
ഒരു ഹോട്ടല്‍ മുറി. ബെഡിനു തൊട്ടുമുന്നിലും വശങ്ങളിലുമായി ഒളി ക്യാമറകള്‍. മുറിയിലേക്ക് കടക്കുന്ന നിമിഷം മുതല്‍ നിങ്ങളറിയാതെ, നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ലൈവ് സ്ട്രീം ചെയ്യപ്പെടും. അതായത്, മുറിയിലെ നിങ്ങളുടെ കിടപ്പറദൃശ്യങ്ങള്‍ ലോകമാകെയുള്ള ആളുകള്‍ തല്‍സമയം കാണും. അവരതിന് അശ്ലീല കമന്റുകള്‍ പറയും. നിങ്ങളെങ്ങാന്‍ ലൈറ്റ് ഓഫ് ചെയ്താല്‍, തെറി പറയും. നിങ്ങള്‍ക്കും പങ്കാളിക്കും അവര്‍ മാര്‍ക്കിടും.
ഇത് ഏതെങ്കിലും സിനിമയിലോ നോവലിലോ നിന്നുള്ള ഭാവനയല്ല. പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഹോട്ടല്‍ മുറികളിലെ തല്‍സമയ ദൃശ്യങ്ങള്‍ ലൈവായി കാണിക്കുന്ന നിരവധി വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. അവ കാണാന്‍, കാശ് മുടക്കി കാത്തിരിക്കുന്നത് ആയിരക്കണക്കിനാളുകളാണ്. അതു മാത്രമല്ല, അവര്‍ അത് ഡൗണ്‍ലോഡ് ചെയ്ത് മറ്റിടങ്ങളില്‍ അപ്‌ലോഡ് ചെയ്യും. ലോകമെങ്ങുമുള്ള അനേകം പോണ്‍സൈറ്റുകളില്‍ നിങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ നിറയും. നിങ്ങളുടെ സ്വകാര്യദൃശ്യങ്ങളുടെ പരസ്യ വീഡിയോകള്‍ അനേകം ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പുതിയ കാഴ്ചക്കാരെ ക്ഷണിച്ചുകൊണ്ടിരിക്കും.
ബിബിസിയാണ്, ചൈനയിലെ അനേകം ഹോട്ടല്‍മുറികളിലെ ദൃശ്യങ്ങള്‍ ലോകമെങ്ങും ലൈവ് സ്ട്രീം ചെയ്യപ്പെടുന്ന ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. 18 മാസെമടുത്ത് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്, നമ്മുടെ സ്വകാര്യ നിമിഷങ്ങള്‍ കച്ചവടച്ചരക്കാക്കുന്ന വന്‍മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്.
ചൈനയില്‍ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍, 'ഒളിക്യാമറ പോണ്‍' എന്നറിയപ്പെടുന്ന പോണ്‍ചിത്രങ്ങള്‍ നിര്‍മിക്കുകയും വിറ്റഴിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ പതിറ്റാണ്ടുകളായി ഇവിടെയുണ്ട്. ഇതിനെതുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറകള്‍ ഉണ്ടോ എന്ന് ഉടമകള്‍ പതിവായി പരിശോധിക്കണമെന്ന് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു. എന്നിട്ടും
മാഫിയകള്‍ ഇവിടെ തഴച്ചുവളരുകയാണ്. ചൈനയില്‍ ഒളിക്യാമറകള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റായ ഹുവാക്യാങ്ബെയില്‍ നിന്ന് ഒളിക്യാമറകള്‍ വാങ്ങുന്നത് വളരെ എളുപ്പമാണ്.
ബിബിസി നടത്തിയ അന്വേഷണത്തില്‍ ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി പെയിഡ് വെബ്‌സൈറ്റുകള്‍ കണ്ടെത്തി. 180-ലധികം ഹോട്ടല്‍ മുറികളില്‍ നിന്നുള്ള ഒളിക്യാമറാ ദൃശ്യങ്ങളാണ് ഈ സൈറ്റുകള്‍ ലൈവായി കാണിക്കുന്നത്. ബിബിസി പ്രതിനിധി കടന്നുകയറിയ അത്തരമൊരു സൈറ്റിലെ പ്രവേശനഫീസ് 450 യുവാനാണ്. അതായത്, ഒരു മാസം 5859 രൂപ. കാശ് കൊടുത്ത് സൈറ്റില്‍ കയറിയപ്പോള്‍ കണ്ടത് പല ഹോട്ടല്‍മുറികളിലായി രഹസ്യമായി സ്ഥാപിച്ച 54 വ്യത്യസ്ത ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. പകുതിയോളം ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. ആയിരക്കണക്കിനാളുകളുടെ കിടപ്പറദൃശ്യങ്ങളാണ് ഇങ്ങനെ പരസ്യമാവുന്നത്. ലെഗ്രാം