ആളുകള്‍ നീന്തുന്നതിനിടെ സ്വിമ്മിംഗ് പൂളിന്റെ നടുക്ക് വന്‍ഗര്‍ത്തമുണ്ടായി, രണ്ടുപേര്‍ താഴ്ന്നുപോയി!

By Web TeamFirst Published Jul 23, 2022, 7:38 PM IST
Highlights

പെട്ടെന്നാണത് സംഭവിച്ചത്. നീന്തല്‍ക്കുളത്തില്‍ ഒരനക്കം. വെള്ളത്തിന് ഒരിളക്കം. ആളുകള്‍ അന്തം വിട്ടുനില്‍ക്കെ നീന്തല്‍ക്കുളത്തിന്റെ ഒത്തനടുക്ക് ഭൂമി തെന്നിമാറി. 

ഏറ്റവും സന്തോഷകരമായ ഒരു പാര്‍ട്ടിയിലേക്കാണ് അപ്രതിക്ഷിതമായി ആ ദുരന്തമെത്തിയത്. പാര്‍ട്ടിയുടെ ഭാഗമായി അലങ്കരിച്ച് അതൊരു നീന്തല്‍ക്കുളമായിരുന്നു. ചുറ്റും ഒരു പാര്‍ട്ടി 

വളരെ സാധാരണ മട്ടിലായിരുന്നു അന്തരീക്ഷം. മനോഹരമായ ഒരു പാര്‍ട്ടി നടക്കുന്നു. അതിഥികള്‍ സന്തോത്തോടെ സംസാരിക്കുന്നു. പാര്‍ട്ടി നടക്കുന്ന മനോഹരമായ വില്ലയുടെ ഒത്ത നടുക്കുള്ള സ്വിമ്മിംഗ് പൂളില്‍ അതിഥികള്‍ നിന്തിത്തിമിര്‍ക്കുന്നു. 

പെട്ടെന്നാണത് സംഭവിച്ചത്. നീന്തല്‍ക്കുളത്തില്‍ ഒരനക്കം. വെള്ളത്തിന് ഒരിളക്കം. ആളുകള്‍ അന്തം വിട്ടുനില്‍ക്കെ നീന്തല്‍ക്കുളത്തിന്റെ ഒത്തനടുക്ക് ഭൂമി തെന്നിമാറി. നീന്തല്‍ക്കുളത്തിലെ വെള്ളം ആരോ വലിച്ചെടുത്തതുപോലെ ആ വിടവിലൂടെ താഴേക്കു പാഞ്ഞു. വീണ്ടും ഭൂമി തെന്നിമാറിയതോടെ വലിയ ഒരു ഗര്‍ത്തമായി അതു മാറി. ഒപ്പം, പൂളില്‍ തിമിര്‍ത്തുല്ലസിക്കുകയായിരുന്ന രണ്ടു പേരും ആ ഗര്‍ത്തത്തിലേക്ക് താഴ്ന്നുപോയി. 

בולען נפער בבריכה בבית פרטי בכרמי יוסף, אדם נעדר pic.twitter.com/8YiT1g2rdT

— כאן חדשות (@kann_news)

 

മധ്യ ഇസ്രായേലിലെ കര്‍മി യൂസെഫ് പട്ടണത്തിലുള്ള ഒരു വില്ലയിലാണ് സംഭവം. പ്രദേശത്തെ ഒരു മാര്‍ക്കറ്റിംഗ് കമ്പനി നടത്തിയ പാര്‍ട്ടിക്കിടയിലാണ് അത്യാഹിതം. സാധാരണയായി ഇത്തരം പാര്‍ട്ടികള്‍ നടക്കാറുള്ള ഒരു വില്ലയായിരുന്നു ഇത്. ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു ഈ സ്വിമ്മിംഗ് പൂള്‍. അമ്പതുപേര്‍ പങ്കെടുത്ത പരിപാടി അവസാന ഘട്ടത്തിലേക്ക് പോവുമ്പോഴാണ് ദുരന്തമുണ്ടായത്. 

സംഭവം നടക്കുമ്പോള്‍ ആറു പേരായിരുന്നു പൂളിലുണ്ടായിരുന്നത്. അവര്‍ നീന്തിത്തുടിക്കുന്നതിനിടയിലാണ് സ്വിമ്മിംഗ് പൂളിന്റെ മധ്യഭാഗത്തായി ചെറിയ വിടവ് ഉണ്ടായത്. ഉടന്‍ തന്നെ വെള്ളം ആ വിടവിലേക്ക് ഒഴകിപ്പോയി. അതോടൊപ്പം ഒരു വലിയ ഗര്‍ത്തമുണ്ടാവുകയും വെള്ളത്തിനോടൊപ്പം രണ്ടു പേര്‍ ആ ഗര്‍ത്തത്തിലേക്ക് പതിക്കുകയും ചെയ്തു. അതിലൊരാള്‍ മുകളിലൊരിടത്ത് തങ്ങിനിന്ന് എങ്ങനെയൊക്കെയോ മുകളിലേക്ക് കേറിവന്നു. ഇയാള്‍ക്ക് ചെറിയ പരിക്കുകളേ ഉള്ളൂ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റേയാളാവട്ടെ, 43 അടിയുള്ള ഗര്‍ത്തത്തിലേക്ക് താണുപോയി. 

സംഭവമറിഞ്ഞ് എത്തിയ രക്ഷാ പ്രവര്‍ത്തകര്‍ നാലു മണിക്കൂറോളം ശ്രമിച്ചാണ് ഗര്‍ത്തത്തിന് അടിയില്‍ കിടക്കുകയായിരുന്ന ആളുടെ അടുത്ത് എത്തിയത്. അപ്പോഴേക്കും ഇയാള്‍ മരിച്ചിട്ടുണ്ടായിരുന്നു. 32 വയസ്സുകാരനായ കിലില്‍ കിമി എന്നയാളാണ് മരിച്ചത്. ഇയാളെ മുകളിലേക്ക് എത്തിക്കാനും സമയമെടുത്തു. വീണ്ടും മണ്ണ് താണുപോയി മറ്റൊരു ഗര്‍ത്തമുണ്ടാവുമോ എന്ന് ഭയന്നാണ് രക്ഷാപ്രവര്‍ത്തകര്‍ താഴേക്ക് പ്രത്യേക സംവിധാനങ്ങളുമായി ഇറങ്ങിച്ചെന്നത്. 

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനുമതിയില്ലാതെയാണ് വേണ്ടത്ര സുരക്ഷാ സജ്ജീകരണങ്ങള്‍ ഇല്ലാത്ത സ്വിമ്മിംഗ് പൂള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നാണ് പ്രാഥമിക വിവരം. വില്ലയുടെ ഉടമയെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 

click me!