അഫ്​ഗാനിസ്ഥാനിൽ വീണ്ടും മാധ്യമപ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു, തുടരുന്ന ആശങ്ക

By Web TeamFirst Published Jan 2, 2021, 9:31 AM IST
Highlights

സംഭവങ്ങളില്‍ പലതിലും ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് ഭൂരിഭാഗം കൊലയ്ക്ക് പിന്നിലെന്നും അധികൃതര്‍ പറയുന്നു. 

ഘോറിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ ഒരു അഫ്ഗാൻ മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു. ലോക്കല്‍ റേഡിയോ സ്റ്റേഷനിലെ എഡിറ്റര്‍ ഇന്‍ ചീഫായ ബിസ്മില്ലാ ഐമഖ് ആണ് കൊല്ലപ്പെട്ടത്. രണ്ടുമാസത്തിനിടെ കൊല്ലപ്പെടുന്ന അഞ്ചാമത്തെയെങ്കിലും മാധ്യമപ്രവര്‍ത്തകനായിരിക്കണം ബിസ്മില്ല എന്നാണ് കരുതുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ബിസ്മില്ലയ്ക്ക് നേരെ ആക്രമണം നടന്നിരുന്നുവെങ്കിലും അന്നദ്ദേഹം രക്ഷപ്പെടുകയായിരുന്നു. 

അഫ്ഗാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ അനുകൂലികളെയും ആക്രമകാരികള്‍ ലക്ഷ്യം വയ്ക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളില്‍ പലതിലും ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് ഭൂരിഭാഗം കൊലയ്ക്ക് പിന്നിലെന്നും അധികൃതര്‍ പറയുന്നു. യുഎൻ, നാറ്റോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്ന് സംഭവങ്ങളെ അപലപിക്കുകയുണ്ടായി.

കലാപകാരികളും അഫ്ഗാൻ സർക്കാരും തമ്മിലുള്ള ചർച്ച അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. നേരത്തെയുള്ള ചർച്ചകളിൽ പ്രാഥമിക വിഷയങ്ങളിൽ ഇരുപക്ഷവും ചില പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വെടിനിർത്തലോ പവര്‍ ഷെയറിംഗ് കരാറിനെക്കുറിച്ചോ ചർച്ച ചെയ്യാൻ ആരംഭിച്ചിട്ടില്ല.

അടുത്തിടെ അഫ്​ഗാനിസ്ഥാനിൽ സമാനമായ ആക്രമണങ്ങൾ നടന്നത് ഇവർക്ക് നേരെയാണ്: 

റഹ്മത്തുള്ള നെക്സാദ്- ഗസ്നി ജേണലിസ്റ്റ്സ് യൂണിയൻ മേധാവിയായ നെക്സാദ് കഴിഞ്ഞ മാസം കിഴക്കൻ നഗരത്തിലെ വീടിനു സമീപത്താണ് വെടിയേറ്റ് മരിച്ചത്.

മലാല മൈവാന്ദ്- ദിവസങ്ങൾക്ക് മുമ്പ്, എനികാസ് ടിവിയിലെയും റേഡിയോയിലെയും പത്രപ്രവർത്തകയായ മലാല മൈവാന്ദ് ജോലിക്ക് പോകുന്നതിനിടെ അജ്ഞാതരായ തോക്കുധാരികൾ വാഹനം ആക്രമിച്ച് കൊലപ്പെടുത്തി.

മലാല മൈവാന്ദ്

യമ സിയാവാഷ്- നവംബറിൽ പ്രശസ്ത ടെലിവിഷൻ അവതാരകന്‍ യമ സിയാവാഷും മറ്റ് രണ്ട് പേരും കാബൂളിലെ വീടിനടുത്ത് കാറിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു.

അലിയാസ് ഡേയി- റേഡിയോ ലിബർട്ടിയുടെ റിപ്പോർട്ടറായ അലിയാസ് ഡേയി നവംബറിൽ ലഷ്കർ ഗായില്‍ കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.

സാബ സഹാര്‍- അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ചലച്ചിത്ര സംവിധായകരിലൊരാളായ സാബ സഹാറിന് നേരെ കാബൂളില്‍ വച്ച് വെടിവയ്പ്പുണ്ടായി എങ്കിലും ആക്രമണത്തിൽ നിന്ന് അവർ രക്ഷപ്പെട്ടു.

click me!