വഴിയാണ് ഈ സൈറ്റുകളിലേക്ക് ആളെത്തുന്നത്. ബിബിസിയുടെ അന്വേഷണത്തില്‍മാത്രം കണ്ടെത്തിയത് ടെലിഗ്രാം വഴി പ്രമോട്ട് ചെയ്യപ്പെടുന്ന ആറ് സൈറ്റുകളും ആപ്പുകളുമാണ്. ലൈവിനുശേഷം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആയിരക്കണക്കിന് വീഡിയോകള്‍ വിവിധ സൈറ്റുകളില്‍ പോണ്‍ എന്ന നിലയില്‍ വില്‍ക്കപ്പെടുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഇത്തരം ഒളിക്യാമറാ സ്ട്രീമിംഗ് നടത്തുന്നത് ആരാണെന്ന അന്വേഷണത്തില്‍ ബിബിസി സംഘം അക എന്ന് വിളിക്കപ്പെടുന്ന ഒരു ഏജന്റിലാണ് എത്തിപ്പെട്ടത്. ആയിരക്കണക്കിന് സബ്‌സ്‌ക്രൈബര്‍മാര്‍ ഈ സൈറ്റിലുണ്ട്. മാസം ആയിരങ്ങളാണ് സബ്‌സ്‌ക്രിപ്ഷന്‍ തുക. ഇയാളെപ്പോലുള്ള പത്തോളം ഏജന്റുമാരെ അന്വേഷണത്തില്‍ കണ്ടെത്തി. ഉന്നതരായ ചിലരാണ്, ഈ ഒളിക്യാമറകള്‍ വെക്കുന്നതും അവ ലൈവ് ആയി കാണിക്കുന്നതുമെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അക എന്നയാളുടെ ലൈവ് സ്ട്രീമിംഗ് സൈറ്റില്‍ കാശ് കൊടുത്ത് കയറിനോക്കിയപ്പോള്‍ അഞ്ച് വ്യത്യസ്ത ഫീഡുകളില്‍ നിന്നായി നിരവധി ഹോട്ടല്‍ മുറികള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍സ് മുന്നില്‍വന്നതായി ബിബിസി റിപ്പോര്‍ട്ടര്‍ പറയുന്നു. ഓരോ മുറിയിലും അതിഥികള്‍ പ്രവേശിക്കുന്ന നിമിഷം മുതലുള്ള ദൃശ്യങ്ങളാണ് ലൈവ് സ്ട്രീം ചെയ്തത്. മുന്‍ ലൈവുകളില്‍നിന്നും എഡിറ്റ് ചെയ്ത ആറായിരത്തിലേറെ ചെറിയ ക്ലിപ്പുകളും സൈറ്റിലുണ്ടായിരുന്നു. സബ്‌സ്‌ക്രൈബര്‍മാര്‍ ലൈവ് ചാറ്റില്‍ പറയുന്ന സൂചനകള്‍ ഉപയോഗിച്ച് അത്തരത്തിലൊരു ഹോട്ടല്‍മുറി അന്വേഷണ സംഘം കണ്ടെത്തി. മധ്യ ചൈനയിലെ സെങ്ഷൗവിലുള്ള ഒരു ഹോട്ടല്‍ മുറി. ഭിത്തിയിലെ വെന്റിലേഷന്‍ യൂണിറ്റില്‍ ഒളിപ്പിച്ചുവെച്ച ക്യാമറ കിടക്കയ്ക്ക് നേരെ തിരിച്ചു വെച്ച നിലയിലായിരുന്നു. അത് വൈദ്യുതി ലൈനുമായി നേരിട്ട് ബന്ധിപ്പിച്ചിരുന്നു. 'ഹിഡന്‍ ക്യാമറ ഡിറ്റക്ടര്‍' പോലും ഈ ക്യാമറ കണ്ടുപിടിച്ചില്ല. ബിബിസി സംഘം രഹസ്യ ക്യാമറ പ്രവര്‍ത്തനരഹിതമാക്കി മിനിറ്റുകള്‍ക്കുള്ളില്‍ ആ വാര്‍ത്ത ടെലിഗ്രാമില്‍ പടര്‍ന്നു. ക്യാമറ നിശ്ചലമായതായി ലൈവ് സ്ട്രീം സൈറ്റിലെ ലൈവ് ചാറ്റില്‍ ആളുകള്‍ പരാതിപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍, മറ്റൊരു ഹോട്ടല്‍മുറിയില്‍ ക്യാമറ സജ്ജീകരിച്ചതായി വിവരം വന്നു. പുതിയ ക്യാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ലൈവായി വന്നുതുടങ്ങി.
ടെലിഗ്രാം സോഷ്യല്‍ മീഡിയയാണ് ഇത്തരം മാഫിയകളുടെ പ്രധാന വിളനിലം. ടെലിഗ്രാം വഴിയാണ് ഇത്തരം സൈറ്റുകളിലേക്ക് ആളുകള്‍ എത്തുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ ടെലിഗ്രാമിന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആദ്യം ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളോടെ വീണ്ടും ടെലഗ്രാമിനെ സമീപിച്ചപ്പോള്‍, സമ്മതമില്ലാത്ത അശ്ലീലദൃശ്യങ്ങള്‍ ഷെയര്‍ ചെയ്താല്‍ നടപടി എടുക്കുമെന്ന ഒഴുക്കന്‍ മറുപടിയായിരുന്നു ലഭിച്ചത്. ബിബിസി റിപ്പോര്‍ട്ട് ചെയ്ത രണ്ട് ടെലഗ്രാം അക്കൗണ്ടുകള്‍ പിന്നീട് ഡിലിറ്റ് ചെയ്യപ്പെട്ടുവെങ്കിലും, മറ്റനേകം ടെലഗ്രാം അക്കൗണ്ടുകളിലൂടെ പ്രവര്‍ത്തനം തുടരുകയാണ്.