കേരളത്തിലെവിടെയോ എന്റെ അമ്മയുണ്ട്; എനിക്കവരെ ഒന്ന് കാണണം; ഇറ്റലിയില്‍നിന്നും നവ്യ പറയുന്നു

Published : Jul 25, 2019, 03:18 PM ISTUpdated : Jul 25, 2019, 03:55 PM IST
കേരളത്തിലെവിടെയോ എന്റെ അമ്മയുണ്ട്; എനിക്കവരെ ഒന്ന് കാണണം; ഇറ്റലിയില്‍നിന്നും നവ്യ പറയുന്നു

Synopsis

നീണ്ട 35 വർഷങ്ങൾക്ക് മുൻപ് 19കാരിയായ സോഫിയ ആ അനാഥാലയത്തിൽ ഉപേക്ഷിച്ച് പോയതാണ് നവ്യയെ

തിരുവനന്തപുരം: ഇറ്റാലിയന്‍ പൗരത്വമുള്ള നവ്യ എന്ന 35 കാരി 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന മലയാള സിനിമ കണ്ടിട്ടില്ല. എന്നാല്‍, ആ സിനിമയിലെ അമല പോളിന്റെ ജീവിതത്തിനു സമാനമാണ് നവ്യയുടെ ജീവിതകഥ.  33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറ്റാലിയന്‍ ദമ്പതിമാര്‍ ദത്തെടുത്ത നവ്യ ഇപ്പോള്‍ കേരളത്തിലെവിടെയോ ഉള്ള സ്വന്തം അമ്മയെ കണ്ടെത്താനുള്ള അലച്ചിലിലാണ്. 'ദേഷ്യപ്പെടാനല്ല, ഒന്ന് കാണണം, കെട്ടിപ്പിടിക്കണം, അത്രേയുള്ളൂ'-നവ്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

അമ്മയെക്കുറിച്ച് നവ്യയ്ക്ക് ആകെ അറിയാവുന്ന കാര്യം ഇതാണ്: മൂന്നര പതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടെ ഒരു അനാഥാലയത്തില്‍ സോഫിയ എന്ന 19കാരി ഉപേക്ഷിച്ച് പോയതാണ് തന്നെ. 'അമ്മയ്ക്ക് ഇന്ന് 54 വയസ് കാണുമായിരിക്കും. മുത്തശ്ശിയുടെ പേര് തങ്കമ്മ എന്നായിരുന്നു. അവര്‍ എവിടെയുള്ളവരാണ് എന്നെനിക്കറിയില്ല. എന്റെ കൈയ്യില്‍ ആകെയുള്ളത് ഈ പേരുകള്‍ മാത്രമാണ്'-നവ്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

'അമ്മയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ ഒന്ന് കാണണം, കാണാതെ പറ്റില്ലെനിക്ക്'-നവ്യ പറഞ്ഞു.

വളര്‍ത്തച്ഛന്‍ സില്‍വാനോ ദൊറിഗാട്ടിയും വളര്‍ത്തമ്മ തിസിയാന ദൊറിഗാട്ടിയും ദത്തെടുക്കുമ്പോള്‍ നവ്യക്ക് പ്രായം വെറും രണ്ട് വയസ്. ഇന്ന് ആറും മൂന്നും വയസുള്ള രണ്ട് പെണ്‍മക്കളുടെ അമ്മയാണ് അവര്‍. എയ്‌ഞ്ചെലോ നികൂസിയ എന്നാണ് ഭര്‍ത്താവിന്റെ പേര്. മൂത്തമകള്‍ ജെഓര്‍ജ. രണ്ടാമത്തെ മകളുടെ പേര് എയ്‌ഞ്ചെലിക. ഇറ്റലിയിലെ ട്രെന്റോ പ്രവിശ്യയിലാണ് ഇവർ താമസിക്കുന്നത്.

ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു. ദൊറിഗാട്ടി ദമ്പതിമാര്‍ മകളോട് നുണ പറഞ്ഞില്ല, മറിച്ച് അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും പെറ്റമ്മയുടെ പേര് കൂടി ചേർത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോൾ.

'അന്നേ അമ്മയെ കാണണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളത്തില്‍ അവസാനമായി വന്നത്. അന്ന് കോഴിക്കോട് പോയില്ല. വയനാട് വൈത്തിരിയിലാണ് പോയത്. ഇപ്പോള്‍ മക്കള്‍ക്കൊപ്പം കഴിയുമ്പോള്‍ അമ്മയെ ഒരിക്കലെങ്കിലും കാണണമെന്ന ആഗ്രഹം കൂടുതല്‍ ശക്തമായി. എന്തെങ്കിലും വഴി കാണുമെന്ന് കരുതുന്നു,' നവ്യ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ മുന്‍പ് താമസിച്ചിരുന്ന കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് നവ്യ വീണ്ടും വിളിച്ചത്. രണ്ട് പേരുകള്‍ മാത്രമാണ് അവരുടെ പക്കലും ഉണ്ടായിരുന്നത്. കോഴിക്കോടോ, അല്ലെങ്കില്‍ സമീപ പ്രദേശങ്ങളിലോ ആകാം ഇവരെന്നാണ് അനാഥാലയത്തില്‍ നിന്ന് ലഭിച്ച വിവരം.

'അനാഥാലയത്തിന്റെ വിവരങ്ങള്‍ പുറത്തുപറയരുതെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കാര്യം ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ പലരും സഹായവുമായി മുന്നോട്ട് വന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്'-നവ്യ വ്യക്തമാക്കി.
 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ
വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി