
പൊലീസുനായ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്ന ഗാംഭീര്യമുള്ള ഒരു രൂപമുണ്ട് അല്ലേ? എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. യുഎസ്സിൽ നിന്നുള്ള ഈ പൊലീസുനായയുടെ ചിത്രം കാണുമ്പോൾ ക്യൂട്ട് എന്നല്ലാതെ മറ്റൊന്നും പറയാൻ തോന്നില്ല. K9 സർജന്റായ ബ്ലിറ്റ്സ് ആണ് ആ നായ. കുട്ടികളിൽ വിവിധ പ്രൊഫഷനുകളെ കുറിച്ച് അറിവും താല്പര്യവും വർധിപ്പിക്കാനുള്ള 'കിന്റർഗാർട്ടൻ കരിയർ ഡേ'യിലാണ് സംഭവം നടന്നത്. കരിയർ ഡേയുടെ ഭാഗമായി ഈ പൊലീസ് നായയേയും കിന്റർഗാർട്ടനിൽ എത്തിച്ചു.
എന്നാൽ, ഇവിടെയുള്ള കുട്ടികൾ നായയുടെ ദേഹത്ത് മുഴുവനും നക്ഷത്രങ്ങളുടെ സ്റ്റിക്കറുകൾ പതിപ്പിക്കുകയായിരുന്നു. അത് മാത്രമല്ല, പിങ്ക് നിറത്തിലുള്ള ഒരു ടിയാര അവനെ അണിയിക്കാനും അവർ മറന്നില്ല. വിവിധ വർണങ്ങളിലുള്ള നക്ഷത്രങ്ങളും ടിയാരയും ദേഹത്തണിഞ്ഞ് നിൽക്കുന്ന നായയുടെ ചിത്രമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കുറ്റവാളികളുടെ പേടിസ്വപ്നമായ ബ്ലിറ്റ്സിനെ ഈ രൂപത്തിൽ കണ്ടതോടെ എത്ര ക്യൂട്ടാണവൻ എന്നാണ് ആളുകൾ പറയുന്നത്.
ക്ലാസ് മുറിയിലെത്തിയ ബ്ലിറ്റ്സ് താനൊരു പൊലീസ് നായയാണ് എന്ന ഭാവമൊക്കെ അഴിച്ചുവച്ച് കുട്ടികളുമായി വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിലായത്രെ. കുട്ടികൾ തങ്ങളുടെ കുഞ്ഞുകരങ്ങളുമായി അവനെ തൊടാനെത്തിയപ്പോൾ അവൻ അവർക്കൊപ്പം ഇരിക്കുകയും എഴുന്നേറ്റ് പോകാൻ മടിക്കുകയും ആയിരുന്നു. മാത്രമല്ല, കുട്ടികൾ ദേഹത്ത് ഒട്ടിച്ചുവച്ച നക്ഷത്രങ്ങൾ പറിച്ചുകളയാനും അവൻ സമ്മതിച്ചില്ലത്രെ. 'പോകാൻ സമയമായപ്പോൾ, അവൻ ബാഡ്ജ് ഓഫ് ഹോണർ പോലെ 50 സ്റ്റിക്കറുകളും ടിയാരയുമായി അഭിമാനത്തോടെ തലയുയർത്തി വാലാട്ടിയാണ് അവൻ പുറത്തേക്ക് നടന്നത്' എന്നാണ് പൊലീസ് പേജിൽ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയത്. 'ഈ രൂപത്തിൽ അവനെ കണ്ടാൽ ഏത് കുറ്റവാളിയും അമ്പരന്നുപോകും' എന്നാണ് ചിലർ പ്രതികരിച്ചത്. 'ഇപ്പോൾ അവനൊരു അണ്ടർ കവർ ഏജന്റാണ്' എന്നാണ് മറ്റ് ചിലർ പറഞ്ഞത്.