അന്ന്, പഠിക്കാന്‍ വേണ്ടി ബ്രെഡ്ഡും പച്ചക്കറികളും വിറ്റു; പിന്നീട്, നിശ്ചയദാര്‍ഢ്യം കൊണ്ട് ഐ എ എസ് ഓഫീസറായി

By Web TeamFirst Published Jun 5, 2019, 4:45 PM IST
Highlights

തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. പക്ഷെ, സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമെന്നും രാജേഷിനറിയാമായിരുന്നു.

2005 -ല്‍ ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവരില്‍ ഒരാള്‍ ആരെന്ന് ചോദിച്ചാല്‍ ഉത്തരമായി രാജേഷ് പാട്ടീലിന്‍റെ അമ്മയുടെ പേര് പറയാം. അന്ന് യു പി എസ് സി റിസല്‍ട്ട് വന്നപ്പോള്‍ രാജേഷ് പാട്ടീല്‍ തന്‍റെ അമ്മയെ വിളിച്ചു. എന്നിട്ട് പറഞ്ഞു, 'അമ്മാ ഞാന്‍ ഒരു കളക്ടറാകാന്‍ പോവുകയാണ്...'. എന്നത്തേയും രാജേഷിന്‍റെ ആഗ്രഹമായിരുന്നു ഒരു ഐ എ എസ് ഓഫീസര്‍ ആകണമെന്നതും രാജ്യത്തെ സേവിക്കണമെന്നതും. 

ചെറുപ്പത്തില്‍ തന്നെ രാജേഷ് അമ്മയെ 'കളക്ടറുടെ അമ്മേ...' എന്ന് തമാശ പോലെ വിളിക്കുമായിരുന്നു. ഒരുനാള്‍ ആ വിളി സത്യമാകും എന്ന് അയാള്‍ മനസിലുറപ്പിച്ചിരുന്നു. പക്ഷെ, അതൊട്ടും എളുപ്പമായിരുന്നില്ല എന്ന് മാത്രം. പൂക്കള്‍ വിരിച്ച പാതയായിരുന്നില്ല മുന്നില്‍. സാധാരണ പണിക്കാരായിരുന്നു രാജേഷിന്‍റെ അമ്മയും അച്ഛനും. ഓരോ ദിവസത്തെയും ജീവിതം തന്നെ തള്ളി നീക്കാന്‍ കഷ്ടപ്പെടുന്നവര്‍. 

ഭാര്യക്കും അമ്മയ്ക്കുമൊപ്പം

മഹാരാഷ്ട്രയിലെ ജാല്‍ഗോണിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു രാജേഷിന്‍റെ ജനനം. അച്ഛനും അമ്മയ്ക്കും വളരെ കുറച്ച് ഭൂമിയുണ്ട്. അതില്‍ കൃഷി ചെയ്യും. മഹാരാഷ്ട്രയിലെ ഭൂരിഭാഗം കര്‍ഷകരേയും പോലെ, വരള്‍ച്ച, കടം തുടങ്ങിയ പ്രശ്നങ്ങളെല്ലാം രാജേഷിന്‍റെ അച്ഛനേയും അമ്മയേയും ബാധിച്ചു. അപ്പോഴും മകനെ പഠിപ്പിക്കണം എന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. 

അച്ഛനമ്മമാരെ സഹായിക്കാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ രാജേഷ് പച്ചക്കറിയും ബ്രെഡ്ഡും വില്‍ക്കാനിറങ്ങി. അതുപോലെ തന്നെ വിവിധ കൃഷിപ്പണികളും ചെയ്തു. ആ സമയത്താണ് തന്‍റെ ചുറ്റുമുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് രാജേഷിന് തോന്നുന്നത്. അവരെ ദാരിദ്ര്യത്തിലും നിന്നും പട്ടിണിയില്‍ നിന്നും പറത്തുകടക്കാന്‍ സഹായിക്കണം. തന്‍റെ ജീവിതം തന്നെ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്ന് രാജേഷിന് അറിയാമായിരുന്നു. അങ്ങനെ ജീവിക്കേണ്ടി വരുന്നവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും രാജേഷ് തീരുമാനിച്ചു. 

