
തമിഴ്നാട്ടിലെ നങ്കനല്ലൂരിലും അണ്ണാനഗറിലും സിൽക്ക് സാരി കടകൾ നടത്തുന്ന, ഇന്‍സ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇന്‍ഫ്ലുവൻസർ നാഗലക്ഷ്മിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെന്നൈയിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ഭർത്താവിനെ മൃതദേഹത്തിന് സമീപത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡെന്‍റിസ്റ്റിന് പഠിക്കുന്ന ഇവരുടെ ഇളയ മകൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
നങ്കനല്ലൂരിലും അണ്ണാനഗറിലും സിൽക്ക് സാരി കടകൾ നടത്തുന്ന നാഗലക്ഷ്മി ഇന്‍സ്റ്റാഗ്രാമിലെ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്. പ്രത്യേകിച്ചും സിൽക് സാരി ആരാധകരാണ് ഇവരുടെ ഫോളോവേഴ്സ്. സിൽക്ക് സാരിയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സാരി ധരിക്കുന്നതിനുള്ള നുറുങ്ങുകൾൾ പങ്കുവയ്ക്കുന്നതിലൂടെയും പുതിയ സിൽക്ക് സാരികൾ പരിചയപ്പെടുത്തുന്നതിലൂടെയും ഇന്‍സ്റ്റാഗ്രാമിൽ ഏറെ പ്രശസ്തയാണിവർ. കുടുംബത്തിന്‍റെ ഏക ആശ്രയവും ശ്രീസായി സിൽക്‌സിന്‍റെ ഉടമയുമായ നാഗലക്ഷ്മിയായിരുന്നു. നാഗലക്ഷ്മി - സുബ്രഹ്മണ്യൻ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണുള്ളത്. ഒരാൾ റഷ്യയിൽ മെഡിക്കൽ പഠനം നടത്തു. രണ്ടാമത്തെ മകൻ ചെന്നൈയിൽ ഡന്‍റിസ്റ്റിന് പഠിക്കുന്നു. നാഗലക്ഷ്മിയുടെ മരണം ഇവരുടെ കുടുംബത്തിലെ അസ്വസ്ഥതകൾ വെളിച്ചെത്ത് കൊണ്ടുവരുന്നായിരുന്നു.
രണ്ട് വർഷം മുമ്പ് സുബ്രഹ്മണ്യൻ, നാഗലക്ഷ്മിയെയും മക്കളെയും ഉപേക്ഷിച്ച് വീട് വിട്ട് പോയിരുന്നു. പിന്നീട് ഒറ്റയ്ക്കാണ് നാഗലക്ഷ്മി രണ്ട് മക്കളുടെ പഠനവും വസ്ത്രക്കടകളും നോക്കി നടത്തിയിരുന്നത്. എന്നാൽ അടുത്തിടെ ഇയാൾ വീണ്ടും വീട്ടിലെത്തി. തിരിച്ചെത്തിയതിന് പിന്നാലെ സുബ്രഹ്മണ്യൻ ഭാര്യയോടൊപ്പം താമസവും ആരംഭിച്ചു. ഇക്കാലത്ത് ഇരുവർക്കുമിടയിൽ തർക്കങ്ങളും ആരംഭിച്ചു. അച്ഛനിൽ നിന്നും തീർത്തും മോശമായ ചില സന്ദേശങ്ങൾ ലഭിച്ചെന്ന് പരാതിപ്പെട്ട് ഇളയ മകൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇരുവർക്കുമിടയിലെ തർക്കമാണ് കൊലപാതകത്തിലും പിന്നാലെ മറ്റൊരാളുടെ ആത്മഹത്യയിലുമെത്തിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.