
ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലുള്ള ബ്രീട്ടീഷ് കാബിനറ്റ് ഓഫീസിൽ എലിയെ പിടിക്കാൻ ഒരു പൂച്ചയുണ്ട്, അതും ഔദ്യോഗിക പദവികളോട്. ചീഫ് മൗസറായി സേവനമനുഷ്ഠിക്കുന്ന പ്രശസ്ത ബ്രൗൺ - ആൻഡ് - വൈറ്റ് ടാബിയാണ് ലാറി ദി ക്യാറ്റ്. 2011-ൽ ദത്തെടുക്കപ്പെട്ട ലാറി ഇന്ന് നിരവധി പ്രധാനമന്ത്രിമാർക്കൊപ്പം ജോലി ചെയ്തു കഴിഞ്ഞു. എന്നാൽ പറഞ്ഞ് വന്നത് ലാറിയെ കുറിച്ചല്ല. മറ്റൊരു 'പൂച്ച സാറി'നെ കുറിച്ചാണ്. മുംബൈ മെട്രോ സ്റ്റേഷനിലെ സ്ഥിരം സാന്നിധ്യമായ ഒരു ഓറഞ്ച് നിറത്തിലുള്ള പൂച്ച. ഇന്ന് അവർ വെറുമൊരു പൂച്ചയല്ല. മറിച്ച് ‘ചീഫ് ഫെലൈൻ ഓഫീസർ’ആണ്. അതെ ഇതും ഔദ്യോഗിക പദവി തന്നെ.
മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (MMMOCL), മുംബൈയിലെ ഗുണ്ടാവലി മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ശ്രദ്ധ നേടിയ പൂച്ചയെ ‘ചീഫ് ഫെലൈൻ ഓഫീസർ’ എന്ന രസകരമായ പദവിയിൽ പ്രതിഷ്ഠിക്കുകയായിരുന്നു. യാത്രക്കാരനായ സന്ദേശ് സാമന്ത് പങ്കുവച്ച ഒരു ചിത്രത്തോടെയാണ് പൂച്ചയുടെ ‘ജോലി’ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചത്. ഗുണ്ടാവലി മെട്രോ സ്റ്റേഷന്‍റെ പ്രവേശന കവാടത്തിന് സമീപം ഇരിക്കുന്ന പൂച്ചയുടെ ചിത്രം സന്ദേശ് എക്സിൽ പങ്കുവച്ചു. “ഈ നിഷ്കളങ്ക ജീവിക്ക് ഒരു ഔദ്യോഗിക പദവി നൽകണം. ഇപ്പോൾ സൗജന്യമായാണ് ജോലി ചെയ്യുന്നത്” എന്നായിരുന്നു MMMOCL-നെ ടാഗ് ചെയ്ത് കൊണ്ട് സന്ദേശ് സാമന്ത് എഴുതിയത്. സന്ദേശിന്‍റെത് ഒരു തമാശക്കുറിപ്പായിരുന്നെങ്കിലും മുംബൈ മെട്രോ അധികൃതർ അത് ഗൗരവമായെടുത്തു. അങ്ങനെ പൂച്ചയ്ക്ക് ‘ചീഫ് ഫെലൈൻ ഓഫീസർ’ എന്ന അനൗദ്യോഗിക പദവിയും ലഭിച്ചു.
Dear @MMMOCL_Official, please give this pure soul of Gundavli Metro station an official position.
It's working for free at the moment. 🙏🏾♥️ pic.twitter.com/O8TbweDeRQ— Sandesh Samant - संदेश सामंत (@sandesh_samant) August 21, 2026
സ്റ്റേഷൻ പരിശോധിക്കുക, യാത്രക്കാരെ നിരീക്ഷിക്കുക, എല്ലാവർക്കും കാണാൻ കഴിയുന്ന സ്ഥലത്ത് കൃത്യമായി ഇരിക്കുക എന്നിവയാണ് പൂച്ചയുടെ പ്രധാന ഉത്തരവാദിത്തങ്ങളെന്ന് അധികൃതർ തമാശയായി പറയുന്നു. ഒപ്പം ഇതുവരെ അതിന്‍റെ പ്രകടനം ‘പർഫെക്റ്റ്’ ആണെന്നും അവർ കുട്ടിച്ചേർത്തു. പൂച്ചയുടെ ചിത്രവും മെട്രോയുടെ രസകരമായ പ്രതികരണവും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി. ഗുണ്ടാവലി സ്റ്റേഷനിലെത്തുമ്പോഴെല്ലാം താൻ പൂച്ചയെ അന്വേഷിക്കാറുണ്ടെന്ന് ഒരാൾ പ്രതികരിച്ചു. മറ്റൊരാൾ ഇതിന് ‘ചീഫ് മൗസ് ക്യാച്ചർ’ എന്ന പദവി നൽകണമെന്നായിരുന്നു തമാശയായി കുറിച്ചത്. സാധാരണയായി യാത്രക്കാരുടെ തിരക്കിനും ട്രെയിൻ സർവീസുകൾക്കുമിടയിൽ ശ്രദ്ധിക്കപ്പെടുന്ന മെട്രോ സ്റ്റേഷനിൽ, ഈ പൂച്ച ഇപ്പോൾ യാത്രക്കാരുടെ പ്രിയപ്പെട്ട ‘ജീവനക്കാരനായി’ മാറിയിരിക്കുകയാണ്. ചെറിയൊരു തമാശയിൽ തുടങ്ങിയ സംഭവം സമൂഹ മാധ്യമങ്ങളിൽ ചിരിയും കൗതുകവും നിറയ്ക്കുകയാണ്.