മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഒരു ലക്ഷം പിഴ, ആ പണം കൊണ്ട് മദ്യപാർട്ടി നടത്തി പഞ്ചായത്ത്, പിന്നാലെ വിവാദം

Published : Jul 15, 2026, 12:04 PM IST
No Rape

Synopsis

ജാർഖണ്ഡിൽ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്, പോലീസ് സ്റ്റേഷനിൽ അറിയിക്കാതെ പഞ്ചായത്ത് അംഗങ്ങൾ ഒരു ലക്ഷം രൂപ പിഴ ചുമത്തി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. ഈ പണം ഉപയോഗിച്ച് മദ്യസത്ക്കാരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെയും പ്രതിയെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ജാർഖണ്ഡിലെ ഒരു പഞ്ചായത്ത് അംഗങ്ങൾ നിയമനടപടികൾ നേരിടുന്നു. കേസ് പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് ഇടപെടുകയും പ്രതിക്ക് പിഴയായി ഒരു ലക്ഷം രൂപ വിധിക്കുകയും ചെയ്ത പഞ്ചായത്ത് അംഗങ്ങൾ ആ പണം ഉപയോഗിച്ച് മദ്യപാന പാർട്ടിയും സംഘടിപ്പിച്ചു. മനുഷ്യത്വ രഹിതമായ ഈ സംഭവം സമൂ ഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

കുറ്റവാളിക്ക് പിഴ ചുമത്തി പഞ്ചായത്ത്

ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിലാണ് മൂന്ന് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യപ്പെട്ടതായി പോലീസ് റിപ്പോർട്ടിൽ പറയുന്നത്. പ്രതിയെ പോലീസിൽ ഏൽപ്പിക്കുന്നതിന് പകരം പഞ്ചായത്ത് സർപഞ്ച് അടക്കമുള്ള പഞ്ചായത്ത് അംഗങ്ങൾ ഗ്രാമസഭ വിളിച്ച് കൂട്ടുകയും പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയുമായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുമ്പോൾ ഇയാളിൽ നിന്നും പിഴയായി ഈടാക്കിയ പണം കൊണ്ട് മദ്യമാംസാദികൾ കഴിച്ച് പഞ്ചായത്ത് അംഗങ്ങൾ ആഘോഷിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

പിഴത്തുക മദ്യസത്ക്കാരത്തിന്

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം പെൺകുട്ടിയുടെ വീട്ടിലെത്തിയ സുനിൽ ലോഹറ എന്നയാളാണ് കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. വീട്ടുജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ കൊണ്ട് പോകാറുണ്ടോയെന്ന് സുനിൽ ചോദിച്ചിരുന്നെന്നും പിന്നീട് ഇയാൾ തൊട്ടടുത്ത മുറിയിലേക്ക് കുട്ടിയെ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മയെത്തുമ്പോൾ കുട്ടി അവശനിലയിലായിരുന്നു. ഉടൻ തന്നെ ഒരു ഡോക്ടറുടെ അടുത്ത് കുട്ടിയെ എത്തിച്ചു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തുന്നതിന് പകരം അമ്മ കുട്ടിയുമായി ഗ്രാമ പഞ്ചായത്തിൽ പരാതിപ്പെടുകയായിരുന്നു. തൊട്ടടുത്ത ദിവസം ഗ്രാമപഞ്ചായത്ത് വിളിച്ച് ചേർത്ത യോഗത്തിൽ വച്ച് പ്രതിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പ്രതി അപ്പോൾ തന്നെ 20,000 രൂപ കൈമാറി. ബാക്കി 80,000 രൂപ ഒരാഴ്ചയ്ക്കുള്ളിൽ പഞ്ചായത്തിൽ എത്തിക്കാമെന്നും അറിയിച്ചു. യോഗം പിരിഞ്ഞതിന് പിന്നാലെ പഞ്ചായത്ത് അംഗങ്ങൾ തങ്ങൾക്ക് ലഭിച്ച പണം ഉപയോഗിച്ച് ഒരു മദ്യ സത്ക്കാരവും സംഘടിപ്പിച്ചെന്നും പോലീസ് പറയുന്നു.

കേസ്, അറസ്റ്റ്

കുറ്റകൃത്യം പുറത്ത് അറിയിക്കാതെ ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഘാഗ്ര പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഗ്രാമത്തിലെ ഉന്നതരായ വ്യക്തികൾ കുട്ടിയുടെ അമ്മയോട് കേസുമായി പോലീസ് സ്റ്റേഷനിലേക്ക് പോകേണ്ടെന്ന് സമ്മർദ്ദം ചെലുത്തിയതായും പോലീസ് പറയുന്നു. ലഭിച്ച പണം ഉപയോഗിച്ച് മദ്യ സത്ക്കാരം നടക്കുന്ന സമയത്താണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് ഗ്രാമത്തിലെത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെയും പഞ്ചായത്ത് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നാലെ കേസിന്‍റെ വിവരങ്ങൾ റെഡ്ഡിൽ ആരോ പങ്കുവയ്ക്കുകയും അത് വൈറലാവുകയുമായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

യജമാനന്‍റെ മരണത്തിന് പിന്നാലെ വിശ്വസ്തനായ വളർത്തുനായയും ചത്തു; ഇവർക്കും ഒരുമിച്ച് വിലാപയാത്ര
മുൻ മന്ത്രിയിൽ നിന്നും പിടിച്ചെടുത്തത് 375 കിലോ സ്വർണം; ഇറാഖിൽ വൻ അഴിമതി വേട്ട, കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി