
മുത്തശ്ശനും മുത്തശ്ശിക്കും എപ്പോഴും കൊച്ചുമക്കളോട് വലിയ സ്നേഹവും അടുപ്പവും ആയിരിക്കും. തങ്ങൾക്ക് വിലപ്പെട്ടതും പ്രിയപ്പെട്ടതുമായ പലതും അവർ മിക്കവാറും നൽകുന്നത് തങ്ങളുടെ കൊച്ചുമക്കൾക്കായിരിക്കും. അതുപോലെ, ചിക്കാഗോയിൽ നന്നുള്ള കാറ്റി ക്ലിൻഫെൽറ്റർ ബ്രൂഡറിനും കിട്ടി ഒരു വിലപ്പെട്ട സമ്മാനം. അവളുടെ മുത്തശ്ശിയുടെ വിവാഹ വസ്ത്രമായിരുന്നു അത്.
എന്നാൽ, ആ വസ്ത്രം നശിപ്പിച്ചു എന്നാരോപിച്ച് വലിയ വിമർശനമാണ് കാറ്റിക്ക് കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലൂടെ നേരിടേണ്ടി വരുന്നത്.
1948 -ലായിരുന്നു കാറ്റിയുടെ മുത്തശ്ശിയുടെ വിവാഹം. അന്ന് ആ ഗൗണാണ് മുത്തശ്ശി ധരിച്ചത്. പിന്നീട്, അവളുടെ രണ്ട് ആന്റിമാരും അവരുടെ വിവാഹത്തിന് ഇതേ ഗൗണാണ് ധരിച്ചത്. 1988 -ലാണ് അവസാനമായി ആ ഗൗൺ ധരിച്ചത്. കാറ്റിക്കും മുത്തശ്ശിയുടെ ഗൗൺ ധരിക്കാൻ തന്നെയായിരുന്നു മോഹം. പക്ഷേ, കാറ്റി ആ വസ്ത്രത്തെ ഒന്ന് പുതുക്കി പണിതു. എന്നാൽ, മുത്തശ്ശിയുടെ ഗൗൺ വെട്ടിമുറിച്ചുവെന്നും നശിപ്പിച്ചു എന്നും പറഞ്ഞ് ഒരുപാടാളുകളാണ് അവളെ വിമർശിച്ചത്.
2023 മെയ് മാസത്തിൽ തന്റെ വിവാഹനിശ്ചയം കഴിഞ്ഞപ്പോഴാണ് ആന്റി തനിക്ക് ഈ ഗൗൺ നൽകാമെന്ന് പറഞ്ഞതെന്നും കാറ്റി പറയുന്നു. തനിക്ക് വിന്റേജ് വസ്ത്രങ്ങൾ ഇഷ്ടമാണ് എന്ന് മാത്രമല്ല, പാരമ്പര്യമായി ലഭിക്കുന്നതിനെ താൻ വിലമതിക്കുകയും ചെയ്യുന്നു. തന്റെ റിഹേഴ്സൽ ഡിന്നറിന് ഇങ്ങനെയൊരു വസ്ത്രം ധരിക്കാനായത് തന്റെ ഭാഗ്യമായി കരുതുന്നു എന്നും അവൾ പറഞ്ഞു.
അതിമനോഹരമായി മാറ്റിയെടുത്ത ഗൗണിലുള്ള വീഡിയോയും അവൾ പങ്കുവച്ചു. എന്നാൽ, നിരവധിപ്പേർ അതിനെ വിമർശിച്ചു. അതേസമയം തന്നെ ഒരുപാടുപേർ ഈ വസ്ത്രം കൊള്ളാമെന്നും അലമാരയിൽ സൂക്ഷിക്കുന്നതിന് പകരം അതിനിങ്ങനെ ഒരു രൂപം നൽകി ധരിച്ചത് നന്നായി എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.