
ചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങൾ സർക്കാർ ഇൻഷുറൻസ് ഫണ്ട് തട്ടിയെടുക്കാൻ വലിയ തോതിലുള്ള ക്രമക്കേടുകൾ നടത്തുന്നതായി റിപ്പോർട്ട്. ആരോഗ്യവാനായ വ്യക്തികളെ നിയമവിരുദ്ധമായി രോഗികളായി ചിത്രീകരിച്ച് ആശുപത്രിയിൽ താമസിപ്പിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നത്. 'ബീജിംഗ് ന്യൂസ്' നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ചൈനയിലെ പൊതുജന ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ ചെലവിന്‍റെ ഭൂരിഭാഗവും സർക്കാർ വഹിക്കും. ഇത് മുതലെടുക്കാൻ ഷിയാങ്‌യാങ്, യിചാങ് എന്നീ നഗരങ്ങളിലെ ആശുപത്രികളിലാണ് വ്യാപക തട്ടിപ്പ് നടന്നത്. താഴ്ന്ന വരുമാനക്കാർക്കും പ്രായമായവർക്കും സൗജന്യ ഭക്ഷണവും താമസവും വാഗ്ദാനം ചെയ്താണ് ആശുപത്രികളിൽ എത്തിക്കുന്നത്. യഥാർത്ഥത്തിൽ ഇവർക്ക് ചികിത്സയുടെ ആവശ്യമില്ലെങ്കിലും ഇവരെ ദീർഘകാല രോഗികളായി രജിസ്റ്റർ ചെയ്യുന്നു. രോഗികൾക്ക് നൽകിയിട്ടില്ലാത്ത പരിശോധനകളും മരുന്നുകളും രേഖകളിൽ ഉൾപ്പെടുത്തി വൻതുക ഇൻഷുറൻസ് ക്ലെയിമായി തട്ടിയെടുക്കുന്നു. പുതിയ ആളുകളെ ആശുപത്രിയിൽ എത്തിക്കുന്ന ജീവനക്കാർക്ക് 400 മുതൽ 1,000 യുവാൻ വരെ (ഏകദേശം 5,000 - 12,000 രൂപ) കമ്മീഷനും നൽകും.
ഒരു മാധ്യമപ്രവർത്തകൻ രോഗിയുടെ ബന്ധുവായും നഴ്സായും വേഷം മാറി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 'ഷിയാങ്‌യാങ് ഹോങ്കാൻ' ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സിനെ പോലും അവിടെ 'രോഗി'യായാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇൻഷുറൻസ് തുക തട്ടാൻ താൻ ആശുപത്രിയുമായി സഹകരിക്കുകയായിരുന്നുവെന്ന് അവർ സമ്മതിച്ചു. ആരോഗ്യവാനായ ഒരു വ്യക്തി 90 ദിവസം അവിടെ താമസിച്ചപ്പോൾ ഏകദേശം 12,426 യുവാൻ (ഏകദേശം 1.6 ലക്ഷം രൂപ) ബില്ലാണ് ഈടാക്കിയത്. ഇതിൽ പകുതിയിലധികം തുക തനിക്ക് ലഭിക്കാത്ത ചികിത്സകൾക്കായിരുന്നുവെന്നും അയാൾ വെളിപ്പെടുത്തി. ആശുപത്രിയിൽ കഴിയുന്നവരുടെ ഫോണുകൾ പിടിച്ചുവെക്കുകയും വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്നു. ചില രോഗികളെ ശാരീരികമായി ഉപദ്രവിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മാനസികാരോഗ്യ കേന്ദ്രങ്ങൾ പുറംലോകവുമായി ബന്ധമില്ലാതെ അടച്ചുപൂട്ടി പ്രവർത്തിക്കുന്നതാണ് ഇത്തരം തട്ടിപ്പുകൾക്ക് കാരണമെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്ക് ലഭിക്കുന്ന ചികിത്സയെക്കുറിച്ച് ചോദ്യം ചെയ്യാൻ കഴിയാത്ത നിസ്സഹായരായ രോഗികളെയാണ് ഇതിനായി ഇരയാക്കുന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് ചൈനീസ് അധികൃതർ 50-ലധികം ആശുപത്രികളിൽ പരിശോധന നടത്തി. ഷിയാങ്‌യാങ്ങിലും പരിസര പ്രദേശമായ യിചാങ്ങിലുമുള്ള ആരോഗ്യവകുപ്പ് അധികൃതർ ഔദ്യോഗിക അന്വേഷണം ആരംഭിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.