'നാല് തവണ പരാജയം, ഇനിയില്ല'; ഒടുവിൽ യുപിഎസ്സി പുസ്തകങ്ങൾ 464 രൂപയ്ക്ക് വിറ്റ് യുവാവ്, കുറിപ്പ് വൈറൽ

Published : Aug 24, 2026, 09:23 PM IST
man sells UPSC books

Synopsis

നാല് തവണ യുപിഎസ്സി പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒരു യുവാവ് തന്‍റെ നാല് വർഷത്തെ പഠന സാമഗ്രികൾ വെറും 464 രൂപയ്ക്ക് ആക്രിക്കച്ചവടക്കാരന് വിറ്റു. ഉയർന്ന ശമ്പളമുള്ള ജോലിയും പ്രണയവും ഉപേക്ഷിച്ച് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിനായി പരിശ്രമിച്ച യുവാവിന്‍റെ റെഡ്ഡിറ്റിലെ വൈകാരികമായ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സിവിൽ സർവീസ് പരീക്ഷയായയുപിഎസ്സിയ്ക്ക് വർഷങ്ങളോളം തയ്യാറെടുത്ത ശേഷം നാല് തവണ പരാജയപ്പെട്ട യുവാവ് തന്‍റെ പഠനപുസ്തകങ്ങളും മോക്ക് ടെസ്റ്റുകളും ആക്രിക്കച്ചവടക്കാരന് വെറും 464 രൂപയ്ക്ക് വിറ്റ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യുവാവ് തന്‍റെ യുപിഎസ്സി പഠന യാത്രയുടെ വൈകാരികമായ അവസാനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇന്ത്യയിൽ വിദ്യാർത്ഥി സമരങ്ങളും സർക്കാർ ഒഴിവുകൾ നികത്താൻ തയ്യാറാകാത്തതുമായ കാലത്ത് യുവാവിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്.

നാല് വർഷത്തെ തയ്യാറെടുപ്പ്!

2023, 2024, 2025 വർഷങ്ങളിൽ തുടർച്ചയായി യുപിഎസ്സി മെയിൻസ് പരീക്ഷ എഴുതിയെങ്കിലും വിജയിക്കാനായില്ല. 2026 -ൽ ആദ്യമായി പ്രിലിമിനറി പരീക്ഷ പോലും കടക്കാനായില്ലെന്നും ഇതോടെ ഇനി യുപിഎസ്സി പരീക്ഷ എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചതായും യുവാവ് തന്‍റെ കുറിപ്പിൽ എഴുതി. തയ്യാറെടുപ്പിന്‍റെ ഭാഗമായി ശേഖരിച്ച എൻസിഇആർടി പുസ്തകങ്ങൾ, എം. ലക്ഷ്മികാന്തിന്‍റെ ഇന്ത്യൻ പോളിറ്റി, ആദ്യകാല ടെസ്റ്റ് പേപ്പറുകൾ, മോക്ക് ടെസ്റ്റുകൾ, സ്വന്തം കൈയക്ഷരത്തിലുള്ള കുറിപ്പുകൾ എന്നിവയായിരുന്നു ആക്രിക്കച്ചവടക്കാരന് യുവാവ് കൈമാറിയത്.

പുസ്തകങ്ങൾ തൂക്കത്തിനായി ഒന്നിന് പിന്നാലെ ഒന്നായി ത്രാസിൽ വയ്ക്കുന്നത് കാണുമ്പോൾ വലിയ ശൂന്യത അനുഭവപ്പെട്ടുവെന്ന് യുവാവ് എഴുതി. ആ പുസ്തകങ്ങൾ വെറും കടലാസായിരുന്നില്ലെന്നും പുലർച്ചെ നാലുമണിക്ക് തയ്യാറാക്കിയ അനാലിസിസ് ഷീറ്റുകളും എഴുതിയ പരീക്ഷകളും തിരുത്തിയെഴുതിയ ഉത്തരങ്ങളും വർഷങ്ങളുടെ കഠിനാധ്വാനവുമെല്ലാം അതിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജോലി. പ്രണയം എല്ലാം നഷ്ടം

2022 -ൽ ലഭിച്ച ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് യുപിഎസ്സി തയ്യാറെടുപ്പിലേക്ക് തിരിഞ്ഞത്. നാല് വർഷത്തെ പ്രണയബന്ധവും ഈ കാലയളവിൽ നഷ്ടപ്പെട്ടു. പലതവണ പ്രതീക്ഷയോടെ വീണ്ടും ശ്രമിച്ചെങ്കിലും ഒടുവിൽ എല്ലാം അവസാനിപ്പിക്കുകയാണെന്നായിരുന്നു യുവാവിന്‍റെ വാക്കുകൾ. പുസ്തകങ്ങൾ വിറ്റപ്പോൾ ലഭിച്ചത് 464 രൂപ മാത്രം. 600 രൂപ വരെ വാങ്ങാമായിരുന്നില്ലേയെന്ന് ഒരാൾ പറഞ്ഞപ്പോൾ, ഇനി 100 - 200 രൂപ അധികം കിട്ടിയാലും വലിയ വ്യത്യാസമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പിന്നീട് ലഭിച്ച 464 രൂപ ക്ഷേത്രത്തിൽ സംഭാവന ചെയ്തെന്നും അടുത്ത ശ്രമത്തിനുള്ള ഭാഗ്യമോ നേട്ടമോ ലക്ഷ്യമിട്ടായിരുന്നില്ല അതെന്നും എഴുതിയ അദ്ദേഹം ഇനിയൊരു ശ്രമമില്ലെന്നും വ്യക്തമാക്കി. യുവാവിന്‍റെ കുറിപ്പ് നിരവധി യുപിഎസ്സി ഉദ്യോഗാർഥികളെയും മുൻ ഉദ്യോഗാർഥികളെയും വൈകാരികമായി ഏറെ സ്വാധീനിച്ചു. സമാനമായ അനുഭവങ്ങൾ പങ്കുവെച്ച പലരും വർഷങ്ങളുടെ പരിശ്രമത്തിന്‍റെയും ത്യാഗത്തിന്‍റെയും വേദന മനസ്സിലാക്കാനാകുമെന്ന് പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ചീഫ് പൂച്ച ഓഫീസർ ഹാജറുണ്ട്'; മുംബൈ മെട്രോയിലെ പൂച്ചയ്ക്ക് പുതിയ പദവി; ‘ചീഫ് ഫെലൈൻ ഓഫീസർ’! കുറിപ്പ് വൈറൽ
ഒമ്പത് വർഷം മുമ്പ് മോഷണം പോയി, ഒടുവിൽ കണ്ടെത്തി വളർത്തു തത്തയെ!