
ഡോക്ടറാവണമെന്നത് ഗണേഷ് ബരയ്യയുടെ കുട്ടിക്കാലത്തെയുള്ള ആഗ്രഹമായിരുന്നു. ആഗ്രഹം വളർന്നെങ്കിലും അദ്ദേഹത്തിന്‍റെ ശരീരം വളർന്നില്ല. പ്രായപൂർത്തിയായപ്പോഴേക്കും മൂന്നടി ഉയരവും 20 കിലോഗ്രാം ഭാരവും മാത്രമാണ് ഗുജറാത്തി സ്വദേശിയായ ഗണേഷ് ബരയ്യയ്ക്ക് ഉണ്ടായിരുന്നത്. ശാരീരിക വളര്‍ച്ച എത്താത്തതിനാല്‍ അദ്ദേഹത്തിന് 72 ശതമാനം ചലന വൈകല്യവുമുണ്ട്. ഇത് ഡോക്ടറാകണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് തടസമായി. ഒടുവില്‍ നീണ്ട നിയമപോരാട്ടങ്ങൾക്ക് പിന്നാലെ തന്‍റെ ആഗ്രഹം സാധിച്ച് അദ്ദേഹം ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ചു.
2018-ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അദ്ദേഹത്തിന് എംബിബിഎസ് കോഴ്‌സിന് പ്രവേശനം നിഷേധിച്ചതോടെയാണ് ഗണേഷിന്‍റെ നിയമ പോരാട്ടം ആരംഭിച്ചത്. പക്ഷേ കർഷകരായിരുന്ന ഗണേഷിന്‍റെ കുടുംബത്തിന് കേസ് നടത്താനുള്ള സാമ്പത്തികമില്ലായിരുന്നു. പിന്നാലെ സ്കൂൾ പ്രിൻസിപ്പൽ ഡോ. ദൽപത്ഭായ് കതാരിയയുടെ സഹായത്തോടെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
പക്ഷേ, ഹൈക്കോടതി എംസിഐയുടെ തീരുമാനം ശരിവച്ചു, എന്നാൽ അദ്ദേഹം പിന്മാറിയില്ല. സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഉയരത്തിന്‍റെ അടിസ്ഥാനത്തിൽ ഗണേഷിന് പ്രവേശനം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു, ഇത് അദ്ദേഹത്തിന് മെഡിസിൻ പഠിക്കാനുള്ള വഴിയൊരുക്കി. 2019 -ൽ അദ്ദേഹം ഭാവ്നഗർ മെഡിക്കൽ കോളേജിൽ ചേർന്നു, ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കി. ഇന്ന് അദ്ദേഹം ഡോ.ഗണേഷ് ബരയ്യയാണ്.
പഠന കാലം അല്പം ബുദ്ധിമുട്ടുള്ളതായിരുന്നു. അനാട്ടമി ക്ലാസുകളിൽ മുന്നിലെ സീറ്റുകൾ റിസർവ് ചെയ്തും ശസ്ത്രക്രിയാ പരിശീലന സമയത്ത് ശസ്ത്രക്രിയാ ടേബിൾ കാണാൻ സഹപാഠികളും പ്രൊഫസർമാരും തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഗണേഷ് പറയുന്നു. ഇന്ന് തന്നെ കാണാനെത്തുന്ന രോഗികൾ തന്‍റെ രൂപം കണ്ട് ആദ്യം അമ്പരക്കുന്നു. പിന്നെ സംസാരിച്ച് കഴിയുമ്പോൾ അവർ തന്നില്‍ വലിയ വിശ്വാസം കാണിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേഷിന്‍റെ അച്ഛനമ്മമാര്‍ കർഷകരാണ്, ഏഴ് സഹോദരിമാരും ഒരു ഇളയ സഹോദരനുമുൾപ്പെടെ ഒമ്പത് കുട്ടികൾ. ഇന്നും നല്ലൊരു വീട് ഗണേഷിന് സ്വന്തമായില്ല. "എന്‍റെ കുടുംബം ഇപ്പോഴും ഒരു കച്ച വീട്ടിലാണ് താമസിക്കുന്നത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഇഷ്ടിക വീട് പണിയുക എന്നതാണ് എന്‍റെ ഏറ്റവും വലിയ സ്വപ്നം," ഗണേഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. "പലപ്പോഴും പണമില്ലാതെ വന്നതിനാൽ വീടു പണി പലതവണ നിർത്തിവച്ചിട്ടുണ്ട്. ഇപ്പോൾ എന്‍റെ ശമ്പളം ഉപയോഗിച്ച് എനിക്ക് അത് പൂർത്തിയാക്കാൻ കഴിയും." ആത്മവിശ്വാസത്തോടെ ഗണേഷ് പറയുന്നു. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ഡോക്ടർ എന്ന പദവിക്കും 25 -കാരനായ ഡോക്ടറെ പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.