു മാതൃകാ ഉദ്യോഗസ്ഥ ആയിരുന്നു എന്നും സിംഗിൾടൺ പറയുന്നു. വിക്കി എന്തെങ്കിലും തെറ്റ് ചെയ്‍തുവെന്ന് ആരോപിക്കപ്പെടണമെങ്കിൽ അതിന് തക്കതായ തെളിവ് വേണം എന്ന് സിംഗിൾടൺ പറയുന്നു.
അവൾ അയാളെ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടാകാം എന്നതിന് സാധ്യതയുണ്ടാകാം. എന്നാൽ, അത് അന്വേഷണത്തിന്റെ ഒരു ആംഗിൾ മാത്രമേ ആവുന്നുള്ളൂ. അതും അന്വേഷിക്കും. എന്നാൽ, അവളെ തട്ടിക്കൊണ്ടുപോയതാണ് എങ്കിലോ? ആ സാധ്യതയും അന്വേഷിക്കും. ജയിൽപുള്ളിയെ കുറിച്ച് അറിയുന്നിടത്തോളം വിക്കിയുടെ ജീവൻ അപകടത്തിലാണ് എന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ എന്നും അദ്ദേഹം പറയുന്നു.
2020 സെപ്റ്റംബറിൽ 58 -കാരിയായ കോണി റിഡ്ജ്‌വേയെ കുത്തി കൊലപ്പെടുത്തിയതാണ് 38 -കാരനായ കേസിക്കെതിരെയുള്ള കുറ്റം. അതിന് മുമ്പ് തന്നെ മോഷണം, വാഹനമോഷണം തുടങ്ങി മറ്റ് കേസുകളിലും ഇയാൾക്കെതിരെ കുറ്റം ചുമത്തപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പും ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെടാൻ പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ, ജയിലുദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്ന് അത് പരാജയപ്പെടുകയായിരുന്നു.
ഏതായാലും നിലവിൽ വിക്കിയുടെ ജീവനെ ചൊല്ലി ആശങ്ക നിലനിൽക്കയാണ്.