വൃദ്ധസദനത്തിന് ആംബുലൻസ് വാങ്ങാൻ വേണ്ടി 12.5 ലക്ഷം രൂപ സമാഹരിച്ച് പതിനഞ്ചുകാരന്‍

By Web TeamFirst Published Jun 5, 2019, 3:50 PM IST
Highlights

"ഒരു ദിവസം വൃദ്ധാശ്രമത്തിന്റെ ഫരീദാബാദ് കാമ്പസിൽ ഒരു  ഐസിയു ഉദ്‌ഘാടനം ചെയ്തു. അപ്പോഴാണ് അവർക്ക് ഒരു ആംബുലൻസിനുള്ള ഫണ്ടിന്റെ ഷോർട്ടേജ്‌ ഉണ്ടെന്ന് അറിയാനായത്. രാത്രിയിൽ ഡൽഹി-എൻസിആർ ഹൈവേയിൽ നിന്നും ആളുകളെ രക്ഷിച്ചു കൊണ്ടുവരാൻ അവർക്ക് ഒരു ആംബുലൻസ് അത്യാവശ്യമായി വേണമായിരുന്നു. അഞ്ചു ലക്ഷം ആയിരുന്നു തുടക്കത്തിൽ സമാഹരിക്കാൻ ഉദ്ദേശിച്ചത്.. " 

ദില്ലി: ന്യൂ ഡൽഹി ബ്രിട്ടീഷ് സ്‌കൂളിലെ പതിനഞ്ചുകാരനായ വിദ്യാർത്ഥിയാണ് വിവാൻ രേഖി. പരമ്പരാഗതമായി ബിസിനസ്സുകാരാണ് വിവന്റെ കുടുംബം. ആഡംബരത്തിന്റെ പരകോടിയിൽ എല്ലാ സുഖങ്ങളും അറിഞ്ഞുകൊണ്ട് ജീവിക്കാനുള്ള വകുപ്പുണ്ട് വീട്ടിൽ. എന്നാൽ, വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നുവീണിട്ടും, കഴിഞ്ഞ കുറേ കൊല്ലമായി അതൊന്നും ആസ്വദിക്കാനുള്ള ഒരു മാനസികാവസ്ഥ വിവാനില്ല. 

അവന്റേത് ഒരു വലിയ കുടുംബമായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം അവന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എന്നും. അവരുടെ സ്നേഹം അറിഞ്ഞും അനുഭവിച്ചും, അവരെ പരമാവധി സ്നേഹിച്ചുമാണ് അവൻ വളർന്നുവന്നത്. ആ സ്നേഹം തന്നെയാണ് അത് കിട്ടാതെ പോവുന്നവരെപ്പറ്റിയുള്ള ചിന്തയിലേക്ക് അവനെ നയിച്ചത്. 

പല അച്ഛനമ്മമാരും തങ്ങളുടെ യൗവ്വനം മുഴുവൻ തങ്ങളുടെ മക്കളെ വളർത്തി വലുതാക്കാൻ വേണ്ടി പ്രയത്നിക്കാറുണ്ട്. തങ്ങൾ അരപ്പട്ടിണി കിടന്നാലും മക്കൾക്ക് വയറുനിറച്ച് ആഹാരം വാങ്ങിക്കൊടുക്കാറുണ്ട്. അവർക്ക് നല്ല വിദ്യാഭ്യാസം കിട്ടാൻ വേണ്ടി അവർ മുണ്ടുമുറുക്കിയുടുത്ത് പകലന്തിയോളം പൊരിവെയിലത്തും എല്ലുമുറിയെ പണിയെടുക്കാറുണ്ട്. അങ്ങനെ അച്ഛനമ്മമാർ ചോര നീരാക്കി വളർത്തിവലുതാക്കുന്ന മക്കൾക്ക് അവർ വലുതായി സ്വന്തം കാലിൽ നിൽക്കാറാവുമ്പോൾ, അച്ഛനമ്മമാർ പലപ്പോഴും ഭാരമായി തോന്നും. അവർ പറയുന്നത് പലതും മക്കൾക്ക് ബോറടിയായി അനുഭവപ്പെടും. ഒടുവിൽ ഒന്നും രണ്ടും പറഞ്ഞ് അവർ അച്ഛനമ്മമാരോട് തെറ്റും. അങ്ങനെ അവരിൽ പലരും വീടുവിട്ടിറങ്ങും. ചിലരെ ചിലപ്പോൾ വീട്ടിൽ നിന്നും അടിച്ചിറക്കും. അങ്ങനെ തെരുവിൽ എത്തിപ്പെടുന്ന പലരെയും നോക്കാൻ ദില്ലിയിൽ ഒരു എൻജിഒ നടത്തുന്നുണ്ട് ഒരു വൃദ്ധസദനമാണ് 'ഗുരു വിശ്രാമം വൃദ്ധാശ്രമം'. സന്ത്‌ ഹർ ദയാൽ എജുക്കേഷന്‍ ആൻഡ് ഓർഫൻസ് വെൽഫെയർ സൊസൈറ്റി ( SHEOWS).

