
വിവാഹമെന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഒരു കാരാറാണെന്നും അതില്‍ രണ്ട് കുടുംബങ്ങളുടെയും രണ്ട് സമൂഹങ്ങളുടെയും ഇടപെടൽ ശക്തമാണ്, പ്രത്യേകിച്ചും ഇന്ത്യന്‍ വിവാഹ കമ്പോളത്തിൽ. വ്യക്തികൾക്ക് അപ്പുറമുള്ള ഈ ഇടപെടൽ മിക്കപ്പോഴും വിവാഹ ആഘോഷത്തെ ഒരു സംഘട്ടന വേദിയാക്കി മാറ്റുന്നു. ചിലപ്പോൾ വരന്‍റെ വീട്ടുകാരുടെ മറ്റ് ചിലപ്പോൾ വധുവിന്‍റെ വീട്ടുകാരുടെ അങ്ങനെ പല കാരണങ്ങളാൽ വിവാഹ വേദി സംഘര്‍ഷ ഭൂമിയായി മാറുന്നു. ഏറ്റവും ഒടുവിലായി മഥുരയിലെ സുരിർ പ്രദേശത്ത് നിന്ന് ഹാത്രാസിലെ സഹ്പൗവിലെ ഒരു ഗ്രാമത്തിലേക്ക് നടത്തിയ വിവാഹ ഘോഷയാത്ര പൂര്‍ത്തിയാക്കും മുമ്പ് വധു വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
നവംബർ 7 നാണ് സംഭവം നടന്നത്. അമേരിക്കയിൽ നിന്നുള്ള ഒരു കുടുംബം അവരുടെ മകളുടെ വിവാഹത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു. വരണമാല്യം കൈമാറിയ ശേഷം ഗ്രാമത്തിലേക്ക് മടങ്ങുന്നതിനിടെ വരന്‍റെ ഷൂ വധുവിന്‍റെ സഹോദിമാര്‍ മോഷ്ടിക്കുന്ന ഒരു ചടങ്ങുണ്ട്. പിന്നീട് ഇത് തിരിച്ച് കിട്ടാന്‍ വരന്‍ സഹോദരിമാര്‍ ആവശ്യപ്പെടുന്നത് നല്‍കണം. ഇങ്ങനെ വധുവിന്‍റെ സഹോദരിമാര്‍ വരന്‍റെ ഷൂ മോഷ്ടിച്ചു. പിന്നാലെ 5,000 രൂപ തന്നാല്‍ ഷൂ തിരിച്ച് തരാമെന്ന് അവര്‍ വാഗ്ജദാനം നല്‍കി.
എന്നാല്‍, വരൻ വെറും 500 രൂപ മാത്രം നല്‍കാമെന്ന് ഏറ്റു. ഇതിന് പിന്നാലെ വധുവിന്‍റെ സഹോദരിമാരും വരനും തമ്മിൽ തർക്കമായി. തർക്കത്തിനൊടുവില്‍ അസ്വസ്ഥനായ വരന്‍ വിവാഹ വേദിക്ക് പുറത്ത് വച്ച് തന്‍റെ വരണമാല്യം അടക്കം പൊട്ടിച്ചെറിയുന്നതിലെത്തി. വരന്‍റെ അപ്രതീക്ഷിത നടപടി വധുവിന്‍റെ കുടുംബാംഗങ്ങളെ ഞെട്ടിച്ചു. ഇത്രയും നിസാരമായ ഒരു പ്രശ്നത്തിന് ഇത്തരത്തില്‍ പ്രതികരിച്ചത് വരന്‍റെ മാനസീകാവസ്ഥ വരെ ചോദ്യം ചെയ്യപ്പെട്ടു. പിന്നാലെ വധു വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിക്കുകയും വിവാഹ വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയുമായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വരന്‍റെ അസാധാരണമായ പ്രവര്‍ത്തിക്ക് പിന്നാലെ വധു വിവാഹം വേണ്ടെന്ന് വച്ച് ഇറങ്ങിയത് മറ്റൊരു സംഘര്‍ഷത്തിന് കാരണമായി. ഇതോടെ വരന്‍റെ ബന്ധുക്കൾ പ്രശ്നത്തില്‍ ഇടപെട്ടു. ഇരുകുടുംബാഗംങ്ങളും വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധു തന്‍റെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറായില്ല. നിസാര കാര്യങ്ങൾക്ക് ഇത്രയും അസ്വസ്ഥനാകുന്ന ഒരാളുടെ കൂടി ജീവിതം മുന്നോട്ട് നീക്കാനാകില്ലെന്ന് വധു അറിയിച്ചു. ഒടുവില്‍ വിവാഹ സദ്യയും മറ്റ് ചെലവുകളും വഹിക്കാന്‍ വധുവിന്‍റെ കുടുംബം സമ്മതിച്ചതോടെ ഇരുകുടുംബങ്ങളും പിരിഞ്ഞ് പോയി.