ആസം ഖാനോട് യോഗി ആദിത്യനാഥ് പകപോക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി; ഉപ്പുതിന്നവൻ വെള്ളം കുടിക്കുമെന്ന് യോഗി

Published : Mar 03, 2020, 11:11 AM ISTUpdated : Mar 03, 2020, 11:14 AM IST
ആസം ഖാനോട് യോഗി ആദിത്യനാഥ് പകപോക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി;  ഉപ്പുതിന്നവൻ വെള്ളം കുടിക്കുമെന്ന് യോഗി

Synopsis

ആസം ഖാനെതിരെ സമാനതകളില്ലാത്ത ആക്രമണമാണ് സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 'ഭൂമാഫിയക്കാരൻ', 'ആട് കള്ളൻ' എന്നൊക്കെയാണ് ഖാൻ മുദ്രകുത്തപ്പെട്ടിരിക്കുന്നത്. 

ആസം ഖാനും കുടുംബവും വ്യാജ ജനനസർട്ടിഫിക്കറ്റ് കേസിൽ രാംപൂർ കോടതിക്ക് മുമ്പാകെ കീഴടങ്ങിയ ശേഷം ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ബുധനാഴ്ച നിയമസഭയിൽ പറഞ്ഞത് ഇങ്ങനെ, "സംസ്ഥാന ഗവൺമെന്റ് നാട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം തൂത്തു കളയുകയാണ്." യുപിയിൽ പടർന്നുപിടിച്ച പന്നിപ്പനിയുമായി ബന്ധപ്പെടുത്തിയാണ് യോഗി വളച്ചുകെട്ടിക്കൊണ്ട് ആസം ഖാനെ ആക്രമിച്ചത്. "രോഗാണുക്കൾ വളരുന്നത് മാലിന്യത്തിലാണ്. എല്ലാത്തരം മാലിന്യങ്ങളെയും തൂത്തു വെളിയിൽ കളയാനുള്ള ക്യാമ്പെയിൻ ആണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്." ആസം ഖാന്റെ അറസ്റ്റിനു പിന്നാലെ ഇനിയും അഴിമതിക്കാരുടെ അറസ്റ്റുകളുണ്ടാകും എന്നും അഴിമതിയാകുന്ന വൈറസ് ബിജെപി സർക്കാർ തുടച്ചു നീക്കും എന്നുമായിരുന്നു യോഗി പറയാൻ ഉദ്ദേശിച്ചത്. 

ആസം ഖാനെതിരെ സമാനതകളില്ലാത്ത ആക്രമണമാണ് സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. 'ഭൂമാഫിയക്കാരൻ', 'ആട് കള്ളൻ' എന്നൊക്കെയാണ് ഖാൻ മുദ്രകുത്തപ്പെട്ടിരിക്കുന്നത്. നിലവിലുള്ള അന്വേഷണങ്ങൾക്ക് പുറമെ ഇൻകം ടാക്‌സിന്റെ വേട്ടയാടലും ഖാനെതിരെ സജീവമാണ്. ജൗഹർ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകളുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഖാന്റെ പിന്നാലെയുണ്ട്. സമാജ്‌വാദി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ആസം ഖാൻ യുപിയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ്. ആസം ഖാനും, ഭാര്യയ്ക്കും, മകനും എതിരെയാണ് യോഗി സർക്കാർ ആകെ 86 കേസുകളാണ് ഇതുവരെ ചാർജ് ചെയ്തിട്ടുള്ളത്. 57 കേസുകളിലായിരുന്നു രാംപൂർ കോടതിയിൽ ഖാൻ കുടുംബം സറണ്ടർ അപേക്ഷ നൽകിയത്. അതിൽ മൂന്നു കേസുകളിൽ മാത്രമേ ഇതുവരെ ജാമ്യം കിട്ടിയിട്ടുള്ളൂ. ബാക്കി കേസുകൾ മാർച്ച് 3 -നും 20 -നുമിടയിൽ കോടതി പരിഗണിക്കും. 

ആസം ഖാൻ, പത്നിയും നിയമസഭാംഗവുമായ തസീൻ ഫാത്തിമ, മകൻ അബ്ദുല്ല ആസം എംഎൽഎ എന്നിവരാണ് രാംപൂരിലെ കോടതിക്കുമുന്നിൽ കീഴടങ്ങിയത്. പ്രസ്തുത കേസിൽ കോടതി ഖാനെയും കുടുംബത്തെയും ഒരാഴ്ചത്തെ റിമാൻഡിൽ അയയ്ക്കുകയാണ് ഉണ്ടായത്. അബ്ദുല്ല ആസം  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേരം തെറ്റായ ജനനത്തീയതി നൽകിയതാണ് കേസിന്റെ തുടക്കം. അദ്ദേഹത്തിൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റുകൾ കണ്ടെടുത്തതും കേസിന് കാരണമായി. രാംപൂർ ജയിലിൽ നിന്ന് അധികം വൈകാതെ അവരെ സീതാപൂർ ജയിലിലേക്ക് മാറ്റി. ഒരു ജനപ്രതിനിധിയായ തന്നോട് ജയിൽ അധികൃതർ തികച്ചും മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത് എന്നും, തന്നോട് ഒരു ഭീകരവാദിയോട് എന്നപോലെയാണ് പെരുമാറുന്നത് എന്ന് ആസം ഖാൻ പറഞ്ഞു. 

സമാജ് വാദി പാർട്ടി തങ്ങളുടെ നേതാവായ ആസം ഖാനൊപ്പമാണുള്ളത്. യോഗി ആദിത്യനാഥ് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ് എന്നാണ് അവരുടെ ആരോപണം. പാർട്ടി സംസ്ഥാന സെക്രട്ടറി നരേഷ് ഉത്തം പറഞ്ഞത് ഇത് യോഗിയുടെ പ്രതികാര രാഷ്ട്രീയം മാത്രമാണ് എന്നാണ്. "ആസം ഖാൻ നിയമം അനുസരിച്ച് ജീവിക്കുന്ന, ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുള്ള ഒരാളാണ്. അതുകൊണ്ടാണ് അദ്ദേഹം കോടതിയിൽ കീഴടങ്ങിയത്. അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിച്ച് തിരികെ വരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്." അദ്ദേഹം പറഞ്ഞു. മുലായം സിങ്ങും അഖിലേഷ് യാദവും ഒക്കെ ശക്തമായിത്തന്നെ ഖാന്റെ പിന്നിൽ ഉണ്ട്. എന്നാൽ ബിജെപി വക്താവായ ചന്ദ്രമോഹൻ പറഞ്ഞത് ഈ നടപടികൾ അഴിമതി തുടച്ചു നീക്കാൻ വേണ്ടി, യോഗി ആദിത്യനാഥ് തുടങ്ങിയിരിക്കുന്ന കർശന നടപടികളുടെ ഭാഗമാണ് എന്നാണ്. 

PREV
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്