റഡാറുകള്‍ വെട്ടിച്ച് നഗരങ്ങള്‍ തകര്‍ക്കും, ഇസ്രായേലിനെതിരെ ഇറാന്റെ വജ്രായുധം!

Published : Sep 13, 2022, 07:26 PM IST
 റഡാറുകള്‍ വെട്ടിച്ച് നഗരങ്ങള്‍ തകര്‍ക്കും,   ഇസ്രായേലിനെതിരെ ഇറാന്റെ വജ്രായുധം!

Synopsis

ഇസ്രായേലി നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ എന്നിവയെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍ 

ഇസ്രായേലി നഗരങ്ങളില്‍ കനത്ത ആക്രമണം നടത്താന്‍ ശേഷിയുള്ള ഡ്രോണുമായി ഇറാന്‍. ഇസ്രായേലിലെ തീരേദശ നഗരങ്ങളില്‍ ചാവേറാക്രമണം നടത്താന്‍ പര്യാപ്തമായ അത്യാധുനിക ഡ്രോണ്‍ വികസിപ്പിച്ചതായി ഇറാനിലെ മുതിര്‍ന്ന സൈനിക കമാന്‍ഡറാണ് അറിയിച്ചത്. നേരത്തെ ഉണ്ടായിരുന്ന ഡ്രോണ്‍ കൂടുതല്‍ സൗകര്യങ്ങളോടെ സൈനിക ഗവേഷണ വിഭാഗം വികസിപ്പിച്ചതായാണ് ഇറാന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിലെ പ്രസ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അറാഷ് രണ്ട് എന്നാണ് പുതിയ ഡ്രോണിന്റെ പേര്. അടുത്തു തന്നെ ഇത് വ്യോമാഭ്യാസ പ്രകടനത്തില്‍ പുറത്തിറക്കുമെന്ന് ഇറാന്‍ കരസേനാ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ കിരോമാര്‍സ് ഹൈദരിയാണ് അറിയിച്ചത്. ഇറാന്‍ ഔദ്യോഗിക ചാനലായ ഐരിബ് ടി വണ്ണിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇസ്രായേലുമായി സംഘര്‍ഷമുണ്ടായാല്‍ ഈ ആയുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നും കമാന്‍ഡര്‍ പറഞ്ഞു. 

ഇസ്രായേലി നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ എന്നിവയെ ആക്രമിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍ എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അറാഷ് ഒന്ന് എന്ന ഡ്രോണ്‍ ഇറാന്‍ പുറത്തിറക്കിയിരുന്നു. ഇതിന് വകഭേദങ്ങള്‍ വരുത്തിയാണ് പുതിയ ഡ്രോണ്‍ പുറത്തിറക്കിയത്. റഡാറുകളെ വെട്ടിച്ച് നിശ്ചിത ലക്ഷ്യ സ്ഥാനങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് പുതിയ ഡ്രോണ്‍. ആളില്ലാതെ, ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചെത്തി ആക്രമണം നടത്തി മടങ്ങാന്‍ ശേഷിയുള്ളതാണ് ഇത്. ലക്ഷ്യ സ്ഥാനത്ത് ആക്രമണം നടത്താന്‍ കൃത്യതയേറിയതാണ് ഇതെന്നാണ് ഇറാന്‍ വൃത്തങ്ങള്‍ പറയുന്നത്. 

2019- ജനുവരിയില്‍ നടന്ന വ്യോമാഭ്യാസ പ്രദര്‍ശനത്തിലാണ് ഈ ഡ്രോണിന്റെ മുന്‍ഗാമിയായ അറാഷ് ഒന്ന് പുറത്തിറക്കിയിരുന്നത്. തെക്കുകിഴക്കന്‍ ഇറാനിലെ മക്‌റാന്‍ തീരത്തു സ്ഥാപിച്ച പോര്‍ട്ടബിള്‍ ലോഞ്ചറില്‍നിന്ന് വിക്ഷേപിച്ച ആ ഡ്രോണ്‍ അന്ന് 1400 കിലോ മീറ്റര്‍ അതുവേഗത്തില്‍ താണ്ടിയ ശേഷം മധ്യ ഇറാനിയന്‍ പ്രവിശ്യയായ സെംനാനിലെ ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുകയായയിരുന്നു. നാലര മീറ്റര്‍ നീളമുള്ള ഈ േഡ്രാണിന്റെ ചിറകുകള്‍ അതിവേഗത ലക്ഷ്യമിട്ടുള്ള ഡെല്‍റ്റ ഡിസൈനിലുള്ളതാണ്. ദീര്‍ഘദൂര ആക്രമണങ്ങള്‍ക്ക് ഉചിതമായ വിധത്തിലാണ് ഈ ഡ്രോണ്‍ തയ്യാറാക്കിയിരുന്നത്. 

ഇതില്‍നിന്നും കാതലായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഡ്രോണ്‍ തയ്യാറാക്കിയത് എന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പുതിയ ആയുധം ഇതുവരെ പുറത്തിറക്കിയിട്ടില്ല. വൈകാതെ വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ ഇവ പുറത്തിറക്കുമെന്നാണ് കരസേനാ മേധാവി അറിയിക്കുന്നത്. 


 

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!