
തികച്ചും വ്യത്യസ്തമായ ഒരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കയാണ് ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനെ തകൈച്ചി. തന്റെ ഔദ്യോഗിക വസതിയിൽ ശല്യക്കാരായി എത്തിയ പാറ്റകളെ നീക്കം ചെയ്തപ്പോൾ തനിക്ക് സമാധാനത്തോടൊപ്പം തന്നെ ഒരുതരം ഏകാന്തതയും വിഷമവുമാണ് തോന്നിയതെന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. 'ഔദ്യോഗിക വസതിയിൽ പ്രേതങ്ങളെ കണ്ടിട്ടുണ്ടോ' എന്ന ചോദ്യത്തിന് മറുപടിയായാണ് അവർ ഈ രസകരമായ അനുഭവം പങ്കുവെച്ചത്. വസതിയിൽ താൻ ഇതുവരെ പ്രേതങ്ങളെ കണ്ടിട്ടില്ലെങ്കിലും, അടുത്തിടെ വരെ പാറ്റകളെ കണ്ട് താൻ നിലവിളിച്ചു പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്.
കുട്ടിക്കാലം മുതൽ ഒസാമു തെസുകയുടെ 'ഫയർബേർഡ്' എന്ന മാസ്റ്റർപീസ് കൃതി താൻ നിരന്തരം വായിക്കാറുണ്ടായിരുന്നു. പുനർജന്മത്തെ കുറിച്ചാണ് പ്രധാനമായും ഈ കൃതി മുന്നോട്ടുവെക്കുന്നത്. ഈ ആശയം തന്റെ ബാല്യത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അതുകൊണ്ടാകാം, മുതിർന്ന ശേഷവും പാറ്റകൾ ഉൾപ്പടെയുള്ള ഒന്നിനെയും കൊന്നൊടുക്കാൻ തനിക്ക് കഴിയില്ലെന്ന് അവർ വ്യക്തമാക്കുന്നു. ഔദ്യോഗിക വസതിയിൽ പാറ്റകളെ കണ്ടപ്പോഴും, 'ഈ ജീവനും ആ പുനർജന്മ ചക്രത്തിന്റെ ഭാഗമായിരിക്കാം' എന്ന് കരുതി അവ സ്വയം പുറത്തുപോകുമെന്ന് പ്രതീക്ഷിച്ച് താൻ സഹിക്കുകയായിരുന്നു. എന്നാൽ, ഇക്കാര്യം തന്റെ സെക്രട്ടറിമാരോട് പറഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി.
ഒടുവിൽ സെക്രട്ടറിമാരിൽ ഒരാൾ കർശനമായി ഇടപെടുകയും പാറ്റകളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അതിനുശേഷം വസതിയിൽ പാറ്റകളുടെ ശല്യം പൂർണ്ണമായും ഇല്ലാതായി. 'തുടർന്ന് പാറ്റകൾ വരാതായപ്പോൾ എനിക്ക് ആശ്വാസം തോന്നി, പക്ഷേ ഒപ്പം ചെറിയൊരു ഏകാന്തതയും സങ്കടവും തോന്നി' - തകൈച്ചി എക്സിൽ കുറിച്ചു.
സ്വന്തം ഓഫീസിനേക്കാൾ കൂടുതൽ സമയം ഔദ്യോഗിക വസതിയിൽ തന്നെയിരുന്ന് ജോലി ചെയ്യുന്ന ആളാണ് തകൈച്ചി. പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുടെയും സ്റ്റാഫുകളുടെയും ആവശ്യകതയും അസൗകര്യങ്ങളും പരമാവധി കുറയ്ക്കുന്നതിനാണ് താൻ ഔദ്യോഗിക വസതിയിൽ നിന്ന് കൂടുതൽ സമയം പ്രവർത്തിക്കുന്നതെന്നാണ് അവർ പറയുന്നത്.