
ഇന്ന് അധ്യാപകദിനമാണ്. പാഠപുസ്തകങ്ങളിൽ പറയുന്ന കാര്യങ്ങൾ മാത്രം പഠിപ്പിച്ച് വിദ്യാർത്ഥികളെ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുക എന്നതിലും ഉപരിയായി അവരുടെ ജീവിതത്തിൽ എല്ലാതരത്തിലും സ്വാധീനം ചെലുത്താൻ സാധിക്കുന്നവരാവണം അധ്യാപകർ എന്ന് പറയാറുണ്ട്. അതുപോലെ, ഒരു അധ്യാപികയാണ് ബിഹാറിലെ ബാംകായിൽ നിന്നുള്ള ഖുശ്ബൂ കുമാരി. നേരത്തെ തന്നെ പഠിപ്പിക്കുന്ന രീതി കൊണ്ട് സോഷ്യൽ മീഡിയിലൂടെ വലിയ ശ്രദ്ധ നേടിയ ആളാണ് ഖുശ്ബൂ കുമാരി.
സാധാരണ പാഠപുസ്തകങ്ങൾക്കും അപ്പുറം മനുഷ്യരുടെ ജീവിതത്തിൽ കുട്ടിക്കാലം തൊട്ടേ ആവശ്യമുള്ള ചില കാര്യങ്ങളെ കുറിച്ച് കൂടി ഖുശ്ബു ടീച്ചർ പഠിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ, ഏറ്റവുമധികം ആളുകളുടെ ജീവിതത്തിൽ വലിയ മുറിവായി മാറുന്നത് കുട്ടിക്കാലത്തെ ചില മുറിവുകളാണ്. അതിനാൽ, കുട്ടികളെ നാം ഏറ്റവും കരുതലോടെ വേണം നോക്കാൻ എന്ന് പറയാറുണ്ട്. അതുതന്നെയാണ് ഈ അധ്യാപികയും ചെയ്യുന്നത്. അവർ കുട്ടികൾക്ക് നല്ല സ്പർശത്തെ കുറിച്ചും ചീത്ത സ്പർശത്തെ (good and bad touch) കുറിച്ചുമാണ് പറഞ്ഞു കൊടുക്കുന്നത്.
അതും തമാശകളിലൂടെയും കളിചിരികളിലൂടെയും റോൾ പ്ലേകളിലൂടെയും ഒക്കെയാണ് ഖുശ്ബൂ കുട്ടികൾക്ക് ഈ അറിവിന്റെ പാഠം പകർന്നു നൽകുന്നത്. ആരെങ്കിലും മോശമായി സ്പർശിച്ചാൽ അത് ആരാണെങ്കിലും നോ പറയണമെന്നും മറ്റുള്ളവരോട് അതേക്കുറിച്ച് തുറന്ന് സംസാരിക്കണമെന്നും അവൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു.
കുട്ടിക്കാലത്ത് തനിക്കും അത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട്. തന്റെ വീടിനടുത്ത് ഒരു കുട്ടിക്ക് നേരെ അതിക്രമം ഉണ്ടാവുകയും അവൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട് എന്ന് ഖുശ്ബൂ പറയുന്നു. ഇനിയൊരാൾക്കും അങ്ങനെയുണ്ടാവരുത് എന്ന ആഗ്രഹത്തോടെയാണ് ഖുശ്ബൂ ഓൺലൈനിൽ ഗുഡ് ടച്ചിനേയും ബാഡ് ടച്ചിനേയും കുറിച്ചുള്ള പാഠങ്ങൾ പറഞ്ഞുകൊടുത്തു തുടങ്ങിയത്. അതിൽ പല വീഡിയോകളും വൈറലാണ്.
എന്തായാലും, കുട്ടികൾ വളരെ ആവേശത്തോടെയാണ് കുശ്ബൂവിന്റെ ക്ലാസുകളിൽ പങ്കെടുക്കുന്നത്. ഇങ്ങനെയായിരിക്കണം ഒരു അധ്യാപിക എന്നാണ് ഖുശ്ബൂവിനെ കുറിച്ച് ആളുകൾ പറയുന്നത്.