വിവാൻ തന്റെ നിയോഗം കണ്ടെത്തിയത് ഈ സ്ഥാപനത്തിൽ വളണ്ടിയറായി സേവനമനുഷ്ഠിക്കാൻ തന്റെ ഒഴിവുസമയങ്ങൾ സമർപ്പിച്ചുകൊണ്ടാണ്. അങ്ങനെ കിട്ടിയ അനുഭവങ്ങളുടെ വെളിച്ചത്തിൽ തന്റെ സന്നദ്ധ സേവനങ്ങൾ പരമാവധി പേരിലെത്തിക്കാൻ 'റെസ്‌ക്യൂയിങ്ങ് വിസ്‌ഡം' എന്നൊരു സംഘടനയും സ്വന്തമായി തുടങ്ങിയിട്ടുണ്ട്. 

"ഒരു ദിവസം വൃദ്ധാശ്രമത്തിന്റെ ഫരീദാബാദ് കാമ്പസിൽ ഒരു  ഐസിയു ഉദ്‌ഘാടനം ചെയ്തു. അപ്പോഴാണ് അവർക്ക് ഒരു ആംബുലൻസിനുള്ള ഫണ്ടിന്റെ ഷോർട്ടേജ്‌ ഉണ്ടെന്ന് അറിയാനായത്. രാത്രിയിൽ ഡൽഹി-എൻസിആർ ഹൈവേയിൽ നിന്നും ആളുകളെ രക്ഷിച്ചു കൊണ്ടുവരാൻ അവർക്ക് ഒരു ആംബുലൻസ് അത്യാവശ്യമായി വേണമായിരുന്നു. അഞ്ചു ലക്ഷം ആയിരുന്നു തുടക്കത്തിൽ സമാഹരിക്കാൻ ഉദ്ദേശിച്ചത്.. " വിവാൻ പറഞ്ഞു. 

വിവാൻ അപ്പോഴേക്കും വാർട്ടണിൽ നിന്നും ക്രൗഡ് ഫണ്ടിങ്ങിൽ ഒരു ഓൺലൈൻ കോഴ്സ് ചെയ്തിരുന്നു. യേൽ സർവകലാശാലയിൽ നിന്നും പബ്ലിക് റിലേഷൻസ് ആൻഡ് മാർക്കറ്റിംഗിൽ മൂന്നാഴ്‌ചത്തെ ഒരു കോഴ്‌സും.  അതിന്റെ ധൈര്യത്തിന് വിവാനും ഈ ആവശ്യം കാണിച്ചുകൊണ്ട് ഒരു ക്രൗഡ് ഫണ്ടിങ് കാമ്പെയ്ൻ തുടങ്ങി.

"വേണ്ടതിന്റെ മൂന്നിരട്ടി കാശു കിട്ടി. ഒരു രൂപ പോലും പാഴാക്കാതെ ആ ഐസിയുവിന്റെ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തി. എല്ലാവിധ സജ്ജീകരണങ്ങളും ഉള്ള ഒരു എമർജൻസി ആംബുലൻസ് ആയി, വാങ്ങിയ മാരുതി വാനിനെ മാറ്റിയെടുത്തു. സ്‌ട്രെച്ചർ,  ഫസ്റ്റ് എയിഡ്, ഓക്സിജൻ സിലിണ്ടർ, എയര്‍കണ്ടീഷണർ, മെഡിസിൻ ഒക്കെയുണ്ടായിരുന്നു. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട് അവശ നിലയിൽ കണ്ടെത്തുന്ന പാവങ്ങളെയും അവർ കണ്ടെത്തി ഫരീദാബാദ് സെന്ററിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഫരീദാബാദ് സെന്റർ ഒരു ആശുപത്രി പോലെത്തന്നെയാണ്. നല്ല ചികിത്സ അവിടെ ലഭ്യമാണ്. അവിടെ കിടന്നു കൊണ്ട് അസുഖം ഭേദപ്പെടുന്നവരെ ഉത്തർപ്രദേശിലെ ഗർമുഖേശ്വറിലെ കുറേക്കൂടി വലിയ വൃദ്ധാശ്രമത്തിലേക്ക്  മാറ്റി അവിടെ അവർക്ക് ദീർഘകാലത്തേക്ക് അഭയം നൽകുന്നു. അവിടെ ഏകദേശം 200-300 മുതിർന്നവരുണ്ട്.

