'കറുത്ത വിധവ'യ്ക്ക് വധശിക്ഷ തന്നെ, അപ്പീൽ തള്ളി, ഇവർ കൊന്നുതള്ളിയത് ഭർത്താവിനെയും കാമുകന്മാരെയും

By Web TeamFirst Published Jun 30, 2021, 1:04 PM IST
Highlights

2013 -ല്‍ വിവാഹിതരായി ഒരുമാസം കഴിയുമ്പോഴാണ് അവരുടെ ഭര്‍ത്താവ് എഴുപതുകാരനായ ഇസാവോ കകേഹി കൊല്ലപ്പെടുന്നത്. ഇന്‍ഷുറന്‍സ് തുകയായി അന്നിവര്‍ക്ക് കോടികളാണ് കിട്ടിയത്. 

ജപ്പാനിലെ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചിസാക്കോ കകേഹിയുടെ അവസാനത്തെ അപ്പീലും തള്ളി. ഇതോടെ, 'കറുത്ത വിധവ' എന്ന് അറിയപ്പെടുന്ന കകേഹിയ്ക്ക് വധശിക്ഷ തന്നെ എന്ന് ഉറപ്പായിരിക്കുകയാണ്. ഭര്‍ത്താവിനെയും പങ്കാളികളെയും കൊന്ന 74 -കാരിയായ കകേഹി നാലാമതൊരാളെ കൂടി വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. 

പങ്കാളികളെ കൊല്ലുന്നതിലൂടെ പത്ത് വര്‍ഷത്തിനുള്ളില്‍ കോടീശ്വരിയായി മാറുകയായിരുന്നു കകേഹി. ഈ പണം തട്ടിയെടുക്കുന്നതിനായി കാമുകന്മാര്‍ക്ക് സയനൈഡ് നല്‍കുകയായിരുന്നു ഇവര്‍. കകേഹിക്ക് ഡിമെൻഷ്യ ബാധിച്ചതായും നിയമനടപടികൾ മനസ്സിലാകുന്നില്ലെന്നും വാദിച്ചുകൊണ്ട് അവളുടെ അഭിഭാഷകർ 2017 -ലെ വധശിക്ഷയിൽ അപ്പീൽ നൽകി.

എന്നാല്‍, ജപ്പാനിലെ സുപ്രീംകോടതി അപ്പീല്‍ തള്ളുകയായിരുന്നു. ഇതോടെ കകേഹിക്ക് വധശിക്ഷ ഉറപ്പായി. 
പെൺചിലന്തികളെ പോലെ ലൈംഗികബന്ധത്തിനു ശേഷം ഇണയെ കൊല്ലുന്ന രീതിയാണ് ഇവര്‍ക്ക്. അങ്ങനെയാണ് ജപ്പാനിലെ മാധ്യമങ്ങള്‍ ഇവരെ 'ബ്ലാക്ക് വിഡോ' അഥവാ 'കറുത്ത വിധവ' എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. 

നാലുമാസത്തിലധികം നീണ്ടുനിന്ന 2017 -ലെ വിചാരണയില്‍ അവൾ മാച്ച് മേക്കിംഗ് സേവനങ്ങളിൽ ചേർന്നിരുന്നതായി കണ്ടെത്തി. അതിലൂടെ സമ്പന്നരും മക്കളില്ലാത്തവരുമായ പുരുഷന്മാരെയായിരുന്നു അവള്‍ തെരഞ്ഞെടുത്തത്. അതില്‍ ഭര്‍ത്താവിനെയും രണ്ട് കാമുകന്മാരെയും അവള്‍ കൊലപ്പെടുത്തി. ഇവരെല്ലാം എഴുപതിനും എണ്‍പതിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 2007 -നും 2013 -നും ഇടയിലാണ് ഈ കൊലകളെല്ലാം നടന്നത്. 

2013 -ല്‍ വിവാഹിതരായി ഒരുമാസം കഴിയുമ്പോഴാണ് അവരുടെ ഭര്‍ത്താവ് എഴുപതുകാരനായ ഇസാവോ കകേഹി കൊല്ലപ്പെടുന്നത്. ഇന്‍ഷുറന്‍സ് തുകയായി അന്നിവര്‍ക്ക് കോടികളാണ് കിട്ടിയത്. എന്നാല്‍, ഇതില്‍ ഭൂരിഭാഗവും ഓഹരിവിപണിയില്‍ നഷ്ടപ്പെട്ടുവെന്നും ഇവര്‍ കടത്തിലാവുകയും ചെയ്തു എന്നും ജപ്പാന്‍ ടൈംസ് റിപ്പോര്‍‌ട്ട് ചെയ്തിരുന്നു. 

മറ്റൊരാളെ കൊല്ലാനും പണം തട്ടിയെടുക്കാനും ഇവര്‍ ശ്രമം നടത്തുകയുമുണ്ടായി. കകേഹിക്ക് മറ്റ് മൂന്ന് ഭർത്താക്കന്മാരും ഉണ്ടായിരുന്നു. അവരെല്ലാം മരിച്ചു, പക്ഷേ അവരുടെ മരണവുമായി ബന്ധപ്പെട്ട് അവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!