പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയാ വിരക്തിക്കു പിന്നിലുള്ള കാരണങ്ങൾ എന്താവാം?

Published : Mar 03, 2020, 09:33 AM ISTUpdated : Mar 03, 2020, 10:20 AM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയാ വിരക്തിക്കു പിന്നിലുള്ള കാരണങ്ങൾ എന്താവാം?

Synopsis

ജനങ്ങളുമായി ഒന്നിച്ച് ബന്ധപ്പെടാനുള്ള ഒരുപാധി എന്ന നിലയിൽ നമോ ആപ്പിൽ അപ്പോഴും പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ബ്രാൻഡ് മോദി അവശേഷിക്കുന്ന ഒരേയൊരിടവും അതാകും.

"ഈ ഞായറാഴ്ച മുതൽ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഇത്യാദിയിൽ നിന്ന് കുറച്ചുകാലത്തേക്ക് ഒന്ന് വിട്ടുനിന്നാലോ എന്നൊരാലോചന..." പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നലത്തെ ട്വീറ്റ് സൈബറുലകത്തിലെ അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തെ കടുത്ത ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. 

"എന്നാലും അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നത് എന്തിനാവും?" എന്ന ചോദ്യം അവരുടെ ഉറക്കം കെടുത്തുന്ന ഒന്നാണ്. ഇത്രയും കാലം വലിയ വലിയ പദ്ധതികളും മറ്റും പ്രഖ്യാപിക്കാൻ മോദി ആശ്രയിച്ചിരുന്ന, അവയെ ഒക്കെ ലൈക്കും ഷെയറും ചെയ്യാൻ അദ്ദേഹത്തിന്റെ ആരാധകരും ആശ്രയിച്ചിരുന്ന ഈ പ്ലാറ്റ്ഫോമുകൾ ഒറ്റയടിക്ക് ത്യജിക്കുക എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും? ഇനിയിപ്പോൾ പ്രധാനമന്ത്രിയുമായി നേരിട്ടൊരു സംവാദത്തിനോ, അദ്ദേഹത്തിന്റെ പദ്ധതികൾ പ്രചരിപ്പിക്കാനോ ഒക്കെ എന്താണ് മാർഗ്ഗം? 

കാരണം അന്വേഷിക്കും മുമ്പ് ഒരു കാര്യം ഓർക്കേണ്ടതുണ്ട്. അദ്ദേഹം അങ്ങനെ ഒരു സർവ്വസംഗപരിത്യാഗത്തെപ്പറ്റി ആലോചിക്കുന്നുണ്ട് എന്നേ പറഞ്ഞിട്ടുള്ളു. പ്രവൃത്തിയിലേക്ക് തല്ക്കാലം കാര്യങ്ങൾ എത്തിയിട്ടില്ല. അതായത് അടുത്ത ഒരാഴ്ച, അതായത് അദ്ദേഹം പറഞ്ഞ ഡെഡ് ലൈൻ ആയ ഞായറാഴ്ച വരെയുള്ള സമയം, അദ്ദേഹത്തിന്റെ ആരാധകരും, അണികളും, പാർട്ടി നേതാക്കളും, എതിരാളികളും, പ്രസ്‍തുത തീരുമാനത്തെപ്പറ്റി കൂലങ്കഷമായി ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്‌തേക്കും. അടുത്ത ആഴ്ച, പബ്ലിക്കിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി തന്റെ ഈ കടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറാനും മതി.

പ്രധാനമന്ത്രിയുടെ ഈ തീരുമാനം വെളിപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിന് പിന്നാലെ അതിനോടുള്ള പ്രതികരണങ്ങളും വന്നിട്ടുണ്ട്. 'സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ അല്ല വെടിയേണ്ടത്, വെറുപ്പിന്റെ രാഷ്ട്രീയമാണ്' എന്ന് രാഹുൽ ഗാന്ധി ഗോളടിച്ചിട്ടുണ്ട്. ട്വിറ്ററിലും ഈ ട്വീറ്റ് വലിയ കോലാഹലങ്ങൾക്ക് ഇടയായിട്ടുണ്ട്. "മോദിജീ, അങ്ങിവിടെ ഉള്ളതുകൊണ്ട് മാത്രമാണ് ഞാനിവിടെ തുടരുന്നത്. അങ്ങില്ലാത്ത ഈ സോഷ്യൽ മീഡിയയിൽ ഞാനും കാണില്ല" എന്നൊക്കെയാണ് ഫാൻ പോസ്റ്റുകൾ. ട്രോളുകളുടെ ഒരു  പെരുമഴയും ഒരറ്റത്തുനിന്ന് തുടങ്ങിയിട്ടുണ്ട്. മോദി ആരോടോ ബ്രേക്ക് അപ്പ് ആയിട്ടുണ്ട്, ഇന്നലെ തന്നെ വാട്ട്സ്ആപ്പ് ഡിപിയും മാറ്റിയിട്ടുണ്ടാകും എന്ന് ഒരാൾ ട്വീറ്റ് ചെയ്തു.

ചില്ലറക്കാരനല്ല സോഷ്യൽ മീഡിയയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും കരുത്തരായ സോഷ്യൽ മീഡിയ സാന്നിധ്യങ്ങളിൽ മുൻപന്തിയിൽ തന്നെയുണ്ട് മോദി. ട്വിറ്ററിൽ 5.33 കോടി ഫോളോവേഴ്സ്, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും 4.45 കോടി ഫോളോവേഴ്സ് വീതം എന്നൊക്കെ പറഞ്ഞാൽ ചില്ലറക്കാര്യമല്ല.

എന്താണ് മോദിയുടെ തീരുമാനത്തിന്റെ ഉദ്ദേശ്യം?

സോഷ്യൽ മീഡിയ ഒരു വ്യക്തിക്ക് സമൂഹവുമായി എളുപ്പത്തിൽ സമ്പർക്കം പുലർത്താനുള്ള മാധ്യമം എന്ന നിലയ്ക്ക് ഏറെ ഉപകാരപ്രദമാണ്, വളരെ വിപ്ലവകരമായ ഒരു സാങ്കേതികവിദ്യയുമാണത്. സോഷ്യൽ മീഡിയയെ ഫലപ്രദമായി വിനിയോഗിക്കാനായാൽ, വളരെ എളുപ്പത്തിൽ ഒരു ക്ലിക്ക് കൊണ്ട് നമ്മുടെ മനസ്സിലെ ആശയങ്ങൾ കോടിക്കണക്കിനു പേരിലേക്ക് പ്രക്ഷേപണം ചെയ്യാനാകും നമുക്ക്. എന്നാൽ വന്നുവന്ന് മനുഷ്യർ പരസ്പരമുള്ള വെറുപ്പിനെ വളർത്താനും, മറ്റുള്ള യൂസർമാർ ലക്ഷ്യമിട്ട് വിദ്വേഷപ്രചാരണങ്ങൾ സംഘടിതമായി നടത്താനും, വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും, ഒരാളെ ലക്ഷ്യമിട്ട് പരിഹസിച്ച് അയാളെ നിരുത്സാഹപ്പെടുത്താനും ബുള്ളി ചെയ്യാനും ഒക്കെ ഇതേ നെറ്റ് വർക്കുകൾ പ്രയോജനപ്പെടുത്തുന്നവരും ഉണ്ട്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളിലും വ്യക്തികേന്ദ്രീകൃതമായ കടന്നാക്രമണങ്ങളിലും പ്രതിഷേധിച്ചുകൊണ്ടുള്ള ഒരു പിന്മടക്കമാകാം ഇത്. ഒരുപക്ഷേ, ഇങ്ങനെ വൈകാരികമായ ഒരു പ്രവൃത്തി ചെയ്യുന്നത്, അതിനു പിന്നാലെ വരാനിരിക്കുന്ന കടുത്ത സോഷ്യൽ മീഡിയ നിയന്ത്രണങ്ങളുടെ മുന്നോടിയാകാം ഇത്. ഐടി ആക്ട് സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കി എങ്കിലും, അതിനേക്കാൾ ഒക്കെ കടുത്ത രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാനുള്ള സാധ്യത കാണുന്നുണ്ട് ഈ തീരുമാനത്തിന്റെ പിന്നാലെ തന്നെയായി.

