ചില്ലറയില്ലെങ്കിൽ ഇപ്പോ ഇറങ്ങിക്കോണം, സാക്ഷാൽ ​ഗതാ​ഗത മന്ത്രിയെ ബസ്സിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ!

Published : Jul 12, 2026, 01:29 PM IST
karnataka transport minister byrathi suresh

Synopsis

മാസ്ക് വച്ച് സര്‍പ്രൈസ് പരിശോധനക്കിറങ്ങി. ആളറിഞ്ഞില്ല, ചില്ലറയില്ലാത്തതിന്‍റെ പേരില്‍ സാക്ഷാല്‍ ഗതാഗത മന്ത്രിയെ തന്നെ ബസില്‍ നിന്നും ഇറക്കിവിട്ട് കണ്ടക്ടര്‍!

ചില്ലറയില്ലാത്തതിന്റെ പേരിൽ സാക്ഷാൽ ​ഗതാ​ഗത മന്ത്രിയെ തന്നെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ. സംഭവം നടന്നത് ബെം​ഗളൂരുവിലാണ്. നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ദുരിതങ്ങൾ നേരിട്ടറിയാൻ വേണ്ടിയാണ് ശനിയാഴ്ച രാത്രി ​കർണാടക ഗതാഗത മന്ത്രിയായ ബൈരതി സുരേഷ് സർപ്രൈസ് പരിശോധനയ്ക്കിറങ്ങിയത്. എന്നാൽ, ചില്ലറ ഇല്ല എന്നും പറഞ്ഞ് ബി.എം.ടി.സി ബസ് കണ്ടക്ടർ മന്ത്രിയെ ബസ്സിൽ നിന്നും ഇറക്കിവിടുകയായിരുന്നു.

ഒരു സാധാരണക്കാരനെ പോലെയാണ് മന്ത്രി ബസിൽ കയറിയത്. പോരാത്തതിന് മാസ്കും വച്ചിട്ടുണ്ടായിരുന്നു. ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസ്സിലാണ് മന്ത്രി കയറിയത്. രണ്ട് ടിക്കറ്റുകൾക്കായി മന്ത്രി കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് നൽകി. എന്നാൽ, കണ്ടക്ടർ ചില്ലറ വേണമെന്ന് പറയുകയായിരുന്നു. തന്റെ കയ്യിൽ ചില്ലറയില്ലെന്ന് മന്ത്രി പറഞ്ഞപ്പോൾ, തന്റെ ബാഗ് കാണിച്ച കണ്ടക്ടർ തന്റെ പക്കലും ചില്ലറയില്ലെന്നും, കൃത്യം തുക തരാൻ കഴിയില്ലെങ്കിൽ ബസ്സിൽ നിന്നും ഇറങ്ങിപ്പോകാനും മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.

മാസ്ക് ധരിച്ചിരുന്നതിനാൽ യാത്രക്കാരൻ ഗതാഗത മന്ത്രിയാണെന്ന് കണ്ടക്ടർക്ക് മനസ്സിലായില്ല. കണ്ടക്ടറോട് തർക്കിക്കാൻ നിൽക്കാതെ മന്ത്രി ബസ്സിൽ നിന്നും ഇറങ്ങുകയും ചെയ്തു. ശനിയാഴ്ച രാത്രി 7.10 -നും 9.10 -നും ഇടയിൽ ജയമഹൽ, ടിവി ടവർ, ആർ.ടി നഗർ, സിബിഐ റോഡ്, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ തുടങ്ങി വിവിധ റൂട്ടുകളിലാണ് മന്ത്രി മാസ്ക് ധരിച്ച് സർപ്രൈസ് പരിശോധന നടത്തിയത്.

ബസ്സിൽ നിന്നും ഇറങ്ങിയ ശേഷം നാഗഷെട്ടിഹള്ളിയിൽ നിന്ന് മന്ത്രി ഒരു ഓട്ടോറിക്ഷയിലും യാത്ര ചെയ്തു. യാത്രയ്ക്ക് ശേഷം മീറ്ററിൽ 30 രൂപയാണ് കാണിച്ചതെങ്കിലും ഓട്ടോ ഡ്രൈവർ ആവശ്യപ്പെട്ടത് 36 രൂപയാണ്. എന്തുകൊണ്ടാണ് കൂടുതൽ തുക ചോദിക്കുന്നതെന്ന് മന്ത്രി ചോദിച്ചപ്പോൾ, മീറ്റർ പുതുക്കണമെന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഒടുവിൽ ഡ്രൈവർക്ക് 40 രൂപയും നൽകിയാണ് മന്ത്രി ഓട്ടോയിൽ നിന്നും ഇറങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

വിശ്വസിക്കാനാകുമോ? ഒറ്റ അടുക്കള, 6 തലമുറ, 83 അംഗങ്ങൾ ഒരുമിച്ച് താമസം, അത്ഭുതമായി നാ​ഗപ്പ കുടുംബം
153 കോടി ലോട്ടറിയടിച്ച ടിക്കറ്റ് കടയിലെ ചവറ്റുകൊട്ടയിലെറിഞ്ഞു; പിന്നീട് സംഭവിച്ചത്