
അച്ചടക്കത്തോടെയുള്ള ജീവിതത്തിനും ജീവിതം എളുപ്പമാക്കാനുള്ള രീതികൾക്കും ഒക്കെ പേരുകേട്ട നാടാണ് ജപ്പാൻ. ഇതിന് പിന്നിലെ ഒരു കാരണം, കുട്ടികൾക്ക് ചെറുപ്പം മുതൽ തന്നെ ലഭിക്കുന്ന വിദ്യാഭ്യാസമാണ്. അടുത്തിടെ, ജപ്പാനിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബം 9 -ാം ക്ലാസ് പാഠപുസ്തകങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ഇന്ത്യൻ വിദ്യാർത്ഥികൾ സാധാരണയായി ഇംഗ്ലീഷ്, സയൻസ്, കണക്ക് തുടങ്ങിയ വിഷയങ്ങളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ജപ്പാനിൽ വിദ്യാർത്ഥികൾ സ്കൂളിൽ നിന്നുതന്നെ അവരുടെ ജീവിതത്തിൽ ഏറെ ഉപകാരപ്രദമാകുന്ന പല കാര്യങ്ങളും പഠിക്കുന്നുണ്ട്.
അവർ വിവിധ ജോലികളിൽ കഴിവുകൾ വളർത്തിയെടുക്കുന്നു, ടീം വർക്കും, പാചകവും, ചെടി നടലും, വീട്ടുജോലികളും ഒക്കെ സ്കൂളിൽ നിന്നുതന്നെ പഠിക്കുന്നു. അതേസമയം തന്നെ ജാപ്പനീസ് സാഹിത്യം, ഗ്രാമർ തുടങ്ങിയ കാര്യങ്ങളിൽ അറിവു പകരാനുള്ളവയും അവരുടെ പുസ്തകങ്ങളിൽ ഉണ്ട്.
അവിടെ വിവിധ തരം പുസ്തകങ്ങളാണുള്ളത്. അതിൽ ഒന്നിൽ അവർക്ക് വിവിധ ജോലികളിൽ പ്രാവീണ്യം നേടാനുള്ള വിവരങ്ങളാണ് ഉള്ളതെങ്കിൽ മറ്റൊന്നിൽ പുതിയ പുതിയ കാര്യങ്ങളെ കുറിച്ചായിരിക്കും ഉള്ളത്. ഒപ്പം നമ്മുടെ ചുറ്റും കാണുന്ന കാര്യങ്ങളെ കുറിച്ചും ഈ പുസ്തകങ്ങളിൽ പ്രതിപാദിക്കുന്നു.
അതുപോലെ, പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണം, എങ്ങനെ ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കണം, വീട്ടിൽ ഉത്തരവാദിത്തത്തോടെ എങ്ങനെ ജീവിക്കണം എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികൾക്ക് അറിവ് പകരുന്ന പുസ്തകമാണ് ഡൗട്ടോകു. മറ്റുള്ളവരുമായി എങ്ങനെ ഇടപഴകണം, ഭക്ഷണം പാകം ചെയ്യണം, ഗ്രൂപ്പ് പ്രോജക്ടുകളിൽ പ്രവർത്തിക്കണം എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാനായിട്ടുള്ള പുസ്തകമാണ് കട്ടീക. ജാപ്പനീസ് സാഹിത്യം, ഗ്രാമർ എന്നിവയെ കുറിച്ച് പഠിക്കാൻ കൊക്കുഗോ എന്ന പുസ്തകമുണ്ട്. അതുപോലെ റിക്ക എന്നത് ശാസ്ത്രാവബോധം നൽകുന്ന പാഠപുസ്തകമാണ്.
എന്തായാലും, ഇത്രയും ചെറുപ്പത്തിൽ തന്നെ ഇങ്ങനെയുള്ള പാഠങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ പാഠപുസ്തകങ്ങൾ കൊള്ളാം എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. കുട്ടികളെ ഇങ്ങനെ ജീവിതത്തിന് വേണ്ടുന്ന കാര്യങ്ങൾ പഠിപ്പിക്കുന്ന തരത്തിലേക്ക് നമ്മുടെ പാഠപുസ്തകങ്ങളും വിദ്യാഭ്യാസരീതിയും മാറണം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.