
ഓരോ നാട്ടിലും അധികമാരും അറിയാത്ത ചില കൗതുകങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. അത് ജനസംഖ്യാപരമായോ ഭൂമിശാസ്ത്രപരമായോ, ജൈവികപരമായോ ഒക്കെയാകാം. അത്തരത്തിലുള്ള ഒരു സ്ഥലമാണ് യൂറോപ്പിലെ ഫെസന്റ് ദ്വീപ്, ഓരോ ആറുമാസത്തിലും തങ്ങളുടെ ദേശീയത മാറ്റുന്ന ഒരു ദ്വീപാണ് ഇത്. രണ്ട് രാജ്യങ്ങളുമായി സവിശേഷമായ ഒരു കരാറിൽ ഏർപ്പെട്ടതിനാലാണ് ഈ ദ്വീപ് ഇത്തരത്തിൽ തങ്ങളുടെ ദേശീയത ഓരോ ആറുമാസത്തിലും മാറ്റുന്നത്.
ഒരു വിനോദസഞ്ചാര കേന്ദ്രം ആണെങ്കിൽ കൂടിയും ഈ ദ്വീപ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ പോലെയല്ല. കാരണം ഇവിടെ ജനവാസമില്ല. എന്നാൽ, എല്ലാവർഷവും നിരവധി ആളുകൾ ആണ് ഈ ദ്വീപ് സന്ദർശിക്കാനായി എത്തുന്നത്. ഓരോ ആറുമാസത്തിലും ദേശീയത മാറ്റുന്ന ദ്വീപ് എന്ന പ്രത്യേകത തന്നെയാണ് സന്ദർശകരെ ഈ ദ്വീപിലേക്ക് അടുപ്പിക്കുന്നത്.
ഫ്രഞ്ച് രാജാവ് ലൂയി പതിനാലാമനും സ്പാനിഷ് രാജാവായ ഫിലിപ്പ് നാലാമന്റെ മകളും തമ്മിലുള്ള രാജകീയ വിവാഹത്തോടെ ഇരുകൂട്ടരും തമ്മിൽ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. 1659 -ൽ നടന്ന ഈ ഉടമ്പടി പൈറനീസ് ഉടമ്പടി എന്നാണ് അറിയപ്പെടുന്നത്. ഈ ഉടമ്പടി ഫെസന്റ് ദ്വീപിനെ ഒരു ന്യൂട്രൽ ഗ്രൗണ്ടായി പ്രഖ്യാപിച്ചു. കൂടാതെ ദ്വീപ് ഇരുപുറവും ഉള്ള രണ്ടു രാജ്യങ്ങൾ തമ്മിൽ പങ്കിടണമെന്നും പ്രഖ്യാപിച്ചു. ഇത് പ്രകാരം ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെയുള്ള ആറ് മാസത്തേക്ക് ദ്വീപ് സ്പാനിഷ് ഭരണത്തിൻ കീഴിലായിരിക്കും, അടുത്ത ആറ് മാസം ഫ്രഞ്ച് ഭരണത്തിൻ കീഴിലും. കോണ്ടോമിനിയം എന്നറിയപ്പെടുന്ന സംയുക്ത പരമാധികാരമാണ് ഇരു രാജ്യങ്ങളും ഇന്നും പിന്തുടരുന്നത്.
സ്പാനിഷ് പട്ടണമായ സാൻ സെബാസ്റ്റ്യന്റെ നാവിക കമാൻഡറും ബയോണിലെ ഫ്രഞ്ച് കമാൻഡറും ദ്വീപിന്റെ വൈസ്രോയികളായി പ്രവർത്തിക്കുന്നു. എന്നാൽ, അവർക്ക് കൈകാര്യം ചെയ്യാൻ വലിയ ഉത്തരവാദിത്തങ്ങളുള്ളതിനാൽ, ഇരുണിന്റെയും ഹെൻഡേയുടെയും മേയർമാർ മാറിമാറി ദ്വീപിലെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നു.