ഇന്ത്യയിലെ യാത്ര ലോകത്തോടുള്ള തന്‍റെ കാഴ്ച്ചപ്പാട് തന്നെ മാറ്റിമറിച്ചുവെന്ന് ആഫ്രിക്കന്‍ യുവാവ്. ഇന്ത്യയില്‍ സോളോ ട്രാവല്‍ നടത്തുന്ന യുവാവാണ് തന്‍റെ അനുഭവം പറഞ്ഞത്. 

ഇന്ത്യയിലെ തന്റെ സോളോ ട്രാവൽ അനുഭവങ്ങളും രാജ്യം തനിക്ക് സമ്മാനിച്ച അഞ്ച് പ്രധാന പാഠങ്ങളും പങ്കുവെച്ചുള്ള 21 -കാരനായ ആഫ്രിക്കൻ യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ ആത്മീയതയും ജനക്കൂട്ടവും ചരിത്രവുമെല്ലാം തന്റെ കാഴ്ചപ്പാടിനെ പാടെ മാറ്റിമറിച്ചുവെന്നാണ് '@hunchsquare' എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ഈ യാത്രികൻ കുറിച്ചത്. വാരണാസിയിലെ പ്രശസ്തമായ ഗംഗാ ആരതിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് യുവാവ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും സമ്പന്നമായ നാഗരികതയായിരുന്നു ഇന്ത്യയെന്നും, ബ്രിട്ടീഷ് അധിനിവേശത്തിന് മുൻപ് ആഗോള ജിഡിപിയുടെ 25 ശതമാനവും ഇന്ത്യയുടെ പക്കലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

'ഒരു ആഫ്രിക്കക്കാരൻ എന്ന നിലയിൽ ഇന്ത്യയുടെ കൊളോണിയൽ ഭൂതകാലം എന്നെ ഏറെ വൈകാരികമായാണ് സ്പർശിച്ചത്. ദാരിദ്ര്യത്തിന് നടുവിലും ക്ഷേത്രങ്ങൾക്കുള്ളിൽ തിളങ്ങുന്ന സ്വർണ്ണവും, തകർന്നടിഞ്ഞ പഴയ ആഢംബരങ്ങളും കാണുമ്പോൾ ആ പഴയ മുറിവേറ്റ അടയാളങ്ങൾ നമുക്ക് എവിടെയും അനുഭവിക്കാൻ കഴിയും' യുവാവ് കുറിച്ചു.

ഇന്ത്യയിലെ ജനബാഹുല്യവും ബഹളങ്ങളും തന്നെ അത്ഭുതപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. ഹോൺ അടികളും, പലതരത്തിലുള്ള സുഗന്ധങ്ങളും, നിറങ്ങളും, മനുഷ്യരും ചേർന്നുള്ള ഒരു വലിയ 'സെൻസറി ഓവർലോഡ്' ആണ് ഇന്ത്യ. തുടക്കത്തിൽ ഇതിനോട് പൊരുത്തപ്പെടാൻ തലച്ചോറിന് കഴിയില്ലെങ്കിലും, പിന്നീട് നമ്മൾ അതിലേക്ക് ലയിച്ചുചേരും. ജീവിതത്തിൽ ഏറ്റവും കൂടുതൽ ജീവസ്സുറ്റതായി തോന്നിയത് ഈ ബഹളങ്ങൾക്കിടയിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ആത്മീയത തന്നിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് യുവാവിന്റെ വാക്കുകൾ ഇങ്ങനെയാണ്: 'ഇവിടുത്തെ ആചാരങ്ങളും ഭക്തിയും അതിന്റെ ആത്മാർത്ഥതയുമെല്ലാം എന്റെ പ്രതിരോധങ്ങളെ തകർത്തു കളഞ്ഞു. ഉള്ളിൽ കൊണ്ടുനടന്നിരുന്ന, എനിക്കുപോലും അറിയാത്ത പല വികാരങ്ങളും പുറത്തുവന്നു. പലപ്പോഴും ഞാൻ കരഞ്ഞുപോയി, എന്തുകൊണ്ടാണ് കരയുന്നതെന്ന് എനിക്ക് കൃത്യമായി അറിയുമായിരുന്നില്ല'.

ഇന്ത്യ ഒരു 'ഭാവനാ ലോകം' പോലെയാണ് തോന്നിയതെന്നാണ് ഈ യാത്രികൻ വിശേഷിപ്പിച്ചത്. ഇവിടുത്തെ വാസ്തുവിദ്യയും നിറങ്ങളും ബഹളങ്ങളുമെല്ലാം ആരോ സ്വന്തം ഭാവനയിൽ നിന്ന് മാത്രം കെട്ടിയുയർത്തിയ ഒരു നാഗരികത പോലെയാണ് അനുഭവപ്പെടുന്നത്.

View post on Instagram

കോളനിവൽക്കരണത്തിന്റെ നീണ്ട ചരിത്രമുണ്ടായിട്ടും ഇന്ത്യ ഇന്നും നിലനിർത്തുന്ന ആത്മവിശ്വാസത്തെയും അതിജീവനത്തെയുമാണ് യുവാവ് പ്രശംസിക്കുന്നത്. ബ്രിട്ടീഷുകാർക്ക് കഴിയുന്നതെല്ലാം അവർ ഇവിടുന്ന് കൊള്ളയടിച്ചുകൊണ്ടുപോയിട്ടും, ഈ നാടിന്റെ ആത്മാവ് ഇപ്പോഴും ഒട്ടും ചോർന്നുപോകാതെ അതേപടി നിലനിൽക്കുന്നുണ്ടെന്നും, താൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പാഠം അതിലുണ്ടെന്നും പറഞ്ഞാണ് യുവാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.