
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്താനിൽ നിന്ന് വൻതോതിൽ പ്രൊഫഷണലുകൾ വിദേശത്തേക്ക് കുടിയേറുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മോശം സാമ്പത്തികാവസ്ഥയും രാഷ്ട്രീയ അനിശ്ചിതത്വവുമാണ് പ്രൊഫഷണലുകളുടെ ഈ കൂട്ടപ്പലായനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്യൂറോ ഓഫ് എമിഗ്രേഷൻ ആന്‍റ് ഓവർസീസ് എംപ്ലോയ്‌മെന്‍റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മാസത്തിനിടെ പാകിസ്താനിൽ നിന്ന് 5,000 ഡോക്ടർമാരും 11,000 എഞ്ചിനീയർമാരും 13,000 അക്കൗണ്ടന്‍റുമാരും രാജ്യം വിട്ടു.
2025 നവംബർ വരെ മാത്രം 6,87,246 പാകിസ്താനികൾ ജോലി തേടി വിദേശത്തേക്ക് പോയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ തൊഴിലാളികൾക്ക് പുറമെ ഉയർന്ന യോഗ്യതയുള്ള വിദഗ്ധർ ഇത്തരത്തിൽ രാജ്യം വിടുന്നത് പാകിസ്താന്‍റെ ഭാവിക്ക് വലിയ ഭീഷണിയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആരോഗ്യ മേഖലയ്ക്കാണ് ഇതിൽ ഏറ്റവും വലിയ പ്രഹരമേറ്റത്. 2011-നും 2024-നും ഇടയിൽ പാകിസ്ഥാനിൽ നിന്നുള്ള നഴ്സുമാരുടെ വിദേശത്തേക്കുള്ള കുടിയേറ്റത്തിൽ 2,144 ശതമാനത്തിന്‍റെ വർദ്ധനവുണ്ടായതായാണ് 'ദി എക്സ്പ്രസ് ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും പുതിയ കുടിയേറ്റ കണക്കുകൾ, പ്രത്യേകിച്ച് ഡോക്ടർമാരും എഞ്ചിനീയർമാരും കൂട്ടത്തോടെ രാജ്യം വിടുന്ന സാഹചര്യം, ഇന്‍റർനെറ്റിൽ വലിയ രീതിയിലുള്ള പരിഹാസങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. കുറഞ്ഞ വേതനത്തിന് പുറമെ ഇന്‍റർനെറ്റ് ഫയർവാൾ നിയന്ത്രണങ്ങളും കണക്റ്റിവിറ്റി തകരാറുകളും ഐടി രംഗത്തുള്ളവരെ വിദേശത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നു. ഇത് ഏകദേശം 1.62 ബില്യൺ ഡോളറിന്‍റെ നഷ്ടം രാജ്യത്തിന് ഉണ്ടാക്കിയതായി മുൻ സെനറ്റർ മുസ്തഫ നവാസ് ഖോഖർ ചൂണ്ടിക്കാട്ടി.
പാകിസ്താൻ കരസേനാ മേധാവി ജനറൽ അസിം മുനീർ ഈ കൂട്ടപ്പലായനത്തെ ബ്രെയിൻ ഡ്രെയിന് പകരം 'ബ്രെയിൻ ഗെയിൻ' (Brain Gain) എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ, രാജ്യത്തിന് പ്രഗത്ഭരായ ആളുകളെ നഷ്ടപ്പെടുന്നതിനെ ഇത്തരത്തിൽ ലഘൂകരിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്. അസിം മുനീരിന്‍റെ പ്രസ്താവന യാഥാർത്ഥ്യ ബോധമില്ലാത്തതാണെന്ന് പലരും വിമർശിക്കുന്നു. രാജ്യത്തെ ബുദ്ധിജീവികളും പ്രൊഫഷണലുകളും വിദേശത്തേക്ക് ചേക്കേറുന്നത് പാകിസ്താൻ വലിയൊരു തകർച്ചയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾ ഏർപ്പെടുത്തിക്കൊണ്ട് ഈ പലായനം തടയാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാതത് വലിയ വെല്ലുവിളിയായി തുടരുന്നു.