
വിചിത്രമായ ഒരാവശ്യവുമായാണ് കശ്മീരിലെ ആ പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയത്. തങ്ങള്‍ പഠിക്കുന്ന സ്‌കൂളിന് എന്തോ കുഴപ്പമുണ്ട് എന്നായിരുന്നു ആ കുട്ടികള്‍ വിളിച്ചു പറഞ്ഞത്. സ്‌കൂളില്‍ പ്രേതബാധയാണ് എന്നായിരുന്നു അവരുടെ ആരോപണം. അതിനുദാഹരണമായി അനേകം അനുഭവങ്ങള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു. സ്‌കൂള്‍ മറ്റെവിടേക്കെങ്കിലും മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു അനേകം പെണ്‍കുട്ടികള്‍ പ്രകടനം നടത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുണ്ടായി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി. പുതിയ കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ തല്‍ക്കാലം സ്‌കൂളില്‍ വരേണ്ടെന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയാല്‍ മതിയെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുകയും ചെയ്തു.
ഒരു കുട്ടിയല്ല, അനേകം കുട്ടികളാണ് സമാനമായ അനുഭവങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് പങ്കുവെച്ചതെന്ന് കശ്മീരിലെ പ്രമുഖ പത്രമായ ഡെയിലി എക്‌സല്‍സിയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലാസ് മുറികളില്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നതായിരുന്നു കുട്ടികള്‍ പറഞ്ഞ ഒരു കാര്യം. ചിലരൊക്കെ ദുരൂഹമായ രൂപങ്ങളെ സ്‌കൂളിലെ പലയിടങ്ങളിലും കണ്ടുവെന്ന് പറഞ്ഞു. മറ്റു ചില പെണ്‍കുട്ടികള്‍ പറഞ്ഞത് ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ആരോ തള്ളിയിട്ടതുപോലെ തങ്ങള്‍ നിലത്തു വീണു എന്നായിരുന്നു. പലര്‍ക്കും വിചിത്രമായ സാഹചര്യത്തില്‍, അപകടങ്ങളുണ്ടായി. സ്‌കൂളിലേക്ക് വരാന്‍ തന്നെ തങ്ങള്‍ക്ക് ഭയമാണ് എന്നായിരുന്നു ഈ കുട്ടികളെല്ലാം പറഞ്ഞത്.
കുറേ കാലമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായാണ് കുട്ടികള്‍ പറയുന്നത്. ഇക്കാര്യം അധ്യാപകരോടും പറഞ്ഞിരുന്നുവെന്നും എന്നാല്‍, നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും അവര്‍ പറയുന്നു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്നാണ് തങ്ങള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നും കുട്ടികള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വടക്കന്‍ കശ്മീരിലെ സോപോറിലുള്ള ആരംപോറ ഗവ. ഹൈസ്‌കൂളിലാണ് കുട്ടികളുടെ പ്രതിഷേധം നടന്നത്. ഈ സ്‌കൂളില്‍ പ്രേതബാധയുണ്ടെന്നാണ് കുട്ടികള്‍ പറയുന്നത്. ഇവിടെനിന്നും അടിയന്തിരമായി സ്‌കൂള്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്നും അവര്‍ പറയുന്നു. പല കുട്ടികള്‍ക്കും ഇടയ്ക്കിടെ അസുഖങ്ങളുണ്ടാവുന്നുവെന്നും നടക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ നിലത്ത് വീഴുന്നത് പതിവാണെന്നും അവര്‍ പറയുന്നു. ''ഇടയ്ക്കിടെ നിലത്തുവീഴുന്നത് പതിവാണ്. ഒരു കാരണവുമില്ലാതെയാണ് ഈ വീഴ്ച. സ്‌കൂളില്‍ വരാന്‍ തന്നെ ഞങ്ങള്‍ക്ക് ഭയമാണ്.''-ഒരു കുട്ടി പറഞ്ഞു.
പ്രശ്‌നത്തിന് പരിഹാരം തേടി കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് പുറത്തേക്കിറങ്ങിയത്. സ്‌കൂള്‍ ഗ്രൗണ്ടിനു പുറത്തിറങ്ങിയ കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ മാറ്റിയേ തീരൂ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂള്‍ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. പല തവണ പരാതിപ്പെട്ടിട്ടും വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും എടുത്തില്ലെന്നും രക്ഷിതാക്കളും കുട്ടികളും പറയുന്നു. ''സ്‌കൂള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുക തന്നെ വേണം. നിരവധി പെണ്‍കുട്ടികളാണ് സ്‌കൂളിലേക്ക് വരാനുള്ള ഭയം കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. ഞങ്ങളുടെ പഠിത്തത്തെ തന്നെ ഇത് ബാധിച്ചിട്ടുണ്ട്.''-മറ്റൊരു കുട്ടി പറയുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് മേഖലാ വിദ്യാഭ്യാസ ഓഫീസര്‍ അബ്ദുല്‍ സലാം സ്‌കൂളില്‍ പരിശോധന നടത്തി. അദ്ദേഹത്തോട് കുട്ടികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ വിശദമായി തന്നെ പറഞ്ഞു. സ്‌കൂള്‍ ഇപ്പോള്‍ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിദ്യാഭ്യാസ ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ ഇരുട്ടുള്ള കുടുസ്സു മുറികളാണുള്ളത്. ആവശ്യത്തിന് ക്ലാസ് മുറികളും ഇവിടെയില്ല. കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കെട്ടിട ഉടമയോട് പല വട്ടം ആവശ്യപ്പെട്ടിരുന്നു. ദുബൈയില്‍ ജീവിക്കുന്ന കെട്ടിട ഉടമ നോട്ടീസുകള്‍ക്കൊന്നിനും കൃത്യമായ മറുപടികള്‍ തന്നിട്ടില്ല. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി മറ്റൊരു വാടക കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. അതു വരെ കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇരുന്നാല്‍ മതിയെന്നും സ്‌കൂളിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.