നെയ് മത്തി കേരള തീരത്തേക്ക് തിരിച്ചെത്തുന്നു, പക്ഷേ...!

By Web TeamFirst Published Aug 19, 2022, 2:05 PM IST
Highlights

രണ്ട് മാസത്തിനിടെ സംസ്ഥാനത്തുടനീളം നെയ്മത്തി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഇവയിലേറെയും കുഞ്ഞുമത്തികളാണ്. കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നത് അവയുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കാനും വംശവര്‍ദ്ധന ഇല്ലാതാക്കാനും  ഇടയാക്കും. 

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാണാതായി തുടങ്ങിയ നെയ്മത്തി വീണ്ടും കേരള തീരത്ത് തിരിച്ചെത്തുന്നു. ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ചൂടുപിടിക്കുന്നത് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 2014 മുതല്‍ നെയ്മത്തിയുടെ ലഭ്യത കേരള തീരത്ത് വന്‍ തോതില്‍ കുറഞ്ഞു വരികയായിരുന്നു. നെയ് മത്തി പൂര്‍ണമായും അപ്രത്യക്ഷമാവുമോ എന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. 

അതിനിടെയാണ്, കേരള തീരത്തേക്ക് നെയ്മത്തി തിരിച്ചെത്തിയെന്നുള്ള വാര്‍ത്തകള്‍. തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ നെയ്മത്തി വ്യാപകമായി കണ്ടുതുടങ്ങിയതായി ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ മാസം മുതല്‍ ആണ് നെയ്മത്തിയുടെ കുഞ്ഞുങ്ങള്‍ തീരപ്രദേശങ്ങളില്‍ കണ്ടു തുടങ്ങിയത്. എന്നാല്‍ ഈ കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിക്കുന്ന സാഹചര്യമുണ്ട്. ഇത് ഈ ഇനം മല്‍സ്യങ്ങളുടെ അതിജീവനം തന്നെ പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവേചനരഹിതമായ മത്സ്യ ബന്ധനമാണ് വെല്ലുവിളിയായി മാറിയിരിക്കുന്നത്.

 

...................

Also Read: മത്തിയുടെ ലഭ്യതയിൽ വൻ ഇടിവ്, കഴിഞ്ഞ വർഷം ലഭിച്ചത് കേവലം 3297 ടൺ മത്തി

...................

 

രണ്ട് മാസത്തിനിടെ സംസ്ഥാനത്തുടനീളം നെയ്മത്തി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഇവയിലേറെയും കുഞ്ഞുമത്തികളാണ്. കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നത് അവയുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കാനും വംശവര്‍ദ്ധന ഇല്ലാതാക്കാനും  ഇടയാക്കും. 2012-ല്‍ 3.9 ലക്ഷം ടണ്‍ നെയ് മത്തിയാണ് സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്. 2021-ല്‍ ഇത് 3,297 ടണ്ണായി കുറഞ്ഞു. വിവേചന രഹിതമായ വിധത്തില്‍ കുഞ്ഞുമീനുകളെ പിടിക്കുന്നത് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിലവിലെ നിയമപ്രകാരം പിടിക്കാന്‍ പറ്റുന്ന  നെയ് മത്തിയുടെ കുറഞ്ഞ വലിപ്പം (MLS) 10 സെന്റീമീറ്ററാണ്. നിയമത്തിലെ ഈ പഴുതാണ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നെയ് മത്തിയുടെ കുറഞ്ഞ വലിപ്പം എംഎല്‍എസ് 14 സെന്റിമീറ്ററായി ഉയര്‍ത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പൂര്‍ണ്ണ വളര്‍ച്ച എത്തിയ നെയ് മത്തിക്ക് ഉയര്‍ന്ന പ്രത്യുത്പാദന ശേഷിയുള്ളതിനാല്‍ വളര്‍ച്ച പൂര്‍ത്തിയായതിന് ശേഷം അവയെ ധാരാളമായി പിടിക്കുന്നത് പ്രശ്നമല്ല. എന്നാല്‍, കുഞ്ഞായിരിക്കുമ്പോഴേ ഇവയെ പിടിക്കുന്നത് ഈ ഇനത്തിന്റെ അതിജീവനത്തെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. 

.........................

Also Read: മത്തിക്കെന്ത് പറ്റി? ഇങ്ങനെ കുറയാൻ കാരണം എന്താണ്?

.........................

 

കുഞ്ഞു നെയ്മത്തികളെ വ്യാപകമായി പിടിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) ഫിഷറീസ് വകുപ്പിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രണ്ടാഴ്ചത്തേക്ക് മത്സ്യബന്ധനം നിരോധിക്കണമെന്നായിരുന്നു ആവശ്യം. മിന്നല്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും നിയമപ്രകാരമുള്ള കുറഞ്ഞ വലിപ്പ നിബന്ധന കര്‍ശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യത്തിന് മറുപടി നല്‍കാന്‍ ഫിഷറീസ് വകുപ്പ് വൈകിയതായി ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

.............................

Also Read : മത്തി കഴിക്കാൻ കിട്ടാതാവുമോ മലയാളിക്ക്?

.............................

 

യന്ത്രവത്കൃത ബോട്ടുകളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് ഒരു പരിധിയുമില്ലാതെ കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നതെന്നാണ് യന്ത്രവത്കൃത ബോട്ടുകാര്‍ പറയുന്നത്. 

എന്നാല്‍, ഏത് തരത്തിലുള്ള മീന്‍പിടിത്തമായാലും, വല വീശുന്നതിന് മുമ്പ് യന്ത്ര സംവിധാനം ഉപയോഗിച്ച് മീന്‍ കൂട്ടങ്ങളുടെ വലിപ്പം അളക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമിതലാഭം പ്രതീക്ഷിച്ച് നെയ്മത്തി കുഞ്ഞുങ്ങളെ പിടികൂടുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവുക, ഇക്കാര്യത്തില്‍ മല്‍സ്യ െതാഴിലാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുക തുടങ്ങിയ പരിഹാരങ്ങളാണ് ഇതിനുള്ളത്. 

click me!