ഗാസയ്ക്ക് സഹായം, നടുക്കടലില്‍ ഗ്രേറ്റയെയും സംഘത്തെയും അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ കമാന്‍റോസ്; 'സെല്‍ഫി യാച്ച്' എന്ന് പരിഹാസം

Published : Jun 09, 2025, 08:53 AM IST
Israel commandos arrest greta thunberg and the team

Synopsis

ഗാസയിലേക്ക് സഹായവുമായി ഗ്രേറ്റയും സംഘവും സഞ്ചരിച്ചിരുന്ന യാച്ച് നടുക്കടലില്‍ വച്ച് ഇസ്രയേലി കമാന്‍റോ സംഘം വളയുകയായിരുന്നു. പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് ഗ്രേറ്റയുടെ വീഡിയോയും പുറത്ത് വന്നു.

 

പലസ്തീനികളെ വംശഹത്യ ചെയ്യുന്ന ഇസ്രയേല്‍ നടപടിക്കെതിരെ ലോകമെങ്ങും പ്രതിഷേധം ഉയരുമ്പോഴും യുഎസിന്‍റെ പിന്തുണയോടെ നെതന്യാഹു ഗാസ ആക്രമണം ശക്തമാക്കുകയാണ്. ഇതിനിടെയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബർഗ്, ഗാസയിലേക്ക് സഹായങ്ങളുമായി യാത്ര തിരിച്ചത്. എന്നാല്‍, യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. ഇസ്രയേല്‍ കമാന്‍റോസ് ഗ്രേറ്റ കയറിയ മാ‍ഡ്‍ലീന്‍ എന്ന യാച്ച് പിടിച്ചെടുത്തു. ഇസ്രയേലി കമാന്‍റോസ് കപ്പല്‍ പിടിച്ചെടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്‍റ് അംഗമായ റിമ ഹസനും ബ്രിട്ടീഷ് പതാക പാറിയിരുന്ന യാച്ചില്‍ ഗ്രേറ്റയോടൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഗാസ സ്ട്രപ്പിന് സമീപത്ത് വച്ചാണ് ഇവരുടെ യാച്ച് ഇസ്രയേലി കമാന്‍റോസ് പിടിച്ചെടുത്തത്. പ്രോ പാലസ്തീനിയന്‍ ഫ്രീഡം ഫ്ലോട്ടില കോയ്ലിഷൻ എന്ന സംഘടനയാണ് യാച്ച് പ്രവര്‍ത്തിച്ചിരുന്നത്. പുറത്ത് വന്ന ചിത്രങ്ങളില്‍ യാത്രക്കാരെല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിച്ച് കൈകൾ ഉയർത്തി ഇരിക്കുന്നത് കാണാം. റിമ ഹസന്‍ തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. പുലര്‍ച്ച രണ്ട് മണിയോടെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിൽ വച്ച് ഫ്രീഡം ഫ്ലോട്ടിലയിലെ അംഗങ്ങളെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തെന്ന് റിമയുടെ കുറിപ്പില്‍ പറയുന്നു.

 

 

 

 

 

 

സംഘാംഗങ്ങളുമായി നടത്തിയ ടെലിഗ്രാം ചാറ്റില്‍ തങ്ങളെ ഇസ്രയേല്‍ സൈന്യം തട്ടിക്കൊണ്ട് പോയെന്നും പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും അറിയിച്ചതായി എഫ്എഫ്സി അംഗങ്ങൾ പറഞ്ഞു. ഗാസയിലേക്ക് അവശ്യവസ്തുക്കളോ ഭക്ഷണമോ മരുന്നോ കടത്തിവിടാന്‍ ഇസ്രയേല്‍ സൈന്യം അനുവദിക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഗ്രേറ്റയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറ്റലിയിലെ സിസിലിയില്‍ നിന്നും ഗാസയിലേക്ക് കടല്‍ മാർഗം പുറപ്പെട്ടത്.

'സെലിബ്രിറ്റികളുടെ സെല്‍ഫി യാച്ച്', ഇസ്രയേലി തീരത്തേക്ക് സുരക്ഷിതമായി പോവുകയാണെന്നായിരുന്നു സംഭവത്തോടെ പ്രതികരിക്കവെ ഇസ്രയേലി വിദേശകാര്യ മന്ത്രാലയം പരിഹസിച്ചത്. ഗ്രേറ്റയും മറ്റ് അംഗങ്ങളും മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ്. ഒരു ട്രക്കില്‍ കൊള്ളാവുന്ന സഹായവുമായാണ് അവരുടെ യാത്ര. അതേസമയം ഇസ്രയേലില്‍ നിന്നും 1,200 ട്രക്കുകൾ സഹായവുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗാസയിലേക്ക് പോയിട്ടുണ്ട്. ഗാസ ഹ്യൂമനിറ്റേറിയന്‍ ഫൗണ്ടേഷന്‍ 11 മില്യണ്‍ ഭക്ഷണമാണ് ഗാസയിലെ സാധാരണക്കാര്‍ക്ക് നേരിട്ട് നല്‍കിയതെന്നും ടെല്‍ അവീവ് എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു. തന്നെ ഇസ്രയേല്‍ തട്ടിക്കൊണ്ട് പോയെന്നും ബന്ധുക്കളും സുഹൃത്തുക്കളും സ്വീഡിഷ് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി തന്‍റെയും സംഘത്തിന്‍റെയും മോചനം സാധ്യമാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്ന ഗ്രേറ്റയുടെ വീഡിയോ ഇതിനിടെ എക്സില്‍ വൈറലായി.

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!