പരിചയപ്പെട്ട് നാലാം നാൾ വിവാഹത്തിന് സമ്മതം മൂളാൻ യുവതിക്ക് സാലറി സ്ലിപ്പ് അയച്ച് യുവാവ്, പക്ഷേ നിരസിച്ച് യുവതി

Published : Jul 14, 2026, 06:14 PM IST
Woman rejects marriage proposal

Synopsis

പരിചയപ്പെട്ട് നാലാം ദിവസം സാലറി സ്ലിപ്പ് അയച്ച് വിവാഹാഭ്യർത്ഥന നടത്തിയ യുവാവിനെ യുവതി നിരസിച്ചു. ശമ്പളമല്ല, മറിച്ച് യുവാവിന്‍റെ സമീപനമാണ് നിരസിക്കാൻ കാരണമെന്ന് യുവതി സമൂഹ മാധ്യമങ്ങളിൽ വ്യക്തമാക്കി. ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

രിചയപ്പെട്ട് നാലാം ദിവസം വിവാഹത്തിന് സമ്മതിപ്പിക്കാനായി തനിക്ക് സാലറി സ്ലിപ്പ് അയച്ച് തന്ന യുവാവിന്‍റെ വിവാഹാഭ്യർത്ഥന നിരസിച്ചതായി യുവതിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ, വിവാഹം നിരസിച്ചതിന്‍റെ കാരണം ശമ്പളത്തിന്‍റെ അളവല്ലെന്നും, യുവാവിന്‍റെ സമീപനമാണെന്നും വ്യക്തമാക്കിയാണ് യുവതി സമൂഹ മാധ്യമങ്ങളിൽ കുറിപ്പെഴുതിയത്. ഇതോടെ കുറിപ്പ് വൈറലായി.

പരിചയപ്പെട്ട് നാലാം ദിവസം ശമ്പള ബില്ല്!

തന്‍റെ ഉറ്റ സുഹൃത്ത് ഒരു കുടുംബ സുഹൃത്തിനെ പരിചയപ്പെടുത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. അവർ വളരെ വേഗത്തിൽ സൗഹൃദത്തിലായി. എന്നാൽ കണ്ടുമുട്ടി നാലാമത്തെ ദിവസം മുതൽ അയാൾ വിവാഹത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ താൻ അത്ഭുതപ്പെട്ടെന്ന് യുവതി എഴുതി. സംസാരിച്ചപ്പോൾ, അവരുടെ ദീർഘകാല പദ്ധതികൾ വ്യത്യസ്തമാണെന്ന് താൻ മനസ്സിലാക്കിയെന്ന് യുവതി കുറിച്ചു. വിദേശത്തേക്ക് പോയി ഗവേഷണം നടത്താനാണ് അവൾ ആഗ്രഹിച്ചത്, അതേസമയം സോഫ്റ്റ്‌വെയർ എഞ്ചിനീയറും കുടുംബത്തിലെ ഏക മകനുമായ അയാൾക്ക് ഇന്ത്യയിൽ തന്നെ തുടരാനും ഒടുവിൽ അച്ഛന്‍റെ ഫർണിച്ചർ ബിസിനസ്സ് നടത്താനുമായിരുന്നു ആഗ്രഹം. 

സംസാരത്തിന്‍റെ തുടർച്ചയെന്നവണ്ണം യുവാവ് തന്‍റെ ഉയർന്ന ശമ്പളത്തിന് തെളിവ് നൽകാനെന്ന വണ്ണം തന്‍റെ ശമ്പള സ്ലിപ്പുകൾ യുവതിക്ക് അയച്ച് കൊടുക്കുകയായിരുന്നു. സാമ്പത്തികമായി താൻ മികച്ച നിലയിലാണെന്ന് യുവതിയെ അറിയിക്കാനും അതിലൂടെ വിവാഹത്തിന് സമ്മതം വാങ്ങാനുമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രമം. പക്ഷേ, ആ പ്രതീക്ഷ പാളി. കാരണം വ്യക്തമാക്കി കൊണ്ടുതന്നെ യുവതി ആ ഓഫർ നിരസിച്ചു. “അത് ഒരിക്കലും പണത്തെക്കുറിച്ചായിരുന്നില്ല”എന്ന് യുവതി വ്യക്തമാക്കി. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ വരുമാനത്തേക്കാൾ പ്രധാനമായത് പരസ്പര ബഹുമാനവും മനസ്സിലാക്കലും മൂല്യങ്ങളുമാണെന്ന് യുവതി റെഡ്ഡിറ്റിൽ എഴുതി. ഒരാളുടെ വ്യക്തിത്വത്തേക്കാൾ ശമ്പളത്തെ മുൻനിർത്തി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും അവർ എടുത്തു പറഞ്ഞു.

 

 

വേണം മറ്റ് ചില മൂല്യങ്ങളും

യുവതിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടി. ചിലർ വിവാഹജീവിതത്തിൽ സാമ്പത്തിക സ്ഥിരത നിർണായകമാണെന്നും അതിനാൽ ശമ്പള വിവരങ്ങൾ പങ്കുവെക്കുന്നതിൽ തെറ്റില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാൽ മറുവശത്ത്, ശമ്പളം മാത്രം മുന്നോട്ട് വച്ച് ഒരാളെ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ബന്ധത്തെ വെറുമൊരു സാമ്പത്തിക ഇടപാടായി കാണുന്നതിന് തുല്യമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു. സമൂഹ മാധ്യമ ചർച്ച വിവാഹത്തെ പുതിയ സങ്കല്പങ്ങളിലേക്കും വഴി മാറി. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതിൽ സാമ്പത്തിക ശേഷിക്ക് പ്രാധാന്യമുണ്ടെങ്കിലും, വിശ്വാസം, സ്വഭാവം, ആശയവിനിമയം, പരസ്പര ബഹുമാനം എന്നിവയാണ് ദീർഘകാല ബന്ധത്തിന്‍റെ യഥാർത്ഥ അടിത്തറയെന്ന് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. അതേസമയം, വിവാഹാലോചനകളിൽ സാമ്പത്തിക വിവരങ്ങൾ തുറന്നുപറയുന്നത് തെറ്റല്ലെങ്കിലും, അത് ഒരാളുടെ മൂല്യം അളക്കാനുള്ള ഏക മാനദണ്ഡമാകരുതെന്നും നിരവധി പേർ ചൂണ്ടിക്കാണിച്ചു.

PREV
Read more Articles on
click me!

Recommended Stories

തല മൊട്ടയടിച്ചത് അമ്മ കല്ല്യാണത്തിന് നിർബന്ധിച്ചതുകൊണ്ടോ? വിശദീകരണവുമായി കീർത്തന
കഞ്ചാവ് കഴിച്ച് യുകെയിലെ ഏറ്റവും വലിയ പർവതത്തിന് മുകളിൽ, നായയെ എമർജൻസി ടീം താഴെയെത്തിച്ചു