വയസ് 190, ഇതാണ് ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമ!

By Web TeamFirst Published Apr 25, 2022, 2:56 PM IST
Highlights

ഏകദേശം 50 വയസുള്ളപ്പോഴാണ് ജോനാഥൻ അവിടെ എത്തുന്നത്. അതിന് ശേഷം 31 ഗവർണർമാർ അധികാരത്തിലിരിക്കുന്നത് അവൻ കണ്ടു. ജോനാഥന്റെ ഒരു ഫോട്ടോയും അവിടെയുണ്ട്. അത് 1882-86 കാലഘട്ടത്തിൽ എടുത്തതാണ്, അതായത് കുറഞ്ഞത് 136 വർഷം മുമ്പ് എടുത്തത്.

ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമുള്ള ആമ(Tortoise)യാണ് ജോനാഥൻ(Jonathan). ഈ വർഷം അവന് 190 വയസ്സ് തികയും. ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയായ സെന്റ് ഹെലേന ദ്വീപിലാണ്(South Atlantic Island of St. Helena) അവന്റെ താമസം. സീഷെൽസ് ഇനത്തിൽപ്പെട്ടതാണ് ജോനാഥൻ. ഏകദേശം 1832 -ലാണ് അവൻ ജനിച്ചതെന്ന് കണക്കാക്കപ്പെടുന്നു.

ജനുവരിയിൽ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ജോനാഥനെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ആമയായി തെരഞ്ഞെടുത്തിരുന്നു. 188 വയസ്സ് വരെ ജീവിച്ചിരുന്ന ആമയായ തുയി മലീലയുടെ പേരിലാണ് ഈ റെക്കോർഡ് മുമ്പ് ഉണ്ടായിരുന്നത്. 1777 -ൽ ടോംഗയുടെ രാജകുടുംബത്തിന് സമ്മാനമായി ലഭിച്ചതാണ് അതിനെ. എന്നാൽ, അത് 1965 -ൽ മരണപ്പെട്ടു. സാധാരണയായി ആമകൾ 150 വർഷം വരെയൊക്കെ ജീവിക്കുമെങ്കിലും, ജോനാഥൻ അതും മറികടന്ന് ഇപ്പോഴും ആരോഗ്യവാനായി തുടരുകയാണ്. പക്ഷേ, പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ അവനുണ്ട്. തിമിരം കാരണം അവന് കണ്ണ് കാണാൻ പ്രയാസമാണ്. മണം പിടിക്കാനുള്ള കഴിവും നഷ്ടപ്പെട്ടു. എന്നാലും, അവന് ആ പ്രദേശമൊക്കെ നന്നായി അറിയാം. അവൻ ആ വലിയ പറമ്പിൽ ഒക്കെ ചുറ്റി സഞ്ചരിക്കുകയും, പുല്ല് തിന്നുകയും ചെയ്യും.

ബ്രിട്ടീഷ് കൊളോണിയൽ അഡ്മിനിസ്ട്രേറ്റർ സർ വില്യം ഗ്രേ-വിൽസണാണ് ജോനാഥനെ 1882 -ൽ സെന്റ് ഹെലേനയിലെത്തിച്ചത്. അദ്ദേഹം പിന്നീട് ദ്വീപിന്റെ ഗവർണറായി മാറുകയും ചെയ്തു. ഹെലേനയിൽ എത്തിയ ശേഷം, ജോനാഥൻ ഗവർണറുടെ വസതിയായ പ്ലാന്റേഷൻ ഹൗസിലെ പൂന്തോട്ടങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടന്നു. ഏകദേശം 50 വയസുള്ളപ്പോഴാണ് ജോനാഥൻ അവിടെ എത്തുന്നത്. അതിന് ശേഷം 31 ഗവർണർമാർ അധികാരത്തിലിരിക്കുന്നത് അവൻ കണ്ടു. ജോനാഥന്റെ ഒരു ഫോട്ടോയും അവിടെയുണ്ട്. അത് 1882-86 കാലഘട്ടത്തിൽ എടുത്തതാണ്, അതായത് കുറഞ്ഞത് 136 വർഷം മുമ്പ് എടുത്തത്. ചിത്രത്തിൽ സെന്റ് ഹെലീനയുടെ ഗവൺമെന്റ് ഹൗസിന് സമീപം ജോനാഥൻ മറ്റൊരു ഭീമാകാരമായ ആമയ്‌ക്കൊപ്പം പുല്ല് തിന്നുന്നത് കാണാം. എമ്മ, ഡേവിഡ്, ഫ്രെഡ് എന്നീ മൂന്ന് ഭീമൻ ആമകളോടൊപ്പമാണ് ജോനാഥന്റെ ഇപ്പോഴത്തെ താമസം.  

ഇന്ത്യൻ മഹാസമുദ്രത്തിലെ വിവിധ ദ്വീപസമൂഹങ്ങളിൽ സീഷെൽസ് ആമകളെ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും കപ്പലുകളിൽ യാത്ര ചെയ്യുന്ന നാവികർ  ഭക്ഷണത്തിനായി അവയെ ഉപയോഗിക്കുന്നതിനാൽ അവയ്ക്ക് വംശനാശം നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ, ആദ്യമായി കാമറ കണ്ടുപിടിക്കുമ്പോഴും, ആദ്യമായി  ഫോട്ടോ എടുത്തപ്പോഴും, ലൈറ്റ് ബൾബ് കണ്ടുപിടിച്ചപ്പോഴും, രണ്ട് ലോക മഹായുദ്ധങ്ങൾ നടന്നപ്പോഴും, നീൽ ആംസ്ട്രോങ്ങും, ബസ് ആൽഡ്രിഡും ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയപ്പോഴും, ഇപ്പോൾ ഒടുവിൽ കൊറോണ മഹാമാരി ലോകത്തെ കീഴടക്കിയപ്പോഴും അവൻ മരണത്തിന് കീഴടങ്ങാതെ ഈ ഭൂമിയിൽ അതിജീവിച്ചു. യുദ്ധങ്ങളും ക്ഷാമങ്ങളും മഹാമാരികളും ഭരണാധികാരികളെയും കണ്ട് ജോനാഥൻ അതിജീവനത്തിന്റെ  പ്രതീകമായി ഇപ്പോഴും ഭൂമിയിൽ തുടരുകയാണ്.   

click me!