കാർ​ഗിൽ വിജയത്തിന്റെ ഓർമ്മദിനം, ധീര സൈനികരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമവും...

By Web TeamFirst Published Jul 26, 2022, 9:37 AM IST
Highlights

തണുപ്പ് കാലമാണ്. എങ്ങും ശീതക്കാറ്റാണ്, ആ പ്രതികൂല സാഹചര്യത്തില്‍ നാല്‍പത് കിലോഗ്രാമിലേറെ വരുന്ന പടക്കോപ്പുകളും പുറത്തേന്തി ഇന്ത്യന്‍ സൈനികര്‍ മല കയറി. പാക് സൈനികരെ ആക്രമിച്ച് തുരത്തി. രണ്ട് മാസമാണ് യുദ്ധം നീണ്ടു നിന്നത്. ആ പോരാട്ടത്തിന് ശേഷം ഇന്ത്യ തന്‍റെ വിജയക്കൊടി പാറിച്ചു. 

1999... 

ഫെബ്രുവരി 19 -ന് ലാഹോര്‍ ബസ് നയതന്ത്രം. അതിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. എന്നാല്‍, ഒന്നും അവസാനിക്കുകയായിരുന്നില്ല. പകരം പാക് പട്ടാളമേധാവി പര്‍വേസ് മുഷറഫിന്‍റെ നേതൃത്വത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തന്നെ തയ്യാറാവുകയായിരുന്നു. ചതി.

എല്ലാ മഞ്ഞുകാലത്തും ഇന്തോ-പാക് നിയന്ത്രണരേഖ ഒഴിച്ചിടാറാണ് പതിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയാണ് ആ സമയത്ത് ആക്രമിക്കില്ല എന്നത്. ആ സമയത്ത് ഇന്ത്യന്‍ സൈനിക പോസ്റ്റും ശൂന്യമായിരിക്കും. അവിടെയായിരുന്നു പാകിസ്ഥാന്റെ മറ്റൊരു വിശ്വാസ വഞ്ചന. അവിടേക്ക് പാക് സൈനികര്‍ മുജാഹിദീനുകളുടെ വേഷത്തില്‍ നുഴഞ്ഞു കയറി. ഈ കാഴ്ച കണ്ടത് ഒരു ആട്ടിടയന്‍ തന്‍റെ ബൈനോക്കുലറിലൂടെ. പാക് സൈനികര്‍ ആ ഉയരങ്ങളില്‍ അപ്പോള്‍ ബങ്കറുകള്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, ആദ്യം അപ്രതീക്ഷിത നീക്കത്തില്‍ പകച്ച് പോയി എങ്കിലും ഉടനെ തന്നെ ഇന്ത്യന്‍ കരസേനയും വായുസേനയും ചേര്‍ന്ന് സംയുക്താക്രമണം നടത്തി. കൊടുംമഞ്ഞിൽ നടന്ന ആ യുദ്ധത്തിനൊടുവിൽ കാര്‍ഗില്‍ മലനിരകള്‍ നാം തിരിച്ചു പിടിച്ചു. 

തണുപ്പ് കാലമാണ്. എങ്ങും ശീതക്കാറ്റാണ്, ആ പ്രതികൂല സാഹചര്യത്തില്‍ നാല്‍പത് കിലോഗ്രാമിലേറെ വരുന്ന പടക്കോപ്പുകളും പുറത്തേന്തി ഇന്ത്യന്‍ സൈനികര്‍ മല കയറി. പാക് സൈനികരെ ആക്രമിച്ച് തുരത്തി. രണ്ട് മാസമാണ് യുദ്ധം നീണ്ടു നിന്നത്. ആ പോരാട്ടത്തിന് ശേഷം ഇന്ത്യ തന്‍റെ വിജയക്കൊടി പാറിച്ചു. 

അന്ന് ജീവന്‍ നഷ്ടപ്പെട്ടത് ഒന്നും രണ്ടും സൈനികര്‍ക്കല്ല. ഇന്ത്യയുടെ 527 ധീരസൈനികര്‍ക്ക്. അവരുടെ ഓര്‍മ്മകള്‍ കൂടിയാണ് ജൂലൈ 26. ടൈഗർ ഹിൽ തിരികെ പിടിക്കാനുള്ള പോരാട്ടത്തിൽ വെടിയേറ്റ് വീണ മലയാളിയായ ക്യപ്റ്റൻ ജെറി പ്രേംരാജ്, ക്യാപ്റ്റൻ വിക്രം, ബെറ്റാലിക് സെക്ടറിൽ ശത്രുവിനെ വിറപ്പിച്ച ഗൂർഖകളുടെ ധീരനേതാവായിരുന്ന മനോജ് കുമാർ പാണ്ഡെ, രജ്പുത്താൻ റൈഫിൾസിന്റെ ക്യാപ്റ്റൻ വിജയന്ത് ധാപ്പർ, ജെഎകെ റൈഫിൾസിന്റെ ക്യാപ്റ്റൻ വിക്രം ഭദ്ര, നുഴഞ്ഞു കയറ്റം അന്വേഷിക്കാൻ പോയി ശത്രുവിന്റെ കയ്യിൽ അകപ്പെട്ട് ഒടുവില്‍ കൊടുംയാതനകൾ സഹിച്ച് മരിക്കേണ്ടി വന്ന ക്യാപ്റ്റൻ സൗരവ് കാലിയ തുടങ്ങി അനേകം അനേകം സൈനികരുടെ ഓര്‍മ്മ. 

ഇന്ന് ജൂലൈ 26. കാര്‍ഗില്‍ വിജയത്തിന്‍റെ ഓര്‍മ്മ ദിനം. ഒപ്പം ഈ ധീരസൈനികര്‍ക്ക് പ്രണാമം അറിയിക്കാനുള്ള ദിനവും. 

click me!