
അമേരിക്കയിലെ ഒരു ഇന്ത്യൻ പ്രവാസി തന്‍റെ വൃദ്ധനായ അയൽക്കാരനെ ഒറ്റയ്ക്ക് മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുഎസ് പോലുള്ള രാജ്യങ്ങളില്‍ പോലും മനുഷ്യന്‍ നേരിടുന്ന ഏകാന്തത വീഡിയോയ്ക്ക് പിന്നാലെ വലിയ ചർച്ചയായി. വിദേശത്ത് ഒറ്റപ്പെടലിന്‍റെ കഠിനമായ യാഥാർത്ഥ്യം ഈ സംഭവം തുറന്നുകാട്ടിയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ എഴുതി. "യുഎസിന്‍റെ ദുഃഖകരമായ യാഥാർത്ഥ്യം" എന്ന വിശേഷണത്തോടെയാണ് യുവാവ് തന്‍റെ വീഡിയോ പങ്കുവച്ചത്.
സച്ചിൻ സിന്ധു എന്ന ഉപയോക്താവാണ് തന്‍റെ അയൽക്കാരന്‍റെ മരണത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചത്. കുടുംബമില്ലാതെ തന്‍റെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനായ അയൽക്കാരൻറെ ഹൃദയഭേദകമായ മരണത്തെ സച്ചിന്‍ തന്‍റെ വീഡിയിയോയിലൂടെ വിവരിക്കുന്നു. ക്ലിപ്പിൽ, സച്ചിന്‍ വികാരഭരിതനായി ഇങ്ങനെ പറയുന്നു, "എനിക്ക് നിങ്ങളോട് വളരെ വേദനാജനകമായ ഒരു കാര്യം പങ്കുവയ്ക്കണം. എന്‍റെ വീടിനടുത്തുള്ള അപ്പാർട്ട്മെന്‍റിൽ എന്‍റെ വളരെ പ്രിയപ്പെട്ട ഒരു സുഹൃത്ത് താമസിച്ചിരുന്നു, ഷഫർ എന്നായിരുന്നു പേര്. അദ്ദേഹത്തിന് വയസ്സ് 80. ഇവിടെ, അദ്ദേഹത്തിന് ആരുമില്ലായിരുന്നു. ഭാര്യയോ കുട്ടികളോ അദ്ദേഹത്തോടൊപ്പം താമസിക്കുന്നില്ല. അദ്ദേഹത്തെ നന്നായി അറിയാവുന്ന ഒരേയൊരു വ്യക്തി ഞാൻ മാത്രമായിരിക്കും. ഒരു ദിവസം മുഴുവൻ അദ്ദേഹത്തിന്‍റെ വാക്ക് കേൾക്കാതെയും രാവിലെ മുതൽ ഒരു ഫോൺ കോളും ഇല്ലാതെയും കടന്നുപോയി. രാത്രി 8 മണിയോടെ, എന്‍റെ കൈവശമുണ്ടായിരുന്ന സ്പെയർ കീകൾ ഉപയോഗിച്ച് ഞാൻ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പോയി."
അയൽക്കാരന്റെ കിടപ്പുമുറിയിൽ കയറിയപ്പോൾ അയാൾ കട്ടിലിൽ നിർജീവമായി കിടക്കുന്നത് കണ്ടതെങ്ങനെയെന്നും സച്ചിന്‍ വിവരിക്കുന്നു. “ഞാൻ ഉടൻ തന്നെ 911 എന്ന നമ്പറിൽ വിളിച്ചു. പോലീസ് എത്തി, അന്വേഷണം ആരംഭിച്ചു, പിന്നീട് അയാൾ മരിച്ചതായി പ്രഖ്യാപിച്ചു,” അയാൾ വീഡിയോയിൽ വൈകാരികമായി പറയുന്നു. അത്തരം നിമിഷങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്ന സാംസ്കാരിക വ്യത്യാസങ്ങളെക്കുറിച്ചുള്ള ദുഃഖവും നിരാശയും അയാളുടെ ശബ്ദ വ്യത്യാസത്തിൽ പ്രതിഫലിക്കുന്നു. തനിക്ക് യുഎസില്‍ ഏറ്റവും ഇഷ്ടപ്പെടാത്ത കാര്യം ഇവിടെ കുടുംബം എന്ന വ്യവസ്ഥയോട് യഥാർത്ഥ ബോധമില്ല എന്നതാണെന്നും. മാതാപിതാക്കൾ കുട്ടികളോടൊപ്പമോ കുട്ടികൾ മാതാപിതാക്കളോടൊപ്പമോ താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയിൽ, മുതിർന്നവരെ പരിപാലിക്കുകയും അവരുമായി ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കട്ടി. പക്ഷേ ആ സംസ്കാരം ഇവിടെയില്ല. അതുകൊണ്ടാണ് പല പ്രായമായവരും ഒറ്റപ്പെട്ട് ജീവിക്കുകയും ആരുമറിയാതെ മരിക്കുകയും ചെയ്യുന്നത്. നാളെ ആരും കാണാൻ വന്നില്ലെങ്കിൽ, ശവസംസ്കാരം ഞാൻ തന്നെ നടത്തുമെന്ന് പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നു.
കുടുംബ ബന്ധങ്ങളെക്കുറിച്ച് സച്ചിൻ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെയും ഏറെ സ്പർശിച്ചു. കുടുംബത്തിനുവേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്. "നിങ്ങൾ വീട്ടിൽ നിന്ന് വളരെ അകലെ താമസിക്കുന്നുണ്ടെങ്കിൽ പോലും, നിങ്ങളുടെ കുടുംബവുമായി ബന്ധം നിലനിർത്തുക. എല്ലാ ദിവസവും നിങ്ങളുടെ മുതിർന്നവരോട് സംസാരിക്കുക." അദ്ദേഹം പറയുന്നു. വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടത്. നിരവധി പേരാണ് വൈകാരികമായ കുറിപ്പുകളുമായെത്തിയത്.