രാജേഷ് ചെറുപ്പത്തില്‍ വളരെ കുസൃതിയായ ഒരു കുട്ടിയായിരുന്നു. അവന്‍റെ ഭാവിയെ കുറിച്ച് അച്ഛനും അമ്മയ്ക്കും എപ്പോഴും പേടിയുണ്ടായിരുന്നു. പഠനത്തിലും മിടുക്കനൊന്നുമായിരുന്നില്ല രാജേഷ്. കാര്യങ്ങള്‍ മാറിയത്, മാറിത്തുടങ്ങിയത് അധ്യാപകരും സുഹൃത്തുക്കളും രാജേഷിനെ സഹായിച്ചു തുടങ്ങിയപ്പോഴാണ്. അങ്ങനെ പത്താം ക്ലാസിലെ പരീക്ഷയില്‍ രാജേഷ് നല്ല മാര്‍ക്ക് വാങ്ങി. അന്നയാള്‍ക്ക് ഒരു കാര്യം മനസ്സിലായി മനസ്സര്‍പ്പിച്ച് പഠിച്ചാല്‍ നല്ല മാര്‍ക്ക് വാങ്ങാം. 

പന്ത്രണ്ടാം ക്ലാസിലെ പരീക്ഷയിലും വളരെ മികച്ച മാര്‍ക്കോടെ ജയിച്ചു. മെഡിസിനോ, എഞ്ചിനീയറിംഗിനോ ചേരാന്‍ തനിക്ക് എളുപ്പത്തില്‍ കഴിയുമെന്ന് രാജേഷിന് അറിയാമായിരുന്നു. പക്ഷെ, ഒരിക്കലും തന്‍റെ വിദ്യാഭ്യാസത്തിന്‍റെ പേരില്‍ അച്ഛനേയും അമ്മയേയും ബുദ്ധിമുട്ടിക്കരുതെന്നും അയാള്‍ വിചാരിച്ചിരുന്നു. തുടര്‍ന്ന്, സ്റ്റാറ്റിസ്റ്റിക്സാണ് രാജേഷ് പഠിച്ചത്. അതാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിലേക്കുള്ള ചവിട്ടുപടിയായത്. പക്ഷെ, രാജേഷിന്‍റെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. 

തനിക്കു ചുറ്റുമുള്ള മനുഷ്യര്‍ക്കായി എന്തെങ്കിലും ചെയ്യുക എന്നത് തന്നെയായിരുന്നു ലക്ഷ്യം. പക്ഷെ, സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമെന്നും രാജേഷിനറിയാമായിരുന്നു. ഒടുവില്‍ ഐ എ എസ് സ്വന്തമാക്കി എന്ന് അമ്മയെ വിളിച്ച് പറയുമ്പോഴും രാജേഷിനറിയാമായിരുന്നു ഇനിയും ഒരുപാട് പരിശ്രമിക്കേണ്ടതുണ്ട് മാറ്റം സാധ്യമാകണമെങ്കില്‍ എന്ന്. 

പരിശീലനത്തിനു ശേഷം ഒഡീഷ കാഡറില്‍ പ്രവേശിച്ചു രാജേഷ്. പിന്നീട്, വിവിധ സ്ഥാനങ്ങളിലിരുന്നു കൊണ്ട് തന്‍റെ പ്രവര്‍ത്തന മികവ് തെളിയിച്ചു അദ്ദേഹം. 2008 -ലെ മഹാനദി വെള്ളപ്പൊക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടു. പ്രീ സ്കൂള്‍ കുട്ടികള്‍ക്കായി റെഡി ടു ഈറ്റ് പദ്ധതി തുടങ്ങി. 

2009 -ല്‍ കോരാപുത് ജില്ലാ കലക്ടറായി ചാര്‍ജ്ജെടുത്തു. ട്രൈബല്‍ വിഭാഗത്തിനായി വിവിധ കാര്യങ്ങള്‍ നടപ്പിലാക്കി അദ്ദേഹം. തൊഴിലെടുത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തി. സേവനങ്ങളെ മുന്‍നിര്‍ത്തി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 


 

click me!