എത്ര നല്ല ആശയമാണെങ്കിലും പണം ശേഖരിച്ചെടുക്കാൻ എത്ര പ്രയാസമാണെന്ന് വിവാൻ തിരിച്ചറിഞ്ഞത് ഈ ഒരു പരിശ്രമത്തിനിടെ ആയിരുന്നു.  വിവാന്റെ സദുദ്യമത്തെ പ്രശംസിച്ച പലരും കാലണ പോലും  നൽകാൻ തയ്യാറായില്ല. മുതിർന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിഞ്ഞാൽ മാത്രമേ അതിനുവേണ്ടി പ്രവർത്തിക്കാനോ, പണം നൽകാനോ ഉള്ള സന്മനസുണ്ടാവൂ. 

തന്റെ പ്രവർത്തനങ്ങളെപ്പറ്റി മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാവാൻ വേണ്ടി വിവാൻ വൃദ്ധാശ്രമങ്ങളിൽ കഴിയുന്നവരുടെ സങ്കടങ്ങളുടെ ഒരു വീഡിയോ നിർമിച്ചു. സ്‌കൂളിന്റെ ഫോറത്തിലൂടെ തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. അച്ഛനമ്മമാരുടെ സോഷ്യൽ മീഡിയാ കോണ്ടാക്ടുകൾ പ്രയോജനപ്പെടുത്തി പരമാവധി പേരിലേക്ക് സന്ദേശങ്ങളെത്തിച്ചു. യങ്ങ് എന്റർപ്രണേഴ്‌സ് അക്കാദമിയുടെ ദില്ലി ചാപ്റ്റർ അംഗമായതിനാൽ ആ ഫോറം വഴിയും പരമാവധി പേരുമായി ബന്ധപ്പെടാനായി. 

രണ്ടാഴ്ച മുമ്പാണ് വിവാൻ വാങ്ങിയ ആംബുലൻസ് സ്ഥലത്തെത്തിയത്. ആ ആംബുലൻസിലേറി തെരുവിൽ നിന്നും ഒരാളെ രക്ഷിച്ച് തിരിച്ചെത്തിയപ്പോൾ താൻ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല എന്ന് വിവാൻ അറിയിച്ചു. 

"എനിക്ക് ഇപ്പോൾ കേവലം 15  വയസ്സ് കാണുകയുള്ളൂ. എന്നാൽ എന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന അംശം ഈ ഒരു സൽക്കർമത്തിനായി താൻ നീക്കിവെക്കും എന്നും വിവാൻ പറഞ്ഞു. വീട്ടിൽ നിന്നും ഇറക്കി വിട്ട പല പ്രായമായ സ്ത്രീകളും എന്നും ഒരു പ്രതീക്ഷയോടെയാണ് നാളുകൾ തള്ളി നീക്കുന്നത്. എന്നെങ്കിലും ഒരു ദിവസം തങ്ങളുടെ പ്രിയപ്പെട്ടവർ തങ്ങളെ കൂട്ടിക്കൊണ്ടു പോവാൻ എത്തുമെന്ന പ്രതീക്ഷ. അതുകാണുമ്പോൾ വിവന്റെ കണ്ണുനിറയാറുണ്. അവർ അനുഭവിക്കുന്ന അവഗണന, അവർക്ക് നിഷേധിക്കപ്പെടുന്ന സ്നേഹം ഒക്കെ തിരിച്ചറിയുമ്പോൾ വിവാന്റെ കണ്ണ് നിറയും. 

അതുകൊണ്ടാവും വിവാൻ ഇന്നും പറയുന്നത് ഒരേ കാര്യമാണ്.. "എന്റെ ശിഷ്ട ജീവിതം, എത്ര കാലം സാധിക്കുമോ അത്രയും കാലം, ഇവരുടെ സേവയ്ക്കായി എന്റെ ജീവിതം എന്നും പ്രതിജ്ഞാ ബദ്ധമായിരിക്കും. അവർ ഒറ്റയ്ക്കല്ല എന്ന തോന്നൽ അവർക്ക് ഉണ്ടാക്കാൻ എനിക്കാവണം." 


 

click me!