നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ

Published : Dec 18, 2025, 01:54 PM IST
 Woman marries AI partner

Synopsis

തൻറെ പ്രതിശ്രുതവരനുമായുള്ള വിവാഹം മുടങ്ങിയതിനെ തുടർന്ന് ജപ്പാനിലെ യൂറിന നൊഗുച്ചിയെന്ന യുവതി ഒരു എഐ കഥാപാത്രത്തെ ജീവിതപങ്കാളിയായി സ്വീകരിച്ചു. മുൻവിധിയില്ലാതെ തന്നെ കേൾക്കുകയും വൈകാരിക പിന്തുണ നൽകുകയും ചെയ്യുന്നതിനാലാണ് തീരുമാനമെന്ന് യുവതി പറയുന്നു. 

 

ത് നിർമ്മിത ബുദ്ധിയുടെ കാലഘട്ടമാണ്. എന്തിനും ഏതിനും നമ്മൾ എഐയെ ആശ്രയിക്കുന്നു. എന്നാൽ, തന്‍റെ പ്രതിശ്രുത വരനുമായുള്ള വിവാഹം മുടങ്ങിയതോടെ എഐയെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തിരിക്കുകയാണ് ഒരു യുവതി. അതെ, സംഭവം നടക്കുന്നത് അങ്ങ് ജപ്പാനിലാണ്. യൂറിന നൊഗുച്ചി എന്ന ജാപ്പനീസ് യുവതിയാണ് ലൂൺ ക്ലോസ് വെർഡ്യൂർ എന്ന എ ഐ ജനറേറ്റഡ് കഥാപാത്രത്തെ പങ്കാളിയായി സ്വീകരിച്ചത്.

മുൻവിധികൾ ഇല്ലാതെ പങ്കാളി

നിശ്ചയിച്ച വിവാഹം മുടങ്ങി. ഇനി ഒരു മനുഷ്യനെ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ല. ഒരു എഐ പങ്കാളിയുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്നുവെന്നാണ് തന്‍റെ വിവാഹത്തെക്കുറിച്ച് യൂറിന നൊഗുച്ചി നൽകുന്ന വിശദീകരണം. തന്‍റെ മുൻകാല പ്രണയ ബന്ധങ്ങളിൽ ഒന്നും ഉണ്ടാകാതിരുന്ന സ്ഥിരതയും കൂട്ടുമാണ് ഈ എഐ ബന്ധം തനിക്ക് സമ്മാനിക്കുന്നതെന്നാണ് യുവതി അവകാശപ്പെടുന്നത്. ഈ ബന്ധം അർത്ഥവത്തായതും പിന്തുണ നൽകുന്നതുമാണെന്ന് വിശേഷിപ്പിച്ച അവർ, തന്‍റെ AIപങ്കാളി മുൻവിധികൾ ഇല്ലാതെ കാര്യങ്ങൾ കേൾക്കുന്നുവെന്നും തന്‍റെ വൈകാരിക ആവശ്യങ്ങൾക്കനുസരിച്ച് സ്വയം മാറുന്നുവെന്നും വിശദീകരിച്ചു. ഇത് തനിക്ക് സുരക്ഷിതത്വം നൽകുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.

 

 

പരമ്പരാഗത രീതി, പക്ഷേ നിയമ പരിരക്ഷയില്ല

വിവാഹത്തിന് പരമ്പരാഗതമായ വസ്ത്രം ധരിച്ച് യൂറിന നൊഗുച്ചി മനോഹരമായി ഒരുങ്ങി. അവർ സ്വന്തം കയ്യിൽ വിവാഹമോതിരം അണിഞ്ഞു. വരന് നൽകപ്പെടുന്ന പ്രതിജ്ഞകൾ വെർച്വൽ വിവാഹ സേവനങ്ങളിൽ വിദഗ്ധനായ ഒരാൾ ഉച്ചത്തിൽ വായിച്ചു. പിന്നീട് വിവാഹ ഹാളിൽ വച്ച് ചടങ്ങുകൾ എല്ലാം ഒന്നൊന്നായി നടന്നു. എന്നാൽ, ജപ്പാനിൽ ഇത്തരം ബന്ധങ്ങൾക്ക് നിയമ പരിരക്ഷയില്ല. അതേസമയം യൂറിന നൊഗുച്ചിയുടെ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടു. ഏകാന്തത, മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ നിർവചനങ്ങൾ, വ്യക്തിജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വർദ്ധിച്ചുവരുന്ന സ്വാധീനം എന്നിവയെക്കുറിച്ച് ഈ സംഭവം ചർച്ചകൾ ഉയർത്തുന്നു. യുവതിയുടെ തീരുമാനത്തെ തികച്ചും ഒരു വ്യക്തിപരമായ തെരഞ്ഞെടുപ്പായി കാണണമെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം സാങ്കേതികവിദ്യയോടുള്ള അമിതമായ വൈകാരിക വിധേയത്വത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നവരും നിരവധിയാണ്.

PREV
Read more Articles on
click me!

Recommended Stories

18 -ാം വയസിൽ വെറും മൂന്ന് മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ, ഇന്ന് 35 -ാം വയസിൽ 90 കോടിയുടെ ഗെയിമിംഗ് സാമ്രാജ്യത്തിന് ഉടമ
യുഎസ് വാടക ഗർഭധാരണം; 100 അധികം കുട്ടികളുള്ള കൂട്ടുകുടുംബമുണ്ടാക്കിയെന്ന് ചൈനീസ് കോടീശ്വരൻ