
വിവാഹത്തിനായി കുടുംബത്തിൽ നിന്നുണ്ടാകുന്ന നിരന്തരമായ സമ്മർദ്ദങ്ങളിൽ പ്രതിഷേധിച്ച് യുവതി തല മൊട്ടയടിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ വിശദീകരണവുമായി യുവതി തന്നെ രംഗത്ത്. വീഡിയോയിലൂടെ ഇൻ്റർനെറ്റിൽ തരംഗമായി മാറിയ കീർത്തന മേനോൻ എന്ന യുവതി തന്നെയാണ് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തൻ്റെ തീരുമാനത്തിന് പിന്നിൽ വിവാഹാലോചനകളോ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദങ്ങളോ ഇല്ലെന്ന് കീർത്തന വ്യക്തമാക്കി.
ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട ഇൻസ്റ്റാഗ്രാം വീഡിയോയിൽ, കീർത്തനയുടെ നീളമുള്ള മുടി ഒരാൾ വടിക്കുന്നതായാണ് കാണിക്കുന്നത്. 'എന്റെ അമ്മ എന്റെ കല്യാണം പ്ലാൻ ചെയ്തു' (POV: My mom planned my marriage) എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇതാണ്, വീട്ടുകാർ നിർബന്ധിച്ച് നടത്തുന്ന വിവാഹ ആലോചനകളിൽ നിന്ന് രക്ഷപ്പെടാനാണ് അവർ തല മൊട്ടയടിച്ചതെന്ന് കാഴ്ചക്കാർ ചിന്തിക്കാൻ കാരണമായത്. പലരും ഈ പ്രവർത്തിയെ പ്രകീർത്തിച്ചതോടെ വീഡിയോ വലിയ രീതിയിലുള്ള ഓൺലൈൻ ചർച്ചകൾക്ക് വഴിതുറന്നു.
എൻഡിടിവിക്ക് നൽകിയ പ്രസ്താവനയിലാണ് സോഷ്യൽ മീഡിയയിലെ തെറ്റായ നിഗമനങ്ങളെ അവർ തള്ളിക്കളഞ്ഞത്. വീഡിയോയിലെ അടിക്കുറിപ്പാണ് ആളുകളെ ഇങ്ങനെയൊരു തെറ്റായ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് അവർ പറഞ്ഞു. തല മൊട്ടയടിക്കുക എന്നത് പെട്ടെന്നുണ്ടായ വ്യക്തിപരമായ ഒരു ആഗ്രഹം മാത്രമായിരുന്നുവെന്ന് കീർത്തന വിശദീകരിച്ചു. സ്ത്രീകൾ തല മുണ്ഡനം ചെയ്യുന്നത് ആളുകൾ ഒരു സാധാരണ കാര്യമായി കാണണമെന്നും, ഇതൊരു പെൺകുട്ടി ചെയ്തതുകൊണ്ടാണ് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതെന്നും കീർത്തന പറയുന്നു. 'ഒരു ദിവസം രാവിലെ എനിക്ക് പെട്ടെന്ന് തല മൊട്ടയടിക്കണമെന്ന് തോന്നി, ഞാൻ അമ്മയോട് പറഞ്ഞു, ഞങ്ങൾ ഒരുമിച്ച് അടുത്തുള്ള ക്ഷേത്രത്തിൽ പോയി അത് ചെയ്തു' കീർത്തന വ്യക്തമാക്കി.
കീർത്തനയുടെ വീഡിയോയുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകൾ, മുൻപ് ഇൻസ്റ്റാഗ്രാം യൂസറായ @kajals_move_ പങ്കുവെച്ച മറ്റൊരു വീഡിയോയിലേക്ക് വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിച്ചുവിട്ടിട്ടുണ്ട്. വിവാഹം കഴിക്കാൻ കുടുംബത്തിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്ന് യഥാർത്ഥത്തിൽ തല മൊട്ടയടിച്ച വ്യക്തിയാണ് കാജൽ. സ്വന്തം മുടിയെ ഏറെ സ്നേഹിച്ചിരുന്നെങ്കിലും, കുടുംബത്തിന്റെ അടിച്ചേൽപ്പിക്കലുകളെ ചെറുക്കാൻ തനിക്ക് മറ്റ് വഴികളൊന്നുമില്ലായിരുന്നുവെന്ന് അവർ അന്ന് വിശദീകരിച്ചിരുന്നു.