
വീടിന് പുറത്ത് കൗമാരക്കാർ നടത്തിയ പ്രാങ്ക് ചോദ്യം ചെയ്യുന്നതിനിടെ ഹൈസ്കൂൾ അധ്യാപകൻ ദാരുണമായി കൊല്ലപ്പെട്ടു. ജോർജിയയിലെ ഗെയ്‌നസ്‌വില്ലിൽ മാർച്ച് 6 -നാണ് സംഭവം. നോർത്ത് ഹാൾ ഹൈസ്കൂളിലെ അധ്യാപകനായ ജെയ്‌സൺ ഹ്യൂസ് എന്ന നാല്പതുകാരനാണ് മരിച്ചത്. ഹാൾ കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നത് പ്രകാരം, അഞ്ച് കൗമാരക്കാർ ചേർന്നാണ് ഹ്യൂസിന്റെ വീടിന് മുന്നിലെ മരങ്ങളിൽ പ്രാങ്കിന്റെ ഭാഗമായി ടോയ്‌ലറ്റ് പേപ്പർ ചുറ്റിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ഹ്യൂസ് പുറത്തിറങ്ങി ഇവരെ ചോദ്യം ചെയ്തു. ഇതോടെ ഭയന്ന കൗമാരക്കാർ രണ്ട് വാഹനങ്ങളിലായി അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ആ സമയത്ത് റോഡിലേക്ക് വീണ ഹ്യൂസിനെ, 18 -കാരനായ ജെയ്‌ഡൻ റയാൻ വാലസ് ഓടിച്ച പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ട് ആൺകുട്ടികളുടെ പിതാവാണ് ഹ്യൂസ്.
ട്രക്ക് ഓടിച്ചിരുന്ന ജെയ്‌ഡൻ വാലസിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കും അശ്രദ്ധമായി വണ്ടിയോടിച്ചതിനും പൊലീസ് കേസെടുത്തു. വാലസിനൊപ്പമുണ്ടായിരുന്ന എലിജ ടേറ്റ് ഓവൻസ്, എയ്ഡൻ ഹക്സ്, അന കാതറിൻ ലൂക്ക്, അരിയാന ക്രൂസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമിച്ചു കടക്കൽ, പൊതുസ്ഥലത്ത് മാലിന്യം തള്ളൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അമേരിക്കൻ സ്കൂളുകളിൽ പ്രോം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ നടത്തുന്ന 'ജൂനിയർ/സീനിയർ വാർസ്' പോലുള്ള പ്രാങ്കുകൾ അതിരുകടക്കരുതെന്ന് സ്കൂൾ അധികൃതർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 'ഇത്തരം പ്രവണതകൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അത് ക്രിമിനൽ കേസുകളിലേക്കും നിങ്ങളുടെ ഭാവി തകർക്കുന്നതിലേക്കും നയിക്കും' എന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് ഫേസ്ബുക്കിലൂടെ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വിയോഗത്തിൽ നോർത്ത് ഹാൾ ഹൈസ്കൂൾ ദുഃഖം രേഖപ്പെടുത്തി.