
ടെഹ്റാൻ: മഴയെത്തുടർന്ന് ഉരുൾപ്പൊട്ടലും പ്രളയും മണ്ണൊലിപ്പൊക്കെ ഉണ്ടാകുന്നത് സാധാരണ സംഭവമാണ്. എന്നാൽ ഒരു മഴക്ക് പിന്നാലെ ഒരു പ്രദേശമാകെ നിറം മാറി ചോര ചുവപ്പായാലോ! ഒരു മഴ പെയ്താൽ ഭൂമിയുടെ നിറം മാറുമെന്നത് കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നാമെങ്കിലും സംഭവം യാഥാർഥ്യമാണ്. കനത്ത മഴ പെയ്തതിന് പിന്നാലെ ഇറാനിലെ ഹോർമുസ് ദ്വീപിന്റെ തീരപ്രദേശങ്ങൾ ഒറ്റരാത്രികൊണ്ടാണ് ചുവപ്പ് നിറത്തിലായത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് അസാധ്യമെന്ന് തോന്നുന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കുമെന്നത് വ്യക്തമായത്.
മഴ പെയ്തതിന് പിന്നാലെ ഹോർമുസ് ദ്വീപിലെ കടൽത്തീരങ്ങളും ആഴം കുറഞ്ഞ പ്രദേശത്തെ ജലത്തിനും ചുവപ്പ് നിറമായി എന്നാണ് റിപ്പോർട്ടുകൾ. ആദ്യം അമ്പരപ്പുണ്ടാക്കിയെങ്കിലും അതിശയിപ്പിക്കുന്ന ഈ പ്രതിഭാസം പിന്നീട് ആഗോളതലത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഹോർമുസ് ദ്വീപിന്റെ സവിശേഷമായ ഭൂപ്രകൃതിയാണ് ഇതിന് പ്രധാന കാരണം. ഹോർമുസ് ഇരുമ്പ് ഓക്സൈഡാൽ (പ്രത്യേകിച്ച് ഹെമറ്റൈറ്റ്) സമ്പന്നമാണ്. ദ്വീപിലെ മണ്ണിലും പാറകളിലും അയൺ ഓക്സൈഡ് (Iron oxide), പ്രത്യേകിച്ച് ഹെമറ്റൈറ്റ് (Hematite) എന്ന ധാതു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതാണ് മണ്ണിന് കടും ചുവപ്പ് നിറം നൽകുന്നത്.
മഴ പെയ്തതോടെ ഹെമറ്റൈറ്റ്ലയിച്ച് ഇരുമ്പ് ഓക്സൈഡ് കണികകളെ തീരത്തേക്ക് കൊണ്ടുപോകുന്നു. ഇതിന്റെ ഫലമായി മണലിലും വെള്ളത്തിലും ചുവപ്പ് നിറമുണ്ടാകുന്നുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. ഈ പ്രതിഭാസം പൂർണമായും സ്വാഭാവികവും നിരുപദ്രവകരവുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മണ്ണൊലിപ്പ് കൂടുതലുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നതെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ചൊവ്വയുടെ ഉപരിതലം ചുവപ്പ് നിറത്തിൽ കാണപ്പെടാനുള്ള കാരണവും ഹെമറ്റൈറ്റിന്റെ നിക്ഷേപമാണ്.
പേർഷ്യൻ ഗൾഫിലെ മഴവില്ല് ദ്വീപ് എന്നാണ് ഹോർമുസ് അറിയപ്പെടുന്നത്. വർണ്ണാഭമായ ഭൂപ്രകൃതി ഉള്ളതിനാലാണ് ഹോർമുസ് ദ്വീപ് മഴവില്ല് ദ്വീപ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. മഞ്ഞ, ഓറഞ്ച് തുടങ്ങിയി വിവിധ ഷെയ്ഡുകളിലുള്ള നിറങ്ങൾ ദ്വീപിന്റെ പലഭാഗത്തെയും ഭൂപ്രകൃതിയിൽ കാണാം. വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ ഡെസ്റ്റിനേഷനുകളിലൊന്നാണ് ഹോർമുസ്. എന്തായാലും മഴയത്ത് ഭൂമിയുടെ നിറം മാറി ചുവപ്പ് മണ്ണായി മാറിയ ദ്വീപിന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.