സോഷ്യൽ മീഡിയ വിട്ടാലും നമോ ആപ്പിൽ ഉണ്ടാകും

ജനങ്ങളുമായി ഒന്നിച്ച് ബന്ധപ്പെടാനുള്ള ഒരുപാധി എന്ന നിലയിൽ നമോ ആപ്പിൽ അപ്പോഴും പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ബ്രാൻഡ് മോദി അവശേഷിക്കുന്ന ഒരേയൊരിടവും അതാകും. അത് തികച്ചും ഏകപക്ഷീയമായ ഒരു സമ്പർക്കം മാത്രമാകും. ഇനി മോദിയെ വിമർശിക്കുന്നവർക്ക് മോദിയെ ടാഗ് ചെയ്തുകൊണ്ട് തങ്ങളുടെ പുച്ഛം രേഖപ്പെടുത്താൻ ആവില്ല. മോദി ഇപ്പോൾ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകൾ ഒക്കെയും ജനാധിപത്യപരമായ ഇടങ്ങൾ കൂടിയാണ്. അവയിൽ നിൽക്കുമ്പോൾ ജനങ്ങളോട് ഒരു ഉത്തരവാദിത്തം കൈവരുന്നുണ്ട് ഏതൊരാൾക്കും. പല ചോദ്യങ്ങൾക്കും മറുപടി നൽകാതെ അവിടെ നില്‍ക്കാൻ കഴിയില്ല. അവയിൽ നിന്ന് പിന്മാറുക എന്നാൽ, തനിക്ക് അസുഖകരം എന്ന് തോന്നുന്ന കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യാതിരിക്കുക എന്ന ഒരു ലക്ഷ്വറി കൂടി പ്രധാനമന്ത്രിക്ക് കൈവരുന്നുണ്ട്. തനിക്ക് തോന്നുമ്പോൾ മാത്രം കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക. അവരുടെ വിദ്വേഷം കലർന്ന, അല്ലെങ്കിൽ വിമർശനസ്വരത്തിലുള്ള ട്വീറ്റുകളും, ഫേസ്ബുക് പോസ്റ്റുകളും ഒന്നും കാണേണ്ടി വരാതിരിക്കുക. അത് എത്ര നല്ല ഒരു പരിപാടിയാണ് ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ?

മേൽപ്പറഞ്ഞ എല്ലാ സാമൂഹ്യമാധ്യമങ്ങളുടെയും നിയന്ത്രണം വിദേശത്താണ് എന്നതും ഈ തീരുമാനത്തിന് ഒരു കാരണമാകാം. ഡാറ്റ, പ്രൈവസി വിഷയങ്ങളിൽ പ്രസ്തുത കമ്പനിയുമായുള്ള ഇടപാടുകൾ മോശമായതും ഇങ്ങനെ ഒരു കടുത്ത നടപടിക്ക് കാരണമായിരുന്നിട്ടുണ്ടാകാം. പ്രധാനമന്ത്രിയുടെ ഈ ഇറങ്ങിപ്പോക്ക് സാമൂഹ്യ മാധ്യമങ്ങളെ സാരമായി ബാധിച്ചേക്കാം. അതുകൊണ്ട്, അവർ സമ്മർദ്ദത്തിന് വഴങ്ങി തങ്ങളുടെ നയങ്ങൾ പ്രധാനമന്ത്രിയുടെ താത്പര്യത്തിന് വഴങ്ങി മാറ്റിമറിച്ചേക്കാൻ സാധ്യതയുണ്ട്.

ജിയോ പോലുള്ള സർവീസ് പ്രൊവൈഡർമാർക്ക് ഗുണം ചെയ്യുന്ന രീതിയിൽ ടെലികോം രംഗത്തുതന്നെ ഉണ്ടായ മാറ്റങ്ങൾ നമ്മൾ കണ്ടതാണ്. പ്രധാനമന്ത്രിയുടെ ഈ വിപ്ലവാത്മകമായ തീരുമാനം, 100 % സ്വദേശിയായ, ഇന്ത്യൻ താത്പര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഒരു പുതിയ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിന്റെ ഉദയത്തിനുള്ള നിമിത്തമാണോ എന്നുപോലും സംശയിക്കാൻ ന്യായമുണ്ട്. ഏതിനും, കാത്തിരുന്ന് കാണുക തന്നെ..! 

PREV
click me!

Recommended Stories

എഐ ചിത്രങ്ങളോടുള്ള പ്രതിഷേധം: സഹപാഠിയുടെ കലാസൃഷ്ടികൾ ചവച്ചരച്ച് വിഴുങ്ങി വിദ്യാർത്ഥി, പിന്നാലെ അറസ്റ്റിൽ
ഇരട്ട സഹോദരന്മാരെ ഒരേസമയം ഡേറ്റ് ചെയ്ത് യുവതി; പിന്തുണച്ച് ഇരുകുടുംബങ്ങളും