
ആരോഗ്യം സംരക്ഷിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും പക്ഷികളുടെ ഫുഡ് മെനു പുതുക്കി കാൺപൂർ സുവോളജിക്കൽ പാർക്ക്. ഇവിടെയുള്ള താറാവും അരയന്നവും മൂങ്ങയും അടക്കമുള്ള പക്ഷികളുടെ ഭക്ഷണമെനുവാണ് ഇപ്പോൾ പരിഷ്കരിച്ചിരിക്കുന്നത്. താറാവുകൾക്കും അരയന്നങ്ങൾക്കും ഇപ്പോൾ 'രോഹു', 'കട്‍ല' പോലുള്ള നാടൻ മത്സ്യ ഇനങ്ങളാണ് വിളമ്പുന്നതെങ്കിൽ മൂങ്ങകൾക്ക് ചിക്കൻ നൽകുന്നതിന് പകരം എലികളെ നൽകാനാണ് തീരുമാനം.
കൊവിഡ് -19 മഹാമാരിക്ക് ശേഷം മനുഷ്യരിലും മൃഗങ്ങളിലും പക്ഷികളിലുമെല്ലാം പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണത്രെ ഈ പരിഷ്കരണം. അതിനായി, പക്ഷികളുടെ സ്വാഭാവികമായ ഭക്ഷണശീലങ്ങളോട് അടുത്തുനിൽക്കുന്ന ഭക്ഷണം തന്നെ നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
മൃഗശാലയുടെ പുതിയ ഡയറക്ടറും വെറ്ററിനറി ഡോക്ടറുമായ ഡോ. കനയ്യ പട്ടേലിന്റെ നേതൃത്വത്തിലാണ് ഈ പരിഷ്കാരം. മുമ്പ് താറാവുകൾക്കും അരയന്നങ്ങൾക്കും ഗുണനിലവാരം കുറഞ്ഞ സാധാരണ മത്സ്യങ്ങളാണ് നൽകിയിരുന്നത്. എന്നാൽ, രോഹു, കട്‌ല തുടങ്ങിയ നാടൻ ഇനങ്ങളിൽ പ്രോട്ടീൻ കൂടുതലാണ്, കൂടാതെ ആ മത്സ്യങ്ങൾ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ഫലപ്രദമാണെന്നാണ് കരുതുന്നത്, അതിനാലാണ് അവ തന്നെ നൽകാൻ തീരുമാനിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.
മൂങ്ങകളുടെ ഭക്ഷണമെനുവിലും വലിയ മാറ്റമാണ് വന്നിരിക്കുന്നത്. അടുത്ത കാലം വരെയും അവയ്ക്ക് കോഴിയുടെയും ആട്ടിന്റെയും ഒക്കെ എല്ലുകൾ നൽകിയിരുന്നു. എന്നാൽ, വിദഗ്ദ്ധർ പറയുന്നത് അവ മൂങ്ങകൾ സാധാരണയായി കഴിക്കുന്ന ഭക്ഷണമല്ല എന്നാണ്. കാട്ടിൽ, മൂങ്ങകൾ പ്രധാനമായും എലികളെയാണ് ഭക്ഷിക്കുന്നത്. അതിനാൽ, മൃഗശാലയിലും ഇനി അവയ്ക്കായി ജീവനുള്ള എലികളെയാണ് നൽകുക.
എന്തായാലും, ഈ പരിഷ്കരിച്ച ഭക്ഷണമെനു ആളുകളിലും കൗതുകമുണ്ടാക്കിയിട്ടുണ്ട്. പക്ഷികൾക്കും ഇതുപോലെ പ്രോട്ടീൻ റിച്ച് ഡയറ്റ് വേണ്ടിവരും എന്ന് അറിയില്ലായിരുന്നു എന്ന് പ്രതികരിച്ചവരും ഉണ്ട്.