30 വർഷത്തിന് ശേഷം ഗ്രാമത്തിൽ ആദ്യ കുഞ്ഞിന്‍റെ കരച്ചിൽ; ആഘോഷമാക്കി ഇറ്റാലിയിലെ മലയോര ഗ്രാമം

Published : Dec 28, 2025, 01:58 PM IST
new born baby

Synopsis

ഏകദേശം 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലിയിലെ പഗ്ലിയാര ഡെയ് മാർസി എന്ന ചെറിയ ഗ്രാമത്തിൽ ഒരു കുഞ്ഞ് ജനിച്ചു. ലാറ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞിന്‍റെ ജനനം 20 പേർ മാത്രമുള്ള ഗ്രാമവാസികൾക്ക് വലിയ ആഘോഷമായി മാറി.  

 

നുഷ്യരേക്കാൾ കൂടുതൽ പൂച്ചകൾ വസിക്കുന്ന ഇറ്റലിയിലെ ഒരു ശാന്തമായ മലയോര ഗ്രാമത്തിൽ, ഒരു കുഞ്ഞിന്‍റെ ജനനം അപൂർവ്വമായ സന്തോഷവും പുതിയൊരു ഉണർവും നൽകിയിരിക്കുകയാണ്. അബ്രുസോ (Abruzzo) മേഖലയിലെ ഗിരിഫാൽക്കോ പർവതനിരകളുടെ ചരിവിലുള്ള ചെറിയ ഗ്രാമമാണ് പഗ്ലിയാര ഡെയ് മാർസി. വർഷങ്ങൾ കടന്നുപോയപ്പോൾ അനേകം ആളുകൾ ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോവുകയും കാലക്രമേണ ഗ്രാമത്തിലെ ജനസംഖ്യ കുറയുകയും ചെയ്തു. ഒടുവിൽ ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾ നീണ്ട നിശബ്ദതയ്ക്ക് ശേഷം ഗ്രാമത്തിൽ ആദ്യമായൊരു കുഞ്ഞ് പിറന്നിരിക്കുകയാണ്. 30 വർഷത്തിന് ശേഷമുള്ള ആദ്യത്തെ കണ്മണിയുടെ ജനനം ആഘോഷമാക്കുന്ന തിരക്കിലാണ് ​ഗ്രാമവാസികൾ ഇപ്പോൾ.

20 പേർ മാത്രമുള്ളൊരു ഗ്രാമം

കഴിഞ്ഞ മാർച്ചിലാണ് ലാറ ബുസി ട്രാബുക്കോ എന്ന കുഞ്ഞ് ഇവിടെ ജനിച്ചതെങ്കിലും ഈ സന്തോഷ വാർത്ത മാധ്യമങ്ങളിൽ ഇടം പിടിച്ചത് ഇപ്പോഴാണ്. ലാറയുടെ ജനനത്തോടെ ഗ്രാമത്തിലെ ജനസംഖ്യ ഏതാണ്ട് 20 ആയി ഉയർന്നു. അവളുടെ വീടിന് എതിർവശത്തുള്ള പള്ളിയിൽ വെച്ച് നടന്ന മാമോദീസ ചടങ്ങിൽ ഗ്രാമവാസികൾ മുഴുവനും പങ്കെടുത്തു. ഇവിടെ ജനനങ്ങൾ വളരെ അപൂർവ്വമായതിനാൽ ലാറ പെട്ടെന്ന് തന്നെ അവിടുത്തെ പ്രധാന ആകർഷണമായി മാറി.

കുഞ്ഞ് സെലിബ്രിറ്റി

പഗ്ലിയാര ഡെയ് മാർസിയെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലാത്തവർ പോലും ലാറയുടെ പേര് കേട്ട് ഇപ്പോൾ ഗ്രാമം സന്ദർശിക്കുന്നുണ്ടെന്നാണ് അവളുടെ അമ്മ സിൻസിയ ട്രാബുക്കോ പറയുന്നത്. വെറും ഒമ്പത് മാസം മാത്രം പ്രായമുള്ള തന്‍റെ മകൾ ഇപ്പോൾ വലിയൊരു സെലിബ്രിറ്റിയായി മാറിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ആശങ്കയായി രാജ്യത്തെ ജനനനിരക്ക്

ലാറയുടെ ജനനം വലിയ സന്തോഷം നൽകുന്നുണ്ടെങ്കിലും, ഇറ്റലി നേരിടുന്ന ഗുരുതരമായ ജനസംഖ്യാ പ്രതിസന്ധിയെ അത് എടുത്തുകാണിക്കുന്നു. ദേശീയ സ്ഥിതി വിവരക്കണക്ക് ഏജൻസിയായ ഇറ്റാറ്റിന്‍റെ (Istat) കണക്കനുസരിച്ച്, 2024-ൽ രാജ്യത്തെ ജനന നിരക്ക് 3,69,944 ആയി കുറഞ്ഞിരുന്നു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 16 വർഷമായി ഈ ഇടിവ് തുടർന്നുകൊണ്ടേയിരിക്കുകയാണ്. രാജ്യത്തെ പ്രജനന നിരക്കും റെക്കോർഡ് താഴ്ചയിലാണ്. ഒരു സ്ത്രീക്ക് ശരാശരി 1.18 കുട്ടികൾ എന്ന നിലയിലാണ് ഇപ്പോഴത്തെ കണക്ക്. ഇത് യൂറോപ്യൻ യൂണിയനിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ്.

സ്ഥിരതയില്ലാത്ത ജോലികൾ, യുവാക്കൾ വിദേശങ്ങളിലേക്ക് കുടിയേറുന്നത്, ജോലിക്ക് പോകുന്ന അമ്മമാർക്ക് ആവശ്യമായ പിന്തുണ ലഭിക്കാത്തത്, പുരുഷന്മാരിലെ വർദ്ധിച്ചുവരുന്ന വന്ധ്യത, സ്വന്തം ഇഷ്ടപ്രകാരം കുട്ടികൾ വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണം കൂടുന്നത് തുടങ്ങി പല കാരണങ്ങളാണ് ജനനിരക്ക് കുറയുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

മധ്യവർഗ ജീവിതം ഇന്ത്യയിലുള്ളതിനേക്കാൾ 10 ഇരട്ടി മെച്ചപ്പെട്ടതെന്ന് കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ
പാകിസ്താനിൽ നിന്ന് പ്രൊഫഷണലുകളുടെ കൂട്ടപ്പലായനം: 5,000 ഡോക്ടർമാരും 11,000 എഞ്ചിനീയർമാരും രാജ്യം വിട്ടു, രണ്ട് വർഷത്തിനിടെ!