പുലർച്ചെ മൂന്നുമണിക്ക് ട്രെയിനിൽ 'ചായ... ചായ'; യാത്രക്കാരന്‍റെ പരാതിയിൽ നടപടിയെടുത്ത് ഐആർസിടിസി

Published : May 30, 2025, 02:52 PM IST
പുലർച്ചെ മൂന്നുമണിക്ക് ട്രെയിനിൽ 'ചായ... ചായ'; യാത്രക്കാരന്‍റെ പരാതിയിൽ നടപടിയെടുത്ത് ഐആർസിടിസി

Synopsis

എസി കോച്ചില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് ചായ വില്പനക്കാരനെത്തിയത് ഉറക്കം കളഞ്ഞെന്ന യാത്രക്കാരന്‍റെ പരാതിയില്‍ നടപടിയെടുത്ത് ഐആര്‍സിടിസി. 

ട്രെയിൻ യാത്ര എന്ന് പറയുമ്പോഴേ അറിയാതെ നമ്മുടെ ചെവികളിൽ മുഴങ്ങി കേൾക്കുന്ന മറ്റൊരു ശബ്ദം കൂടിയുണ്ട്. മറ്റൊന്നുമല്ലത് ചായ, ചായ എന്നുള്ള നീട്ടി വിളികൾ തന്നെ. ചില നേരങ്ങളിൽ ആ ശബ്ദം ഏറെ ആശ്വാസകരം ആണെങ്കിലും ചിലപ്പോഴൊക്കെ ആ ശബ്ദം നമ്മളെ അലോസരപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് ഉറക്കത്തെ മുറിച്ച് കൊണ്ട് അവ നമ്മുടെ ചെവികളിൽ പതിക്കുമ്പോൾ. ഏതായാലും അത്തരത്തിൽ ഒരു സംഭവത്തിൽ നടപടി എടുത്തിരിക്കുകയാണ് ഐആർസിടിസി. പുലർച്ചെ 3:00 മണിക്ക് ഉറങ്ങിക്കിടന്ന യാത്രക്കാർക്ക് മുഴുവൻ ശല്യമായി തീർന്ന ഒരു ചായ വില്പനക്കാരനെതിരെയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.  ഗംഗാ - കാവേരി എക്സ്പ്രസിലാണ് സംഭവം നടന്നത്. ഒരു യാത്രക്കാരന്‍റെ പരാതിയിലാണ് പുലർച്ചെ മൂന്നുമണിക്ക് ചായ വിൽപ്പനയ്ക്കായിയെത്തിയ ആൾക്കെതിരെ ഐആർസിടിസി നടപടിയെടുത്തത്.

പ്രയാഗ്‌രാജിൽ നിന്ന് ഗാസിപൂർ സിറ്റിയിലേക്ക് പോകുകയായിരുന്ന ഗംഗാ കാവേരി എക്സ്പ്രസിൽ (ട്രെയിൻ നമ്പർ 12669) അടുത്തിടെ നടന്ന ഈ  സംഭവം വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. ചെന്നൈയിൽ നിന്ന് ബീഹാറിലെ ഛപ്രയിലേക്ക് പോകുകയായിരുന്ന 3 എസി കോച്ചിലെ ഒരു യാത്രക്കാരനാണ് പുലർച്ചെ മൂന്നുമണിയോടെ കോച്ചിൽ ചായ വിൽപ്പനയ്ക്കായി എത്തിയ കച്ചവടക്കാരനെതിരെ പ്രതികരിച്ചത്. ഉറങ്ങിക്കിടന്ന ആളുകളെ വിളിച്ച് എഴുന്നേല്‍പ്പിച്ച ചായ വേണോ എന്ന് ചോദിച്ച് കൊണ്ടായിരുന്നു കച്ചവടക്കാരന്‍റെ ചായ വിൽപ്പന.

ഇതിൽ അസ്വസ്ഥനായ യാത്രക്കാരൻ ചായ വില്പനക്കാരനെ ശാസിക്കുകയും ഐആർസിടിസിയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. താൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നായിരുന്നു ചായ വില്പനക്കാരന്‍റെ മറുപടി.  ഇതിന് ശേഷവും ചായ വില്പനക്കാരൻ തന്‍റെ പ്രവർത്തി തുടർന്നു. പിന്നാലെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിച്ച് സമൂഹ മാധ്യമത്തില്‍  പങ്കുവച്ചു. 26 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമത്തില്‍  പ്രചരിച്ചത്.

@prashantrai2011 എന്ന എക്സ് ഹാൻഡിൽ നിന്നായിരുന്നു യാത്രക്കാരൻ ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയോടൊപ്പം തന്‍റെ പിഎൻആർ പങ്കുവെച്ച ഇദ്ദേഹം, പാതിരാത്രിയില്‍  ഉറങ്ങുന്ന സമയത്ത് എ സി കോച്ചുകളിൽ ചായ വിൽക്കുന്നതിനെ കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ചു. യാത്രക്കാർക്ക് ഏറെ അലോസരമുണ്ടാക്കുന്ന  ഈ പ്രവർത്തിക്ക് ഇന്ത്യൻ റെയിൽവേ അനുമതി നൽകിയതിനെ അദ്ദേഹം വിമർശിക്കുകയും അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സമൂഹ മാധ്യമ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഐആർസിടിസി വിഷയത്തിൽ ഇടപെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. 
 

 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