
ഭാഗ്യം തുണച്ചിട്ടും നിർഭാഗ്യത്തിന്റെ നിഴലിൽ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ് സൗത്ത് വെയ്‌ൽസ് സ്വദേശിനിയായ കാത്ത് മെയ്ൻ എന്ന 46 -കാരി. ലോട്ടറി അടിച്ച 12 മില്യൺ പൗണ്ട് (ഏകദേശം 153.65 കോടി രൂപ) തനിക്ക് ലഭിക്കുമോ എന്നറിയാനുള്ള കടുത്ത അനിശ്ചിതത്വത്തിലാണ് ഇവർ. സമ്മാനാർഹമായ ടിക്കറ്റ് പരിശോധിച്ച കടയുടമ അത് അബദ്ധത്തിൽ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. റൊണ്ട സൈനൺ ടാഫിലെ അബെർസിനൺ സ്വദേശിയായ കാത്ത് കഴിഞ്ഞ 20 വർഷമായി ഒരേ ആറ് നമ്പറുകളിലാണ് ലോട്ടറി എടുത്തുപോന്നത്. സാധാരണയായി ഇവരുടെ അമ്മയാണ് ഇവർക്കായി ടിക്കറ്റ് വാങ്ങാറുള്ളത്. ജൂൺ 6 -ന് നടന്ന നാഷണൽ ലോട്ടറി നറുക്കെടുപ്പിലെ വൻ തുകയുടെ ജാക്‌പോട്ട് ഇതുവരെയും ആരും കൈപ്പറ്റിയിട്ടില്ലെന്ന വാർത്തകൾ മാധ്യമങ്ങളിൽ കണ്ടപ്പോഴാണ്, ഭാഗ്യശാലി താനാണെന്ന് കാത്ത് തിരിച്ചറിഞ്ഞത്.
സംഭവത്തെക്കുറിച്ച് കാത്ത് പറയുന്നതിങ്ങനെ: "ആരും കൈപ്പറ്റാത്ത ലോട്ടറി ടിക്കറ്റിനെക്കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഞാൻ നമ്പറുകൾ ഒത്തുനോക്കി. അത് എന്റേതാണെന്ന് മനസ്സിലായതോടെ ഉടൻ തന്നെ അമ്മയെ വിളിച്ച് ലോട്ടറി എടുത്തിരുന്നോ എന്ന് ചോദിച്ചു. എടുത്തിരുന്നു എന്നായിരുന്നു അമ്മയുടെ മറുപടി."
"നമുക്ക് ലോട്ടറി അടിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ, താൻ കടയിൽ കൊണ്ടുപോയി പരിശോധിച്ചതാണെന്നും സമ്മാനമൊന്നുമില്ലെന്നാണ് കടക്കാരൻ പറഞ്ഞതെന്നുമാണ് അമ്മ വ്യക്തമാക്കിയത്. എന്നാൽ 12 മില്യൺ പൗണ്ടിന്റെ (153 കോടിയിലധികം രൂപ) ഒന്നാം സമ്മാനം നമുക്കാണെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞതോടെ അമ്മ ഞെട്ടിപ്പോയി. ആ ടിക്കറ്റ് കടയിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചെന്നായിരുന്നു അമ്മയുടെ മറുപടി."
ടിക്കറ്റ് സ്‌കാൻ ചെയ്തപ്പോൾ മെഷീൻ സാധാരണയായി ഉണ്ടാക്കുന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നില്ലെന്നും, സ്‌ക്രീനിൽ ഒന്നും തെളിഞ്ഞില്ലെന്ന് കടയുടമ പറഞ്ഞതായും അമ്മ വ്യക്തമാക്കുന്നു. ഇതോടെയാണ് ടിക്കറ്റ് കളയാൻ അമ്മ സമ്മതിച്ചത്. എന്നാൽ ഇരുവരും അബദ്ധം തിരിച്ചറിഞ്ഞ് കടയിൽ തിരിച്ചെത്തിയപ്പോഴേക്കും മാലിന്യം ശേഖരിക്കുന്ന വണ്ടി വന്ന് ചവറ്റുകൊട്ടയിലെ അവശിഷ്ടങ്ങൾ കൊണ്ടുപോയിരുന്നു.
ലോട്ടറി ടിക്കറ്റ് സ്‌കാൻ ചെയ്യാൻ ഉപയോഗിച്ച മെഷീന് സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ലോണ്ടിസ് കടയുടമയായ കരൺ കുമാർ പ്രതികരിച്ചു. കാത്ത് തന്നെയാണ് വിജയിയെന്ന് തെളിഞ്ഞാൽ അത് അതിശയകരമായ കാര്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നാഷണൽ ലോട്ടറി ഓപ്പറേറ്ററായ 'ആൽവിൻ' ഈ അവകാശവാദത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് നഷ്ടപ്പെടുകയോ, മോഷ്ടിക്കപ്പെടുകയോ, നശിച്ചുപോവുകയോ ചെയ്താൽ പോലും കൃത്യമായ തെളിവുകളുണ്ടെങ്കിൽ തുക അവകാശപ്പെടാൻ നാഷണൽ ലോട്ടറി നിയമങ്ങളിൽ പ്രത്യേക വ്യവസ്ഥയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിയുടെ അന്തിമ തീരുമാനത്തിനായി ഇനി കാത്തിന് 30 ദിവസത്തോളം കാത്തിരിക്കേണ്ടി വരും.